Top News

പെണ്‍കുട്ടികളിലും ലഹരി ഉപയോഗം കുടുന്നു; ലഹരിയുടെ കെണിയില്‍ വീണ കുട്ടികളെ രക്ഷിതാക്കള്‍ ചികിത്സ നല്‍കാതെ മൂടിവെക്കുന്നത് ആപത്ത്: ജയില്‍ സൂപ്രണ്ട്

ഉദുമ: ലഹരിയുടെ കെണിയില്‍ വീണ കുട്ടികളെ രക്ഷിതാക്കള്‍ മതിയായ ചികിത്സ നല്‍കാതെ മൂടിവെക്കുന്നത് ആപത്താണെന്നും അവര്‍ക്ക് അത് തുടരാന്‍ ഇടയാക്കുമെന്നും കാസര്‍കോട് ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു പറഞ്ഞു. ഉദുമ പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു ജില്ലാ ജയില്‍ സുപ്രണ്ട്.[www.malabarflash.com]

ലഹരിയുടെ ഉപയോഗം കുട്ടികളിലാണ് ക്രമാതീതമായി കൂടി വരുന്നതെന്നും കഞ്ചാവ് മുതല്‍ രാസ ലഹരികള്‍ വരെ ഉപയോഗിക്കുന്നതായും പെണ്‍കുട്ടികള്‍ ലഹരിയുടെ കെണിയില്‍ അറിഞ്ഞോ അറിയാതെയോ പെട്ടു പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

ലഹരിയുടെ പ്രത്യാഘാതത്തെ കുറിച്ച് പലരും ബോധവാന്‍മാരാകുന്നില്ലെന്നും സന്നദ്ധ സംഘടനകളും ക്ലബ്ബുകളും മറ്റ് കൂട്ടായ്മകളും സമാന ചിന്താഗതി ഉള്ളവരും സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ പൊരുതാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്ലബ് പ്രസിഡന്റ് സുഭാഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അശോകന്‍ ചക്കര, സന്തോഷ് കുമാര്‍ ബക്കാര്‍, രവീന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി രവി വി.വി സ്വാഗതവും കെ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post