Top News

'അഞ്ച് മണിക്ക് ശേഷം പരിസരത്ത് കണ്ടാല്‍ കൈകാര്യം ചെയ്യും'; മമ്പാട് എംഇഎസ് കോളേജിന് മുന്നില്‍ നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്സ്

മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് പരിസരത്ത് നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ളെക്‌സില്‍ എഴുതിയിരിക്കുന്നത്.[www.malabarflash.com]

വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിയുണ്ട്.

ഇത് സദാചാര ഗുണ്ടായിസമല്ലെന്ന് അവകാശപ്പെടുന്ന ഫ്‌ളെക്‌സില്‍, കുടുംബമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണിതെന്നും സൂചിപ്പിക്കുന്നു. കോളേജില്‍ നടക്കുന്ന പരിപാടികള്‍ കഴിഞ്ഞ് വൈകിയും വിദ്യാര്‍ത്ഥികള്‍ പ്രദേശത്ത് തുടരുന്നതും തമ്മില്‍ ഇടപഴകുന്നതും തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടാക്കുന്നതും ഇവര്‍ ലഹരി ഉപയോഗം നടത്തുന്നതും തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടായതിന് പിന്നാലെ പോലീസിനെ അറിയിച്ചെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന് ഫ്‌ളെക്‌സ് വെച്ചത് എന്നാണ് ഇവര്‍ അറിയിക്കുന്നത്.

ഫ്‌ളെക്‌സ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ അഞ്ച് മണിയെന്നത് ആറു മണിയാക്കി തിരുത്തിയിട്ടുണ്ട്. ഫ്‌ളെക്‌സിനെതിരെ വ്യാപകമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്.

ഫ്‌ളെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്:

എംഇഎസ് മമ്പാട് കോളേജ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് ഈ പരിസരത്ത് കോളേജ് സമയം കഴിഞ്ഞതിന് ശേഷവും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്പടിക്കുകയും ലഹരി ഉപയോഗം നടത്തുന്നതായും, വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരസ്പരം അക്രമത്തില്‍ പെടുന്നതായും ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. കൂടാതെ അവരുടെ സദാചാര മര്യാദയില്ലാത്ത പെരുമാറ്റവും നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നു. ആയതിനാല്‍ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്തോ പ്രദേശത്തോ വിദ്യാര്‍ത്ഥികളെ കാണാനിട വന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏല്‍പിക്കുന്നതുമാണ്. ഇത് സദാചാര ഗുണ്ടായിസമല്ല. വളര്‍ന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്. പൗരസമിതി

Post a Comment

Previous Post Next Post