Top News

'ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാരെ വിലക്കുന്നത് ഭ്രാന്ത്, മുസ്‌ലിം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു'; സര്‍ക്കാരിനെതിരെ ബിജെപി നേതാവ്

ബംഗളൂരു: ക്ഷേത്രോത്സവങ്ങളില്‍ നിന്നും മുസ്ലീം കച്ചവടക്കാരെ വിലക്കണമെന്ന വലതുപക്ഷ സംഘടനകളുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും നിയമസഭാംഗവുമായ എഎച്ച് വിശ്വനാഥ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുന്നതിനിടെയാണ് പ്രതികരണവുമായി വിശ്വനാഥ് രംഗത്തെത്തിയത്. 
സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.[www.malabarflash.com]

'ഇതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പറയുന്നില്ല. എല്ലാം ഉള്‍ക്കൊള്ളുന്നതാവണം മതങ്ങള്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് അറിയില്ല. ', എ എച്ച് വിശ്വനാഥ് പറഞ്ഞു. ഇംഗ്ലണ്ടില്‍ എത്ര ഇന്ത്യക്കാരുണ്ട്? ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്? മുസ്ലീം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു? ഇവരെല്ലാം നമുക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍, ഇതെല്ലാം എവിടെ അവസാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.

വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ വലതുപക്ഷ ഗ്രൂപ്പുകളുടെ ആവശ്യത്തെത്തുടര്‍ന്ന് ഉഡുപ്പി, ശിവമോഗ ജില്ലകളിലെ ചില ക്ഷേത്രങ്ങള്‍ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയിരുന്നു. നിലവില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നിന്നും സമാന ആവശ്യവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, 2002-ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ ഫലമായാണ് നിലവിലെ പ്രതിസന്ധി ഉടലെടുത്തതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

'ഇന്ത്യ-പാകിസ്താന്‍ വിഭജനം നടന്നപ്പോള്‍ ഇവിടുത്തെ മുസ്ലീങ്ങള്‍ ഇന്ത്യ തെരഞ്ഞെടുത്തു. അവര്‍ ജിന്നയുടെ കൂടെ പോയിട്ടില്ല. ഇതിനെക്കുറിച്ച് നാം ചിന്തിക്കണം. ഇന്ത്യക്കാരാകാന്‍ അവര്‍ ഇവിടെ തുടര്‍ന്നു. അവര്‍ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ലെന്നും വിശ്വനാഥ് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് അവര്‍ മുസ്ലീം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത് വളരെ ഖേദകരമാണ്. സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന ഒബിസി നേതാവായ വിശ്വനാഥ് മുമ്പ് കോണ്‍ഗ്രസ്സിനൊപ്പവും ജനതാദളിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിയെയും ബി എസ് യദ്യൂരപ്പയെയും അധികാരത്തിലെത്തിക്കാനായി 2019ലാണ് അദ്ദേഹം ജെഡിഎസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയത്. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മന്ത്രി പദവി നിഷേധിക്കപ്പെട്ടെങ്കിലും പകരം കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു. 

സാഹിത്യകാരന്‍ കൂടിയായ വിശ്വനാഥ് കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുമായി തെറ്റിപ്പിരിഞ്ഞായിരുന്നു കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിയത്.

Post a Comment

Previous Post Next Post