NEWS UPDATE

6/recent/ticker-posts

ഒഡീഷയില്‍ പുതുചരിത്രമെഴുതി ഗുല്‍മാക്കി ദലാവാസി ഹബീബ്; തദ്ദേശ സ്ഥാപനത്തിന്റെ അദ്ധ്യക്ഷ പദവിയിലേക്കെത്തുന്ന ആദ്യ മുസ്‌ലിം സ്ത്രീ

ഭുവനേശ്വര്‍: ഒഡീഷയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതുകയാണ് ഗുല്‍മാക്കി ദലാവാസി ഹബീബ്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ഒരു തദ്ദേശ സ്ഥാപനത്തിന്റെ അദ്ധ്യക്ഷ പദവിയിലെത്തുന്ന മുസ്‌ലിം വനിത എന്ന നേട്ടമാണ് ഗുല്‍മാക്കി സ്വന്തമാക്കിയത്.[www.malabarflash.com]

ഭദ്രക്ക് മുനിസിപ്പാലിറ്റി അദ്ധ്യക്ഷ പദവിയിലേക്കാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഗുല്‍മാക്കി വിജയിച്ചു കയറിയത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെഡിയുടെ സമിത മിശ്രയെ പരാജയപ്പെടുത്തിയാണ് ഗുല്‍മാക്കി ജയിച്ചത്.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദധാരിയായ ഗുല്‍മാക്കി ഇപ്പോള്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആയാണ് ജോലി ചെയ്യുന്നത്. ബിജെഡി ജില്ലാ ഉപാദ്ധ്യക്ഷന്‍ ഷെയ്ഖ് ജാഹിദ് ഹബീബിന്റെ ഭാര്യയാണ്. നഗരത്തിലെ പുരാന ബസാര്‍ സ്വദേശിയാണ് 31കാരിയായ ഗുല്‍മാക്കി. 

മുനിസിപ്പാലിറ്റിയുടെ പകുതിയോളം ഉള്‍ക്കൊള്ളുന്നത് ഈ പ്രദേശത്താണ്. ഈ പ്രദേശത്ത് നിന്നൊരാള്‍ അദ്ധ്യക്ഷയാവണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യത്തെ ബിജെഡി പരിഗണിക്കാത്തതിനാലാണ് സ്വതന്ത്രയായി ഗുല്‍മാക്കി രംഗത്തിറങ്ങിയത്. 

മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ മനുഷ്യരുടെയും വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും. താഴെ തട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഗുല്‍മാക്കി പറഞ്ഞു.

Post a Comment

0 Comments