NEWS UPDATE

6/recent/ticker-posts

വ്യാജ സ്വര്‍ണം വിറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച 12 അംഗ സംഘം ഷാര്‍ജയില്‍ പിടിയിൽ

ഷാര്‍ജ: വ്യാജ സ്വര്‍ണം വിറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച 12 അംഗ സംഘം ഷാര്‍ജയില്‍ പിടിയിലായി. ഷാര്‍ജ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് പ്രവാസികളുടെ സംഘത്തെ വലയിലാക്കിയത്.[www.malabarflash.com]


കബളിപ്പിക്കപ്പെട്ട നിരവധി ഉപഭോക്താക്കളില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയതെന്ന് ഷാര്‍ജ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ ഉമര്‍ അഹ്‍മദ് അബു അല്‍സൌദ് പറഞ്ഞു. മാര്‍ക്കറ്റുകളില്‍ വെച്ചായിരുന്നു ഇവര്‍ ഉപഭോക്താക്കളെ കണ്ടുമുട്ടിയിരുന്നത്. ആദ്യമാദ്യം മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ വിലയ്‍ക്ക് വില്‍ക്കും. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം പിന്നീട് യഥാര്‍ത്ഥ സ്വര്‍ണം കാണിക്കും.

ആദ്യം കാണിക്കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി അംഗീകൃത ജ്വല്ലറികളില്‍ കൊണ്ടുപോയി പരിശോധിക്കാന്‍ ഇവര്‍ തന്നെ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ തൃപ്‍തരായാല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്‍ക്ക് കച്ചവടം ഉറപ്പിക്കും. എന്നാല്‍ പണം വാങ്ങിയ ശേഷം നല്‍കുന്ന സ്വര്‍ണം വ്യാജമായിരിക്കും. ഇത് പലപ്പോഴും പിന്നീട് എപ്പോഴെങ്കിലും ആയിരിക്കും ഉപഭോക്താക്കള്‍ തിരിച്ചറിയുക.

സംശയം തോന്നാതിരിക്കാന്‍ ഓരോ ഇടപാടുകളും നല്ല സമയ വ്യത്യാസത്തിലായിരിക്കും നടത്തുക. തട്ടിപ്പുകാരുടെ രീതി മനസിലാക്കിയ പോലീസ്, സംഘത്തെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തട്ടിപ്പിന് ഇരകളെ കണ്ടെത്തുന്നതും അവരെ നിരീക്ഷിക്കുന്നതും വിലപേശുന്നതും വ്യാജ സ്വര്‍ണം വില്‍ക്കുന്നതുമെല്ലാം ഇവര്‍ അന്വേഷണ സംഘത്തിന് വിവരിച്ചു നല്‍കി.

സ്വര്‍ണംപൂശിയ ലോഹങ്ങള്‍ എത്തിക്കുന്നതിന് രാജ്യത്തിന് പുറത്തുള്ള ചില ആളുകളുമായാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത്. ഇത്തരക്കാര്‍ക്ക് പണം നല്‍കി വ്യാജ സ്വര്‍ണം ഇറക്കുമതി ചെയ്‍താണ് യുഎഇയില്‍ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. അറസ്റ്റിലായ പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Post a Comment

0 Comments