NEWS UPDATE

6/recent/ticker-posts

കര്‍ണാടകയില്‍ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം കനക്കുന്നു; ഹിജാബ് ധരിച്ചു നിയമസഭയിലെത്തുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ബെംഗളുരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കുന്നതില്‍നിന്നും വിദ്യാര്‍ഥിനികളെ വിലക്കിയതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിലക്കിനെതിരെ കലബുറഗി കലക്ടറുടെ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമയുടെ പ്രതിഷേധിച്ചു.[www.malabarflash.com]


താന്‍ ഹിജാബ് ധരിച്ചാണ് അസംബ്ലിയിലെത്താറുള്ളതെന്നും, തടയാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ തടയാമെന്നും ഫാത്തിമ വെല്ലുവിളിച്ചു. യൂണിഫോമിനൊപ്പം ഹിജാബിന്റെ നിറം മാറ്റാന്‍ തയ്യാറാണ്, പക്ഷേ അത് ധരിക്കുന്നതില്‍ നിന്നും വിലക്കാന്‍ കഴിയില്ലെന്നും ഫാത്തിമ പറഞ്ഞു.

പെണ്‍കുട്ടികളെ സംസ്ഥാന വിദ്യാഭ്യാസ ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്ന് ഫാത്തിമ ആരോപിച്ചു. വാര്‍ഷിക പരീക്ഷകള്‍ക്ക് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. ജാതിമതഭേദമെന്യേ എല്ലാവരും ഒന്നിച്ച് ഇതിനെ എതിര്‍ക്കുമെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിവേദനം നല്‍കുമെന്നും പിന്നീട് ഉഡുപ്പിയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും കോണ്‍ഗ്രസ് എംഎല്‍എ അറിയിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നത് ഐക്യത്തിന് ഭംഗം വരുത്തുമെന്നും നിരോധിക്കണമെന്നും യൂണിഫോമിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാന വിദ്യാഭ്യാസ ഭരണകൂടം ശനിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Post a Comment

0 Comments