NEWS UPDATE

6/recent/ticker-posts

ഒരു മോതിരം പോലും ഇട്ടില്ല, പുതിയ വസ്ത്രവും ധരിച്ചില്ല; എന്നിട്ടും നാസറും നസീബയും ഒന്നായി

വിവാഹം നിശ്ചയിച്ചപ്പോൾ തന്നെ വരൻ നാസർ ബന്ധുവും വധു നസീബയും ഒരു തീരുമാനമെടുത്തു 'പുതിയ ഉടുപ്പ് വേണ്ട, ഉള്ളതിൽ നല്ലത് അണിയാം'. എന്നാൽ, പ്രിയപ്പെട്ടവരും നാട്ടുകാരും സ്നേഹത്തോടെയും പരിഭവത്തോടെയും ദേഷ്യത്തോടെയും ഉപദേശിച്ചു: 'ഇത്തിരി സ്വർണമിടൂ... ഒരു വെള്ള ഷർട്ടിടൂ!' എന്ന്. 'ഞങ്ങൾക്കിങ്ങനെ ആകാനേ കഴിയൂ' എന്നായിരുന്നു അവരോട് ഇരുവരുടെയും മറുപടി.[www.malabarflash.com]


അങ്ങനെ വിവാഹദിനമായി. നസീബ സാധാരണ ഒരു ചുരിദാറിട്ടു. പക്ഷേ, നാസർ പകുതി വാക്ക് തെറ്റിച്ചു. സ്വന്തമായി ആകെ രണ്ട് കാർഗോസ് പാന്റാണ് നാസറിനുള്ളത്. കാർഗോസ് ഇട്ട് നിക്കാഹിന് ഇരിക്കേണ്ട എന്ന് പറഞ്ഞ് പ്രിയപ്പെട്ട സുഹൃത്ത് നിർബന്ധപൂർവം ജീൻസ് വാങ്ങിക്കൊടുത്തു. അത് ഇടേണ്ടിവന്നു. ഇതല്ലാതെ ചെരിപ്പ് മാത്രമാണ് രണ്ട് പേരും പുതിയതായി വാങ്ങിയത്.

പശ്ചിമബംഗാളിലെ നോർത്ത് പർഗാനാസ് ജില്ലയിലെ ചക്ലി എന്ന ദരിദ്ര ഗ്രാമം ഏറ്റെടുത്ത് വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും നൽകുന്ന സന്നദ്ധപ്രവർത്തകനാണ് എറണാകുളം മുവാറ്റുപുഴ പേഴയ്ക്കാപ്പള്ളി പുന്നോട്ടിൽ അലിയാറുടെയും പരേതയായ സഫിയയുടെയും മകൻ നാസർ ബന്ധു എന്ന നാസർ. 'സീറോ ഫൗണ്ടേഷൻ' എന്ന സന്നദ്ധ സംഘടന രൂപവത്കരിച്ചാണ് പ്രവർത്തനം. തിരൂർ വെട്ടം അമ്മിണി പറമ്പത്ത് എ.പി. അലിയുടെയും സുഹറയുടെയും മകളാണ് നസീബ.

ബംഗാളിൽ സോളോ ട്രിപ്പിന് എത്തിയപ്പോഴാണ് നസീബ നാസറിനെ കാണുന്നതും പരിചയപ്പെടുന്നതും. ഇരുവരുടെയും വീട്ടുകാർ കൂടി സമ്മതിച്ചതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആകെ 2000 രൂപ കൊണ്ട് വിവാഹം നടത്തുന്ന ബംഗാളിലെ നിർധനർക്കു നടുവിലാണ് നാസർ ബന്ധു ജീവിക്കുന്നത്. 'പുതിയത് വാങ്ങാൻ കഴിവില്ലാത്തതിനാൽ, അടുത്തിടെ കല്യാണം കഴിഞ്ഞ അയൽക്കാരുടെയോ കുടുംബക്കാരുടേയോ കടം വാങ്ങിയ ഉടുപ്പും ചെരിപ്പും ധരിച്ച് വിവാഹം കഴിക്കുന്ന ഒട്ടേറെ ബംഗാളി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടേതിൽ നിന്നു വ്യത്യസ്തനാകാൻ ഞാൻ തയാറല്ല' -നാസർ പറയുന്നു.

വിവാഹ ദിനത്തിൽ ഓർമക്കായി ഒരു വിവാഹമോതിരം നൽകാം എന്ന നാസർ പറ​ഞ്ഞെങ്കിലും അതും വേണ്ടന്ന തീരുമാനത്തിലായിരുന്നു നസീബ. സ്വർണത്തിനു പകരം മഹറായി അവൾ ആവശ്യപ്പെട്ടതാകട്ടെ അനാഥരായ 20 വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ നൽകണമെന്നതായിരുന്നു. അത് നൽകി ആർഭാടങ്ങളെല്ലാം ഒഴിവാക്കി നാസർ ബന്ധുവും നസീബയും ഒന്നായി.

ഡോ. പി.ബി. സലിം ഐ.എ.എസിന്റെ ഭാര്യയും നാസർ ബന്ധുവിന്റെ സുഹൃത്തുമായ ഫാത്തി സലിം മണവാട്ടി പെണ്ണിന് ധരിക്കാനായി ഭംഗിയു​ള്ളൊരു ഉടുപ്പ് നൽകിയിരുന്നു. കൊൽക്കത്തയിൽ നിന്നും നാട്ടിലേക്ക് വരുന്ന നേരം എയർപോർട്ടിൽ എത്തിച്ചു കൊടുത്ത ആ വസ്ത്രം പോലും വിവാഹവേളയിൽ ഇവർ ധരിച്ചില്ല. 'പ്രിയ ഫാത്തി ക്ഷമിക്കണം... ആ ഉടുപ്പിവിടെ ഭദ്രമായി ഇരിക്കുന്നുണ്ട്.. ഞങ്ങൾക്കിങ്ങനെ ആകാനേ കഴിയൂ...' എന്നാണ് ഇതേക്കുറിച്ച് നാസർ പറയുന്നത്.

വിവാഹത്തെ കുറിച്ച് നാസർ എഴുതിയ കുറിപ്പ് വായിക്കാം:

ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിക്കാം എന്ന് ഞാനും നസീബയും തീരുമാനിച്ചതിന് ശേഷം എങ്ങനെ ആയിരിക്കണം വിവാഹം എന്ന് പലപ്പോഴായി സംസാരിച്ചു. എന്തായാലും എൻ്റെയും അവളുടേയും ഇഷ്ടങ്ങളൊക്കെ ഒരു പോലെയായത് നിയോഗം മാത്രം.

ഓർമക്കായി ഒരു മോതിരമെങ്കിലും നൽകാം എന്ന് ഞാൻ കരുതിയെങ്കിലും ഒരു ആഭരണവും വേണ്ട എന്ന നസീബയുടെ തീരുമാനം ഞാനും സ്വീകരിച്ചു. ഒരു ആഭരണവും ഇല്ലാതെയാണ് അവൾ വിവാഹത്തിനൊരുങ്ങിയത്.ഉള്ളതിൽ നല്ല ഉടുപ്പിടുക, പുതിയത് വേണ്ട എന്നതും ഭംഗിയുള്ളൊരു തീരുമാനമായിരുന്നു.

അവൾ സാധാരണ ഒരു ചുരിദാറിട്ടു. ഞാനാണ് പകുതി വാക്ക് തെറ്റിച്ചത്. സ്വന്തമായി രണ്ട് കാർഗോസ് പാന്റാണ് ഉള്ളത്. കാർഗോസ് ഇട്ട് നിക്കാഹിന് ഇരിക്കേണ്ട എന്ന് പറഞ്ഞ് പ്രിയപ്പെട്ട സുഹൃത്ത് നിർബന്ധപൂർവം വാങ്ങിതന്ന ജീൻസ് ഇട്ടു. രണ്ട് പേരും പുതിയ ചെരിപ്പ് വാങ്ങി.

നസീബയുടെ വീട്ടിലേക്ക് പോകാനായി രാവിലെ ഇറങ്ങുമ്പോൾ യാത്ര അയക്കാനും പ്രാർത്ഥിക്കാനുമായി പ്രിയപ്പെട്ട തൗഫീഖ് മൗലവിയും ഹംസ ഉസ്താദും വന്നിരുന്നു.

അവർ ഇറങ്ങാൻ നേരം എന്തേ മണവാളൻ ഒരുങ്ങുന്നില്ലേ എന്ന് ചോദിച്ചു. ഒരുങ്ങിയതാണ് ഇത് എന്ന് ഹസൻ മാഷാണ് മറുപടി പറഞ്ഞത്.

ലോക്ഡൗൺ ആയതിനാൽ തൃശൂരിൽ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ കാർ നിർത്തി വിവാഹത്തിന്റെ പേപ്പറുകൾ കാണിച്ചു കൊടുത്തു. ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ചപ്പോൾ ഹസൻ മാഷ് പുറകിലിരിക്കുന്ന എന്നെയും നസീബയേയും ചൂണ്ടിക്കാട്ടി. പേപ്പറുകൾ പരിശോധിക്കുകയായിരുന്ന വനിതാ എസ്.ഐ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്.

മഹർ ആയി നസീബ ആവശ്യപ്പെട്ടത്, അനാഥരായ കുട്ടികൾക്ക് നിങ്ങൾ എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നാണ്. അത് ഇരുപത് അനാഥ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ നൽകുക എന്ന ധാരണയിൽ എത്തി വീട്ടിലും പള്ളിയിലും സംസാരിച്ചെങ്കിലും അത് ആദ്യത്തിൽ സ്വീകരിക്കപ്പെട്ടില്ല. മഹർ -വിവാഹമൂല്യം- അത് സ്വർണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാൻ ഇത്തിരി പ്രയാസപ്പെട്ടു.

മഹർ സ്വർണമായിരിക്കലാണ് ഉത്തമം എന്ന് പള്ളിയിലെ ഇമാം പ്രസ്താവിച്ചതോടെ അദ്ദേഹത്തിൻ്റെ അറിവില്ലായ്മ ഓർത്ത് സഹതാപം തോന്നി. പക്ഷെ , അയൽക്കാരനും മുതിർന്ന പണ്ഡിതനുമായ ഹംസ ഉസ്താദ് മഹറിനെ പറ്റി അറിഞ്ഞപ്പോൾ വളരെ സന്തോഷിക്കുകയാണ് ഉണ്ടായത്.

പെണ്ണ് ആവശ്യപ്പെടുന്നതാണ് മഹർ ആയി കൊടുകേണ്ടത്. അത് പെണ്ണിൻ്റെ അവകാശമാണ്. വീട്ടുകാരോ മറ്റുള്ളവരോ അല്ല തീരുമാനിക്കേണ്ടത്. അത് ക്വാളി റ്റേറ്റീവോ ക്വാണ്ടിറ്റേറ്റിവോ ആകാം.

മഹർ പൊതുവേ സ്ത്രീകൾ സ്വർണ ആഭരണമായി വാങ്ങി അണിയുകയാണ് പതിവ്. സ്വർണം വാങ്ങാത്ത അപൂർവം ചിലർ വേറെ എന്തെങ്കിലും സ്വന്തമായി സൂക്ഷിച്ചു വക്കാൻ പറ്റുന്ന എന്തെങ്കിലും വാങ്ങും.

പക്ഷെ, നസീബ ചോദിച്ചത് അനാഥ കുട്ടികളെ സഹായിക്കാനാണ്. സ്വന്തമായി സൂക്ഷിച്ചു വക്കാനൊന്നുമല്ലാ , മറ്റുള്ളവർക്കൊരു സഹായമാകട്ടെ തൻ്റെ മഹർ എന്ന ആഗ്രഹം എനിക്കേറെ ഇഷ്ടമായി. സത്യത്തിൽ ഒന്നും നമ്മുടെ സ്വന്തം അല്ലല്ലൊ. വല്ലാത്തൊരു തിരിച്ചറിവാണത്.

ഇത്രയൊക്കെ എഴുതിയത് ഇതൊരു സംഭവമാണെന്ന് കാണിക്കാനോ മറ്റുള്ളവർക്ക് മാതൃകയാക്കാനോ വേണ്ടിയല്ല. ആളുകൾ എന്തു വിചാരിക്കും, കുടുംബക്കാർ എന്ത് കരുതും എന്നെല്ലാം കരുതി കടം വാങ്ങിയും ലോൺ എടുത്തും വിവാഹം കഴിക്കുന്ന ധാരാളം മലയാളി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്. പുതിയത് വാങ്ങാൻ കഴിവില്ലാത്തതിനാൽ അടുത്തിടെ കല്യാണം കഴിഞ്ഞ അയൽക്കാരുടെയോ കുടുംബക്കാരുടേയോ കടം വാങ്ങിയ ഉടുപ്പും ചെരിപ്പും ധരിച്ച് വിവാഹം കഴിക്കുന്ന ധാരാളം ബംഗാളി സുഹൃത്തുക്കളേയും ഞാൻ കണ്ടിട്ടുണ്ട്.

ഇതിനിടയിൽ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയല്ലാതെ, ഞാനും നസീബയും ആഗ്രഹിച്ച രീതിയിൽ വിവാഹം കഴിക്കാൻ സാധിച്ചു എന്ന് മാത്രം. വിവാഹം എന്ന ലളിതമായ ഒന്നിനെ എത്ര സങ്കീർണമായ ചടങ്ങുകളിലും ആർഭാടങ്ങളിലുമാണ് തളച്ചിട്ടിരിക്കുന്നത് എന്ന് വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി.

കല്യാണ പരിപാടികൾ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത് എന്ന് ചില സുഹൃത്തുക്കൾ കളിയാക്കി ചോദിച്ചു. ഒരു പാലിയെറ്റിവ് കെയറിലെ വളണ്ടിയേഴ്സിനും

നാല്‌ അനാഥാലയങ്ങളിലെ അന്തേവാസികൾക്കും ഒരു നേരമൊരു ഭക്ഷണം കൊടുക്കലാണ് കല്യാണവിരുന്നിനേക്കാൾ ഭംഗി എന്നാണ് ഞങ്ങൾക്ക് തോന്നിയത്.

അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരാഴ്ചയും ഒരു ദിവസവും ആയി...

പ്രാർത്ഥന
................................. 

മണവാട്ടി പെണ്ണിന് ധരിക്കാനായി ഭംഗിയുളെളാരു ഉടുപ്പ് കൊൽക്കത്തയിൽ നിന്നും നാട്ടിലേക്ക് വരുന്ന നേരം എയർപോർട്ടിൽ എത്തിച്ചു തന്നിരുന്നു പ്രിയ സുഹൃത്തും ഡോ. പി.ബി. സലിം ഐ.എ.എസിന്റെ ഭാര്യയുമായ ഫാത്തി സലിം.

പ്രിയ ഫാത്തി.. ക്ഷമിക്കണം... ആ ഉടുപ്പിവിടെ ഭദ്രമായി ഇരിക്കുന്നുണ്ട്.

ഞങ്ങൾക്കിങ്ങനെ ആകാനേ കഴിയൂ...

ഞങ്ങളെങ്കിലും ഇങ്ങനെ ആയില്ലെങ്കിൽ പിന്നെ ആരാണുള്ളത്...

സ്നേഹത്തോടെയും പരിഭവത്തോടെയും ദേഷ്യത്തോടെയും ഞങ്ങളെ ഉപദേശിച്ചവരുണ്ട്. ഇത്തിരി സ്വർണമിടൂ .. ഒരു വെള്ള ഷർട്ടിടൂ... അങ്ങനെ അങ്ങനെ..

അവരോടും ഒന്നേ പറയാനുള്ളൂ

ഞങ്ങൾക്കിങ്ങനെ ആകാനേ കഴിയൂ...

അവസാനമായി ഇതു കൂടി,

1. സിംപിൾ ആവുക എന്നാൽ അത്ര സിംപിൾ അല്ല

2. പ്രിവിലേജ് ഒഴിവാക്കുക എന്നതും സിംപിൾ അല്ല

3. സ്വന്തം ഇഷ്ടത്തിന് ജീവിതത്തെ നിർവചിക്കുന്നതും അത്ര സിംപിൾ അല്ല

നസീബയെ പരിചയപ്പെട്ടതിനെകുറിച്ചും ഉമ്മയുടെ വേർപാടിനെ കുറിച്ചും എഴുതിയ കുറിപ്പ്:

മരണം മംഗല്യമായി കാണുന്ന ചില മനുഷ്യരെ കണ്ടിട്ടുണ്ട്. പ്രിയപ്പെട്ടതിലേക്കുള്ള ചേരലാണ് വിവാഹം, അതുപോലെയാണ് മരണവും.

കഴിഞ്ഞ രണ്ട് മാസം കൊണ്ട് ജീവിതത്തെ സ്വാധീനിച്ച രണ്ട് സംഭവങ്ങാണ് ഉണ്ടായത്.

ഒന്ന് ഉമ്മ മരണപ്പെട്ടു - ഡിസംബർ 22 ന്

രണ്ട് വിവാഹിതനായി - ജനുവരി 23 ന്

ഒന്ന് ,

ഈയുള്ളവൻ ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിൻ്റെ ഒന്നാമത്തെ കാരണം എൻ്റെ ഇത്തയാണ് (ഉമ്മയെ ഞാൻ ഇത്ത എന്നാണ് വിളിക്കുക)

പാടാനോർത്ത മധുരിത ഗാനം ഇതുവരെ പാടിയില്ലല്ലൊ എന്ന് ടാഗോർ (ബംഗാളിയിൽ ടാക്കൂർ) പറയാറുണ്ട്.

ചുറ്റുമുള്ള പലരെ പറ്റിയും എഴുതിയിട്ടുണ്ടെങ്കിലും ഇത്തയെ പറ്റി ഒന്നും എഴുതാത്തത് അത്രമേൽ ആഴത്തിലുള്ള ഒന്നിനെ അക്ഷരങ്ങളിൽ കൊണ്ടുവരാൻ കഴിയാത്തതുകൊണ്ടാണ്.

ചെറുപ്പത്തിൽ പല വിഭവങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ടത് മാറ്റിവയ്ക്കും . അവസാനം കഴിക്കാൻ വേണ്ടിയാണത്.

എഴുതാൻ പല തവണ ശ്രമിച്ചെങ്കിലും അത്രമേൽ പ്രിയപ്പെട്ടതിനെ എഴുത്തുപാത്രത്തിൻ്റെ അരികിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീടെഴുതാം എന്ന് കരുതി.

പക്ഷെ, ഇതെഴുതുമ്പോൾ ഇത്തയില്ല.

ഡിസംബർ 21 ന് വൈകുന്നേരം ഞാൻ ബംഗാൾ യാത്ര ടീമിനോടൊപ്പം സുന്ദർബൻ പ്രദേശത്തെ ഒരു ഗ്രാമത്തിൽ നടക്കാനിറങ്ങി യതായിരുന്നു. യാത്രാ അംഗങ്ങളുമായി ചായ കുടിക്കാൻ ഒരു ചായക്കടയിൽ ഇരിക്കുമ്പോഴാണ് ഇത്തയുടെ ഫോൺ വന്നത്. ഏതാനും വാക്കുകൾ സംസാരിച്ച് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വച്ചു. ഒരു മിനിറ്റും ഒരു സെക്കൻ്റും നീണ്ടുനിന്നു ആ കാൾ.

സന്ധ്യക്ക് ശേഷം, ബംഗാൾ യാത്ര ടീമിനോട് ജീവിതത്തെ പറ്റി, ഫൗണ്ടേഷനെ പറ്റിയെല്ലാം സംസാരിച്ച് ഭക്ഷണം കഴിച്ച് ഇരിക്കുകയായിരുന്നു.

മഞ്ഞ് കാലമായതിനാൽ ചിലർ തീ കത്തിച്ച് ചുറ്റുമിരുന്ന് പാട്ടു പാടുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു.

പന്ത്രണ്ട് മണിയോടെയാണ് അയൽക്കാരനായ കബീർ ഇക്കയുടെ ഫോൺ വരുന്നത് . "ഇത്തക്ക് പെട്ടെന്ന് സുഖമില്ലാതായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. നിനക്ക് മനസിലായിട്ടുണ്ടാകുമല്ലൊ അല്ലെ .. നീ എപ്പോഴാ വരിക" എന്ന് ചോദിക്കുന്നത്.

ഒരാളുടെ മരണവാർത്ത ആയാളുടെ പ്രിയപ്പെട്ടവരെ എങ്ങനെ അറിയിക്കും എന്ന് പല തവണ ആശങ്കപ്പെട്ടിട്ടുള്ള എനിക്ക് കബീർ ഇക്കയുടെ " നിനക്ക് എല്ലാം മനസ്സിലായല്ലൊ " എന്ന വാക്ക് എത്ര കൃത്യമായി ആണ് അദ്ദേഹം പ്രയോഗിച്ചത് എന്ന് തോന്നി.

വിവരം അറിഞ്ഞതോടെ നമ്മുടെ വീടിന് മുന്നിലെ കുളത്തിന് അരികിലുള്ള പടവിൽ കുറച്ചു നേരം ഇരുന്നു. പേരറിയാത്തൊരാധിയായിരുന്നു അപ്പോൾ .

കരച്ചിലല്ല , സങ്കടവുമല്ല, വേറെന്തോ ഒന്ന്. കുറച്ച് കഴിഞ്ഞ് ബംഗാൾ യാത്ര കോർഡിനേറ്റേഴ്സായ അനുരാധയോടും വിഷ്ണുമായയോടും വിവരം പറഞ്ഞു.

ബംഗാൾ യാത്ര ഷെഡ്യൂൾ പ്ലാൻ ചെയ്തത് പോലെ നടക്കണം. എല്ലാം അനുരാധയേയും വിഷ്ണുമായയേയും ഏൽപ്പിച്ച് നേരെ നാട്ടിലേക്ക് തിരിച്ചു.

വിഷ്ണു മായയോടും അനുരാധ യോടും അത്രമേൽ കടപ്പെട്ടിരിക്കുന്നു . കാരണം അവരില്ലായിരുന്നു എങ്കിൽ ഇത്തവണ ബംഗാൾ യാത്ര നടക്കില്ലായിരുന്നു.

രണ്ട്,

കഴിഞ്ഞ സെപ്തംബർ ആദ്യത്തിലാണ് പ്രിയപ്പെട്ട സുഹൃത്ത് പി.ബി.എം.ഫർമീസ് വിളിച്ച് അദ്ദേഹത്തിൻ്റെ ഒരു സഹപ്രവർത്തക ഒരു സോളോ ട്രിപ്പ് ചെയ്ത് കൊൽക്കത്തക്ക് വരുന്നു. പേര് നസീബ എന്നാണ്. നിൻ്റെ നമ്പർ കൊടുക്കുന്നു . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കും എന്ന് പറയുന്നത്. ധാരാളം പേർ അങ്ങനെ വരുന്നതാണ്.

സെപ്തംബർ ഇരുപതിനാണ് ഞാൻ കുറച്ച് ഒഫീഷ്യൽ പണികൾക്കായി കൊൽക്കത്തക്ക് പോകുന്നത്. കനത്ത മഴയുള്ള ദിവസമായിരുന്നു അന്ന്. മഴ കാരണം പോയ കാര്യങ്ങൾ നടക്കാതെ വന്ന് തിരികെ ഗ്രാമത്തിലേക്ക് വരാൻ തുടങ്ങുമ്പോഴാണ് നസീബ വിളിക്കുന്നത്. ഞാൻ കൊൽക്കത്തയിൽ എത്തി. നിങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നു എന്ന് പറഞ്ഞു.

എങ്കിൽ അവളേയും കൂട്ടി ഗ്രാമത്തിലേക്ക് പോകാം എന്ന് കരുതിയാണ് ഹൗറയിലേക്ക് ബസ് കയറിയത്.

കനത്ത മഴയിൽ ഹൗറ ബ്രിഡ്ജിൻ്റെ തുടക്കത്തിൽ കുട ചൂടി നിൽക്കുന്ന നസീബയെ കണ്ടു. ചായ കുടിച്ചു.

ഏതായാലും ഒരു പകുതി ദിനമുണ്ട്. കാഴ്ചകൾ കണ്ട് വൈകുന്നേരത്തോടെ ഗ്രാമത്തിലേക്ക് പോകാം എന്ന് കരുതി.

അങ്ങനെ ഞങ്ങൾ ബോട്ടിൽ ഹൂഗ്ലി നദി കടന്നു , ഹൗറ ബ്രിഡ്ജ് കണ്ടു , ബാഗ് ബസാറിൽ ഇറങ്ങി, കുമാർ തുളിയിലൂടെ നടന്നു, മെട്രോയിൽ കയറി, കാളിഘട്ട് ക്ഷേത്രം കണ്ടു , മദർ തെരേസയുടെ നിർമൽ ഹൃദയ് കണ്ടു , ടിപ്പു സുൽത്താൻ മസ്ജിദ് കണ്ടു , കെ.സി.ദാസിൽ കയറി മധുരം കഴിച്ചു, ന്യൂ മാർക്കറ്റിലൂടെ നടന്നു , പലയിടത്തു നിന്നും ചായ കുടിച്ചു.

സിയാൽദയിൽ നിന്നും ഗ്രാമത്തിലേക്കുള്ള ട്രെയിൻ കയറുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു.

കേരളത്തിൽ നിന്നും ഹസീബ് നമ്മുടെ ജീപ്പ് ഓടിച്ചു കൊണ്ടുവന്ന ദിവസങ്ങളായിരുന്നു അത്.

തുടർന്നുള്ള ഏതാനും ദിനങ്ങൾ അനുരാധയും ഹസീബും ആനന്ദും അമലും എല്ലാവരും കൂടി ചെറിയ യാത്രകളും സേവന പ്രവർത്തനങ്ങളും എല്ലാം കൂടി സജീവമാക്കി.

അന്ന്, വ്യാഴാഴ്ച രാവിൽ നമ്മുടെ ഗ്രാമത്തിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സയ്യിദ് അബ്ബാസ് അലിയുടെ ദർഗയിലേക്ക് ഖവാലി കേൾക്കാൻ ഞങ്ങളെല്ലാവരും പോയി. പന്ത്രണ്ടാം നൂറ്റാണ്ടിൽ മക്കയിൽ നിന്നും ബംഗാളിൽ എത്തിയ സൂഫിവര്യനാണ് സയ്യിദ് അബ്ബാസ് അലി.

പൗർണമിയോടടുത്ത നിലാവും ജീപ്പിൻ്റെ ശബ്ദവും നീളത്തിലുള്ള ഗ്രാമ പാതയും ചേർന്ന അപാര കോമ്പിനേഷൻ ആസ്വദിച്ച് യാത്ര ചെയ്യുന്നതിനിടയിൽ ഞങ്ങൾ നിലാവ് കാണാൻ ജീപ്പ് നിർത്തി.

അന്നേരമാണ് എനിക്ക് നസീബയോട് ഇഷ്ടം തോന്നിയത്.

കാരണമറിയാതെ ഒരാളോട് ഇഷ്ടം തോന്നുന്നതിനൊരു ഭംഗിയുണ്ട്. ഉള്ളിൽ നിന്ന് വരുന്ന ഇഷ്ടമാണത്.

ദർഗയിൽ ഖവാലി കേട്ടിരിക്കുന്നതിനിടയിൽ ഞങ്ങൾ ചായ കുടിക്കാൻ ഇറങ്ങി. ചായ കുടിച്ച് ഇരിക്കുന്നതിനിടയിൽ ആണ് ഞാൻ നസീബയോട് എനിക്ക് നിന്നോട് പ്രണയം തോന്നുന്നു എന്ന് പറഞ്ഞത്.

അത് കേട്ട് എല്ലാവരും ചിരിച്ചു. ചായ കുടിച്ചു.

മുതിർന്ന ഒരാളോട് പെട്ടെന്നൊരു പ്രണയം പറയുന്നതിൻ്റെ അഭംഗി തിരിച്ചറിഞ്ഞതിനാൽ "ഞാൻ ആ പ്രണയം തീർന്നു പോയി... " എന്ന് പറഞ്ഞ് ആ വർത്തമാനത്തെ നേർപ്പിച്ചെടുത്തു.

എങ്കിലും ആ ഇഷ്ടം അങ്ങനെ നിലനിന്നതിനാൽ ആണ് പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ സംസാരിച്ചത്.

നസീബയ്ക്ക് തുടർച്ചയായ വിവാഹ അന്വേഷണങ്ങൾ വരുന്നതിനാൽ അതിനെ ഒന്ന് സ്ലോ ആക്കാൻ ആയി ഞങ്ങൾ രണ്ട് പേരുടേയും വീടുകളിൽ സംസാരിച്ചു. അങ്ങനെ വീട്ടുകാർ ഏകദേശം വിവാഹം തീരുമാനിക്കുകയും ചെയ്തു.

എങ്കിലും ഞങ്ങൾ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ചെറിയ ഒരു കാലത്തെ പരിചയം, തികച്ചും വ്യത്യസ്തമായ പശ്ചാത്തലം അങ്ങനെ പല കാരണങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്ക്.

അങ്ങനെയാണ് കൂടുതൽ സംസാരിക്കാനും ഒരു തീരുമാനം എടുക്കാനുമായി ബംഗാൾ യാത്രക്ക് ഞാൻ നസീബയെ ക്ഷണിക്കുന്നത്.

മറ്റ് ഇരുപത്തി നാല് പങ്കാളികളോടൊപ്പം നസീബയും ബംഗാൾ യാത്രയിൽ പങ്കെടുക്കുന്ന ഒരാളായി.

ഉമ്മയുടെ മരണവാർത്ത അറിഞ്ഞ ഉടനെ നസീബയും എൻ്റെ കൂടെ നാട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞു. ഉമ്മയുമായി നല്ല സൗഹൃദത്തിലായിരുന്ന മിക്കവാറും ദിവസങ്ങിൽ ദീർഘനേരം ഫോണിൽ സംസാരിക്കുന്ന ഉമ്മയുടെ പെട്ടെന്നുള്ള വിയോഗം അവൾക്കും ഒരു ഷോക്കായി.

ആദ്യം കിട്ടിയ ഫ്ലൈറ്റ് ബുക്ക് ചെയ്തു കൊച്ചിയിലേക്ക് തിരിക്കുമ്പോൾ പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു. സാധാരണ ബെംഗളൂരു അല്ലെങ്കിൽ ചെന്നൈ കണക്ഷൻ ഫ്ലൈറ്റ് കിട്ടാറുള്ളത് . ആദ്യമായാണ് അഹമ്മദാബാദ് വഴി കണക്ഷൻ കിട്ടുന്നത്.

ആ യാത്രയിലാണ് ഞാനും നസീബുവും

നമുക്ക് ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്.

ദീർഘമായ ഫ്ലൈറ്റ് യാത്ര കഴിഞ്ഞ് നെടുമ്പാശേരിയിൽ ഇറങ്ങുമ്പോൾ ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.

പ്രിയപ്പെട്ട കൂട്ടുകാരൻ ഹസീബ് കാത്തു നിൽക്കുന്നുണ്ടായിരുന്നു.

നേരെ വീട്ടിലേക്കാണ് യാത്രയായത്. ഒരു മണിയോടെ വീട്ടിലെത്തുമ്പോൾ എല്ലാവരും കാത്തു നിൽക്കുകയായിരുന്നു.

ചടങ്ങുകളും പ്രാർത്ഥനകളും കഴിഞ്ഞ് ഉച്ചക്ക് ശേഷം മൃതദേഹം അടക്കം ചെയ്തു.

(ആശംസയും ആദരാജ്ഞലിയും ഒരുമിക്കുന്ന കുറിപ്പ്)

Post a Comment

0 Comments