NEWS UPDATE

6/recent/ticker-posts

തലമറക്കണമെങ്കിൽ മുസ്​ലിംകൾ പാകിസ്​താനിൽ പോകണമെന്ന് ബി.ജെ.പി എം.എൽ.എ

ബംഗളൂരു: കർണാടകയിലെ ചില വിദ്യാലയങ്ങളിൽ മുസ്​ലിം ​വിദ്യാർഥിനികൾ തലമറക്കുന്നത്​ നിരോധിച്ചതിനെതിരെ പ്രതിഷേധം ശക്​തമാക്കുന്നതിനിടെ വിവാദ പ്രസ്​താവനയുമായി ബി.ജെ.പി എം.​എൽ.എ.[www.malabarflash.com]


മുസ്​ലിംകൾക്ക് തലമറക്കുകയും ഉറുദു പഠിക്കുകയും ചെയ്യണമെങ്കിൽ മഹാത്മാഗാന്ധി നൽകിയ പാകിസ്​താനിലേക്ക് പോകണമെന്ന്​ ബസൻഗൗഡ പാട്ടീൽ യത്‌നാൽ എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തെ ഉറുദു സ്‌കൂളുകളും മദ്​റസകളും നിരോധിക്കുകയും അടച്ചുപൂട്ടണമെന്നും ബസൻഗൗഡ ആവശ്യപ്പെട്ടു.

കുന്ദാപുരയിലെ ഒരു കോളജിൽ തലമറച്ച വിദ്യാർഥിനികൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ്​ വിവാദം ഉടലെടുത്തത്​. ഉഡുപ്പിയിലും മറ്റ് പ്രദേശങ്ങളിലുമുള്ള വിവിധ കോളജുകളിലും നിരോധനം നടപ്പാക്കി. ഇതേക്കുറിച്ച്​ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ​ബസൻഗൗഡയുടെ വിവാദ പ്രതികരണം.

"അവർ ഈ നാട്ടിൽ വിളയുന്ന ഭക്ഷണം കഴിക്കുകയും ഈ മണ്ണിൽ നിന്ന് ലഭിക്കുന്ന വെള്ളം കുടിക്കുകയും ചെയ്യുന്നു. എന്നിട്ട്​ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കർണാടകയിൽ ഉടനീളം മദ്​റസകൾ നിരോധിക്കണം. ഉറുദു സ്കൂളുകളും പൂട്ടണം. നിങ്ങൾക്ക് വേണമെങ്കിൽ കന്നഡ പഠിക്കുക അല്ലെങ്കിൽ പാകിസ്​താനിലേക്ക് പോകുക. നിങ്ങൾക്ക് ഇവിടെ എന്താണ് കാര്യം? നിങ്ങൾക്ക് തലമറക്കുകയും ഉറുദു പഠിക്കുകയും മറ്റ് ഇസ്​ലാമിക ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യണമെങ്കിൽ മഹാത്മാഗാന്ധി നിങ്ങൾക്കായി നൽകിയ പാകിസ്​താനിലേക്ക് പോകുക' -ബസൻഗൗഡ പറഞ്ഞു.

അതിനിടെ, കർണാടകയിലെ ശിരോവസ്ത്ര വിവാദത്തിൽ പുതിയ അധ്യായത്തിന്​ വഴിതുറന്ന്​ സംസ്​ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും തലമറക്കുന്നത്​ നിരോധിച്ചു. 'സമത്വത്തിനും അഖണ്ഡതയ്ക്കും പൊതുക്രമത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കുന്നു'വെന്നാണ്​ സംസ്ഥാന സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്​. 

1983 ലെ കർണാടക വിദ്യാഭ്യാസ നിയമം133 (2) പ്രകാരം യൂനിഫോം ശൈലിയിലുള്ള വസ്ത്രം നിർബന്ധമായും ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ സ്കൂൾ നടത്തിപ്പുകാർക്ക്​ അവർക്ക് ഇഷ്ടമുള്ള യൂണിഫോം തിരഞ്ഞെടുക്കാം. 

പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡോ കോളേജ് ഡെവലപ്‌മെന്‍റ്​ കമ്മിറ്റിയോ അപ്പീൽ കമ്മിറ്റിയോ തിരഞ്ഞെടുക്കുന്ന വസ്ത്രമാണ് വിദ്യാർത്ഥികൾ ധരിക്കേണ്ടത് -സർക്കാർ ഉത്തരവിൽ പറയുന്നു. 

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂനിഫോം തിരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

Post a Comment

0 Comments