NEWS UPDATE

6/recent/ticker-posts

കണ്ടത്തുവയൽ ഇരട്ടക്കൊല: പ്രതി വിശ്വനാഥന് വധശിക്ഷ


കൽപറ്റ: വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. വെള്ളമുണ്ട കണ്ടത്തുവയലിലെ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കോഴിക്കോട് ജില്ലയിലെ തൊട്ടിൽപാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറ കലങ്ങോട്ടുമ്മൽ വിശ്വനാഥന് (45) ജില്ല സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.[www.malabarflash.com]


302 ഐ.പി.സി വകുപ്പു പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 302 വകുപ്പു പ്രകാരം 10 ലക്ഷം രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. കൽപറ്റ സെഷൻസ് കോടതി ജഡ്ജി വി. ഹാരിസാണ് വിധി പറഞ്ഞത്.

2018 ജൂലൈ ആറിനാണ് പ്രദേശത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. തൊണ്ടർനാട് പഞ്ചായത്തിലെ പരേതനായ വാഴയിൽ മൊയ്തുവിന്‍റെ മകൻ ഉമ്മർ (27), ഭാര്യ ചെറ്റപ്പാലം കച്ചിൻസ് മമ്മൂട്ടിയുടെ മകൾ ഫാത്തിമ (19) എന്നിവരെയാണ് അതിദാരുണമായ രീതിയിൽ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടയിൽ പിടിക്കപ്പെട്ടതു കൊണ്ട് കൊല ചെയ്തതാണെന്ന് പ്രതി സമ്മതിച്ചിരുന്നു.

കൊലപാതകത്തിന്ശേഷം പൊലീസ് നായ മണം പിടിക്കാതിരിക്കാൻ വാതിലിന് സമീപവും പരിസരത്തും മുളക് പൊടി വിതറിയിട്ടാണ് പ്രതി കടന്നുകളഞ്ഞത്. കിടപ്പുമുറിയില്‍ കട്ടിലിന് മുകളിലാണ് രണ്ട് മൃതദേഹവും കാണപ്പെട്ടത്. പിന്‍വാതില്‍ കുത്തിതുറന്ന് അകത്ത് കയറിയ പ്രതി കൃത്യം നടത്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച് മുങ്ങുകയായിരുന്നു.

ആസൂത്രിതമായി നടത്തിയ കൊലപാതകമായതിനാൽ രണ്ടു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിശ്വനാഥൻ തൊട്ടിൽപാലത്ത് പിടിയിലാവുന്നത്.

Post a Comment

0 Comments