NEWS UPDATE

6/recent/ticker-posts

പോലീസ് വണ്ടി ഓടിക്കണമെന്ന് ആഗ്രഹം; പോലീസ് ജീപ്പ് മോഷ്ടിച്ചയാള്‍ പിടിയില്‍

ബെംഗളുരു: ജീവിതത്തില്‍ എന്തിനോടെങ്കിലും ആഗ്രഹമില്ലാത്തവര്‍ വിരളമാണ്. ആഗ്രഹിച്ചത് നടത്തിയെടുക്കാന്‍ കഷ്ടപ്പെട്ട് വിജയിക്കുന്നവരും പരാജയപ്പെടുന്നവരും ധാരാളം. ഒരാള്‍ കുറേനാള്‍ ആഗ്രഹിച്ച കാര്യം സാക്ഷാത്കരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.[www.malabarflash.com]

കാര്യമെന്താണെന്ന് കേട്ടാല്‍ ആരുമൊന്ന് ചിരിക്കും. ഒരു പോലീസ് ജീപ്പ് ഓടിക്കുക എന്നതായിരുന്നു കര്‍ണ്ണാടക സ്വദേശിയായ വ്യക്തിയുടെ ഏറ്റവും വലിയ ആഗ്രഹം. അത് സഫലമാക്കാന്‍ അയാള്‍ ഒരു പോലീസ് ജീപ്പ് മോഷ്ടിക്കുകയും 112 കിലോമീറ്റര്‍ ദൂരം ഓടിച്ച് ഒടുവില്‍ പോലീസില്‍ കീഴടങ്ങുകയും ചെയ്തു. ധാര്‍വാഡ് ജില്ലയിലെ അനിഗേരി ടൗണില്‍ താമസിക്കുന്ന 45 കാരനായ നാഗപ്പ വൈ ഹഡപാഡ് ആണ് ഈ സാഹസം കാണിച്ചത്.

ഒരു ലോജിസ്റ്റിക് കമ്പനിയിലെ ഡ്രൈവറായിരുന്നു നാഗപ്പ. അദ്ദേഹത്തിന് ലൈറ്റ്, ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും അയല്‍ സംസ്ഥാനങ്ങളിലേക്കും ഇത്തരം വാഹനങ്ങളില്‍ നിരവധി യാത്രകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. വാഹനം ഓടിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്ന നാഗപ്പയുടെ ആഗ്രഹമായിരുന്നു പോലീസ് ജീപ്പ് ഓടിക്കുക എന്നതും. 

അതുകൊണ്ട് തന്നെ നാഗപ്പ ഇടയ്ക്കിടെ പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കറങ്ങുന്നത് പതിവായിരുന്നു. അനിഗേരി പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് പോകുമ്പോഴെല്ലാം പോലീസ് ജീപ്പ് പാര്‍ക്ക് ചെയ്തിരിക്കുന്നത് അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ സ്റ്റേഷന്‍ പരിസരത്ത് എത്തിയ നാഗപ്പ ബൊലേറൊ ജീപ്പ് പൂട്ടാതെ താക്കോല്‍ സഹിതം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. പോലീസ് ഉദ്യോഗസ്ഥര്‍ കാണാതെ നാഗപ്പ ജീപ്പിന് നേരെ നീങ്ങി. പിന്നീട് തന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നാഗപ്പ രാത്രിയില്‍ ജീപ്പ് ഏറെ നേരം ഓടിക്കുകയും അതില്‍ തന്നെ വിശ്രമിക്കുകയും ചെയ്തു. ഇതിനിടെ വാഹനം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിച്ചു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനില്ലാതെ വാഹനം കണ്ടതിനെ തുടര്‍ന്നാണ് അവര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി നാഗപ്പയെ കസ്റ്റഡിയില്‍ എടുത്തു. 

പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും ഇത് ആദ്യ കുറ്റകൃത്യമാണെും പോലീസ് പ്രതികരിച്ചു. കേസെടുത്ത് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാഗപ്പയ്ക്കെതിരെ ഐപിസി 379 പ്രകാരം മോഷണക്കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ ധാര്‍വാഡ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.



Post a Comment

0 Comments