NEWS UPDATE

6/recent/ticker-posts

കർണാടകയിൽ പാറക്കെട്ടില്‍ കുടുങ്ങി 19 കാരന്‍; രക്ഷപ്പെടുത്തി വ്യോമസേന

ബംഗളൂരു: നന്ദി ഹിൽസിൽ 300 അടി കുത്തനെ താഴ്ചയുള്ള പാറയിടുക്കിൽ ​കുടുങ്ങിയ വിദ്യാർഥിയെ സൈനിക ഹെലികോപ്​ടർ ഉപയോഗിച്ച്​ രക്ഷപ്പെടുത്തി. ബംഗളൂരു പി.ഇ.എസ്​ കോളജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ്​ എൻജിനീയറിങ്​ വിദ്യാർഥിയും ഡൽഹി സ്വദേശിയുമായ നിഷാങ്ക്​ ശർമയാണ് (19)​ മലയിൽ കുടുങ്ങിയത്​.[www.malabarflash.com]


ഞായറാഴ്ച രാവിലെയാണ്​ നിഷാങ്ക്​ തന്‍റെ ബൈക്കിൽ നന്ദി ഹിൽസിലേക്ക്​ പുറപ്പെട്ടത്​. നന്ദി ഹിൽസിലെത്തി മടങ്ങുന്നതിനു മുമ്പ്​ മലയിൽ കയറാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, കാൽ തെന്നി പാറയിടുക്കിൽ വീണു. വീഴ്​ചയിൽ ചെറിയ പരി​ക്കേറ്റെങ്കിലും അൽപസമയത്തിനുശേഷം ഫോണിൽ ലോക്കൽ പോലീസിനെ വിവരമറിയിച്ചു. പിന്നീട്​ വീട്ടുകാരെയും.

വിവരമറിഞ്ഞതോടെ ഡിവൈ.എസ്​.പി വാസുദേവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സംഭവസ്ഥലത്തേക്ക്​ കുതിച്ചു. എന്നാൽ, ഏറെ ദുർഘടമായ പ്രദേശത്തായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്​. വിദ്യാർഥിയുമായി പോലീസുകാർക്ക്​ സംസാരിക്കാനായെങ്കിലും കുടുങ്ങിയ സ്ഥലം കണ്ടെത്താനായില്ല. കുത്തനെയുള്ള പാറയായതിനാൽ പരമാവധി 30 അടി വരെ മാത്രമേ പോലീസുകാർക്ക്​ എത്താനായുള്ളൂ.

പരിക്കേറ്റതിനാൽ വിദ്യാർഥിയെ പുറത്തെത്തിക്കുന്നതും പ്രയാസകരമാവുമെന്ന്​ മനസ്സിലാക്കിയതോടെ പോലീസ്​ ഡെപ്യൂട്ടി കമീഷണറെ വിവരമറിയിച്ചു. ഡെപ്യൂട്ടി കമീഷണറുടെ അടിയന്തര സന്ദേശം ലഭിച്ചതോടെ എം.ഐ17 ഹെലികോപ്ടറുമായി രക്ഷാദൗത്യത്തിന്​ വ്യോമസേന കുതിച്ചെത്തി. ഹെലികോപ്​ടറിൽനിന്ന്​ നൽകിയ സുരക്ഷാ കയറിൽ നിഷാങ്കിനെ സൈന്യം ജീവിതത്തിലേക്ക്​ തിരികെ കയറ്റുമ്പോൾ രക്ഷാദൗത്യം അഞ്ചു മണിക്കൂർ പിന്നിട്ടിരുന്നു.

വൈകിട്ട് ആറോടെയാണ് രക്ഷാ പ്രവർത്തനം പൂർത്തിയായത്. പരിക്കേറ്റതിനാലും വെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാലും അവശനായിരുന്ന നിഷാങ്കിനെ ഉടൻ യെലഹങ്ക എയർബേസിലെത്തിച്ച്​ അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റിയതായി ഓപറേഷന്​ നേതൃത്വം നൽകിയ ചിക്കബല്ലാപുര എസ്​.പി ജി.കെ. മിഥുൻ കുമാർ പറഞ്ഞു.


അടുത്തിടെ പാലക്കാട് ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ആർ. ബാബുവി​നെ സൈന്യം രക്ഷിച്ചത് വലിയ വാർത്തയായിരുന്നു.

Post a Comment

0 Comments