NEWS UPDATE

6/recent/ticker-posts

പോർവിളിച്ച് നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിൽ; കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര നിലപാട് ആർക്കുമറിയില്ലെന്നും കോടതിയെ ഇരുട്ടിൽ നിർത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.[www.malabarflash.com]


കേന്ദ്ര സർക്കാർ കെ റെയിലുമായി ബന്ധപ്പെട്ട ഔദ്യോഗികമായി വിവരങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. പദ്ധതി മുന്നോട്ട് പോകുന്നുണ്ടോ എന്നത് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. കെ റെയിലുമായി ബന്ധപ്പെട്ട് ഇതുവരെ കേന്ദ്ര സർക്കാരിന്റേതായ ഒരു വിശദീകരണവും കോടതിയുടെ മുന്നിലെത്തിയിട്ടില്ല. എന്തു കൊണ്ട് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നില്ല എന്നും കോടതി ചോദിച്ചു.

കോടതിയെ ഇരുട്ടിൽ നിർത്തരുത്. കേന്ദ്രം കെ റെയിലുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോട് ജനുവരി 20ന് കൃത്യമായ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം കെ റെയിൽ എന്ന് എഴുതിയിട്ടുള്ള വലിയ കോൺക്രീറ്റ് തൂണുകൾ, സർവെ നടപടിയുടെ ഭാഗമായി സ്ഥാപിക്കരുത് എന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് കെ റെയിൽ കോർപ്പറേഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇപ്പോൾ സർവെ ആക്ട് പ്രകാരമുള്ള സർവെ കല്ലുകൾ മാത്രമാണ് നടപടികളുടെ ഭാഗമായി ഉപയോഗിക്കുന്നതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

പോർവിളിച്ചു കൊണ്ട് നടപ്പിലാക്കാൻ കഴിയുന്ന ഒരു പദ്ധതി അല്ല സിൽവർ ലൈൻ എന്ന് കോടതി സർക്കാരിനെ ഓർമ്മപ്പെടുത്തി. കേരളത്തിൽ അങ്ങോളമിങ്ങോളം സർക്കാർ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇത്. പോർവിളിയോടെ അല്ല നടപ്പിലാക്കേണ്ടത്, ശാന്തമായി നടപ്പാക്കേണ്ട പദ്ധതിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.

Post a Comment

0 Comments