Top News

കൈയേറിയ വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കണം: ഹക്കീം അസ്ഹരി

കോഴിക്കോട്: കൈയേറിയ വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം അസ്ഹരി. കോഴിക്കോട് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നത്. പട്ടാളപ്പള്ളിയും മുഹ്‌യുദ്ദീന്‍ പള്ളിയുമടക്കം 11 പള്ളികള്‍ കോഴിക്കോട് നഗരത്തില്‍ മാത്രം വഹാബികള്‍ കൈയേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]


അവേലത്ത് മഖാം ഉറൂസുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വഖ്ഫ് സ്വത്തുക്കള്‍ ഇന്ത്യക്ക് പുറത്തും വ്യാപകമായി കൈയേറിയിട്ടുണ്ട്. സുന്നികള്‍ വഖ്ഫ് ചെയ്ത നിരവധി സ്വത്തുക്കളാണ് വഹാബി ആശയക്കാര്‍ കേരളത്തില്‍ കൈക്കലാക്കിയത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് നഗരത്തിലേത്. അവയെ കുറിച്ച് അന്വേഷിക്കണം. ഇവയെല്ലാം തിരിച്ചുപിടിക്കണം.

വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിന് അനുസരിച്ചാണ് വിനിയോഗിക്കേണ്ടത്. വഖ്ഫ് ബോര്‍ഡ് നിയമനത്തില്‍ സുാര്യത വേണം. പിന്‍വാതില്‍ നിയമനങ്ങള്‍ തടയപ്പെടണം. വഖ്ഫ് ബോര്‍ഡ് നിയമനത്തിന്റെ കാര്യത്തില്‍ എല്ലാവിഭാഗവുമായി ആലോചിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post