NEWS UPDATE

6/recent/ticker-posts

വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ കാമുകന്റെ ആത്മഹത്യാനാടകം; സത്യമറിയാതെ യുവതി ജീവനൊടുക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കാമുകന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ട് യുവതി ആത്മഹത്യ ചെയ്തു. എന്നാല്‍, യുവതിയുടെ മാതാപിതാക്കളെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനായി കാമുകനും സുഹൃത്തും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു അത്. ഇതറിയാതെയാണ് വാർത്ത കേട്ട പാടെ യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ കാമുകനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.[www.malabarflash.com]

ഹസന്‍ ജില്ലയിലെ ചന്നരായപട്ടണ സ്വദേശിയായ സക്കമ്മയെയാണ് (24) ബുധനാഴ്ച ഉച്ചക്ക്‌ശേഷം വടക്കന്‍ ബെംഗളൂരുവിലെ താമസസ്ഥലത്ത് സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യശ്വന്ത്പുരിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു സക്കമ്മ. ഒപ്പം ജോലി ചെയ്തിരുന്ന അരുണ്‍ എന്ന 30-കാരനുമായി സക്കമ്മ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. 

രണ്ട് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ബന്ധത്തെക്കുറിച്ച് വീട്ടില്‍ അറിയിച്ചുവെങ്കിലും വിവാഹത്തിന് ഇരുവീട്ടുകാര്‍ക്കും സമ്മതംമൂളിയില്ല. തുടര്‍ന്ന് അരുണ്‍ വീട്ടുകാരെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു. എന്നാല്‍ സക്കമ്മയുടെ കുടുംബം എതിര്‍പ്പ് തുടര്‍ന്നു. ഇതേ തുടര്‍ന്ന് സക്കമ്മയുടെ വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാനായി അരുണും സുഹൃത്തും ചേര്‍ന്ന് ആത്മഹത്യാനാടകം പദ്ധതിയിടുകയായിരുന്നു. 

അരുണിന്റെ നിര്‍ദേശപ്രകാരം സുഹൃത്ത് ഗോപാല്‍ സക്കമ്മയുടെ സഹോദരീ ഭര്‍ത്താവ് പ്രജ്വലിനെ ഫോണില്‍ വിളിച്ച് പോലീസുകാരനാണെന്ന് പരിചയപ്പെടുത്തിയ ശേഷം അരുണ്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ആശുപത്രിയിലാണെന്നും അറിയിച്ചു. ഇരുവരുടേയും വിവാഹം നടത്തി നല്‍കണമെന്നും ഇല്ലെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്നും ഇയാള്‍ പ്രജ്വലിനെ അറിയിച്ചു. സക്കമ്മയെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്നും ഗോപാല്‍ ആവശ്യപ്പെട്ടു. 

പ്രജ്വല്‍ സംഭവം സക്കമ്മയുടെ അമ്മയെ അറിയിച്ചു. എന്നാല്‍ മകളെ ചന്നരായപട്ടണത്തേക്ക് കൊണ്ടുവരാനും പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കേണ്ടതില്ലെന്നുമാണ് അവര്‍ അറിയിച്ചത്. തുടര്‍ന്ന് പ്രജ്വല്‍ സക്കമ്മയെ വിളിച്ച് അരുണ്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ചന്നരായപട്ടണത്തേക്ക് പോകാന്‍ തയ്യാറാകാനും ആവശ്യപ്പെട്ടു. എന്നാല്‍ അരുണ്‍ മരിച്ചുവെന്ന് തെറ്റിദ്ധരിച്ച സക്കമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. 

മകളുടെ മരണത്തിന് പിന്നില്‍ അരുണും സുഹൃത്ത് ഗോപാലും മാത്രമാണെന്ന് സക്കമ്മയുടെ കുടുംബം ആരോപിച്ചു. അരുണും ഗോപാലുമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കാട്ടി സക്കമ്മയുടെ കുടുംബം പോലീസിലും പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ആത്മഹത്യാക്കുറ്റം ചുമത്തി അരുണിനേയും ഗോപാലിനേയും പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments