NEWS UPDATE

6/recent/ticker-posts

മോഷ്ടിച്ച ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ പ്രതികൾ അറസ്റ്റിൽ; മോഷണമുതൽ കണ്ടെടുത്തു

മംഗളൂരു: മോഷ്ടിച്ച സ്വർണം, വെള്ളി ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ പ്രതികൾ മോഷണമുതലുകളുമായി പിടിയിൽ. ദാവണഗെരെ സ്വദേശി സി.വി. മാരുതി (33), ചിക്കമഗളൂരുവിലെ നാഗ നായിക് (55) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]


വിവിധ വീടുകളിൽനിന്നും ആരാധനാലയങ്ങളിൽനിന്നും മോഷ്ടിച്ച 406 ഗ്രാം സ്വർണം, 16 കിലോ വെള്ളി എന്നിവ ഇവരിൽനിന്ന് കണ്ടെടുത്തു. ആഭരണങ്ങളും പൂജാസാമഗ്രികളും ഇതിൽ ഉൾപ്പെടും. ഇവയ്ക്ക് മൊത്തം 28 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

അശോക് നഗറിലെ വീട്ടിൽ ആളില്ലാത്ത സമയത്ത് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട്ടിൽ പോയ വീട്ടുടമ നവംബർ 12-ന് തിരിച്ചെത്തിയപ്പോഴാണ് ജനലും വാതിലും തകർത്ത് കവർച്ച നടത്തിയ കാര്യമറിയുന്നത്. പരിശോധിച്ചപ്പോൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 6.86 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ഉർവ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് സിറ്റി ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

പിടിയിലായ നാഗ നായിക് മംഗളൂരുവിൽ മാത്രം 13 ക്ഷേത്രങ്ങളിലും മൂന്ന് വീടുകളിലും കവർച്ചനടത്തിയ കേസിൽ പോലീസ് തിരയുന്ന പ്രതിയാണ്. ഓട്ടോഡ്രൈവറായിരുന്ന മാരുതി, നാഗ നായിക്കുമായി ചേർന്നതോടെയാണ് വൻ കവർച്ചകൾക്ക് പദ്ധതിയിട്ട് നടപ്പാക്കിയത്. മോഷ്ടിക്കുന്ന ആഭരണങ്ങളും സ്വർണപ്പാത്രങ്ങളും മറ്റും രൂപമാറ്റംവരുത്തി വിൽക്കാനാണ് ഇവർ രണ്ടുപേരും ചേർന്ന് ജ്വല്ലറി തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. 

മോഷണമുതലുകൾ സംശയിക്കാത്തതരത്തിൽ ഇവിടെ സൂക്ഷിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ദാവണഗെരെയിലെ ഒരു ജ്വല്ലറിയിൽ വിറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കൂടുതൽ കവർച്ച നടത്തിയിട്ടുണ്ടോയെന്നറിയാൻ ഇവരെ ചോദ്യംചെയ്യുകയാണ്.

Post a Comment

0 Comments