NEWS UPDATE

6/recent/ticker-posts

വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ നേരിട്ട് ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി

മധുര: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കാര്യത്തിലും വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാട്ട്സ്ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്‍റെ പേരില്‍ എടുത്ത കേസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വാട്ട്സ്ആപ്പ് അഡ്മിനെ ഒഴിവാക്കിയ ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഇത്തരം ഒരു നിരീക്ഷണം നടത്തിയത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.[www.malabarflash.com]


കരൂര്‍ ലോയേര്‍സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാണ് അയാള്‍ക്കെതിരെ റജിസ്ട്രര്‍ ചെയ്ത എഫ്ഐആറിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഗ്രൂപ്പില്‍ അംഗമായ മറ്റൊരു വക്കീല്‍ നല്‍കിയ പരാതിയിലാണ് ഗ്രൂപ്പ് അഡ്മിനെതിരെയും പോസ്റ്റ് ഗ്രൂപ്പില്‍ ഇട്ടയാള്‍ക്കെതിരെയും പോലീസ് കേസ് എടുത്ത് എഫ്ഐആര്‍ ഇട്ടത്.

രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ വളര്‍ത്തുന്ന സംഭാഷണം നടത്തി എന്നതിന് സെക്ഷന്‍ 153 എ, പൊതുസ്ഥലത്തെ സഭ്യമല്ലാത്ത സംസാരത്തിന് 294 ബി എന്നീ ഐപിസി വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരുന്നത്. ഇതിനെതിരെയാണ് ഗ്രൂപ്പ് അഡ്മിന്‍ ഹൈക്കോടതിയെ സമീപിച്ചത്.

2021ലെ കിഷോര്‍ വെര്‍സസ് മഹാരാഷ്ട്രസര്‍ക്കാര്‍ കേസ് ഉദ്ധരിച്ചാണ് എഫ്ഐആറില്‍ നിന്നും വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ മദ്രാസ് ഹൈക്കോടതി ഒഴിവാക്കിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഒരാള്‍ ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യുമെന്ന് നേരത്തെ അറിവോ, അതിന് സമ്മതം നല്‍കുന്ന ഇടപെടലോ അഡ്മിന്‍റെ ഭാഗത്ത് നിന്നും ഇല്ലായെന്ന് വ്യക്തമാണെന്നും. അതിനാല്‍ അഡ്മിന് ഈ പ്രവര്‍ത്തിയില്‍ ഉത്തരവാദിത്വം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്‍റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

Post a Comment

0 Comments