NEWS UPDATE

6/recent/ticker-posts

ആദ്യ ഒമിക്രോണ്‍ കേസ്, അതീവ ജാഗ്രതയോടെ കേരളം; കരുതൽ കൈവിടരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  അഭ്യർത്ഥിച്ചു. അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണിനെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതുവരെ കോവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികള്‍ തുടരണം.[www.malabarflash.com]

മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു.

യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഞായറാഴ്ച ഒമിക്രോണ്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 

എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.

എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ തിങ്കളാഴ്ച  (ഡിസംബര്‍ 13) കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തരം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. 

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എയര്‍പോര്‍ട്ടിൽ പ്രത്യേക നിരീക്ഷണമുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയച്ചു വരുന്നതായും മന്ത്രി അറിയിച്ചു

Post a Comment

0 Comments