NEWS UPDATE

6/recent/ticker-posts

എൻഡോസൾഫാൻ ദുരിത ബാധിതയുടെ അമ്മയിൽ നിന്ന് കൈക്കൂലി; വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ

ചീമേനി: എൻഡോസൾഫാൻ ദുരിത ബാധിതയായ കുട്ടിയുടെ അമ്മയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിൽ.[www.malabarflash.com]

ഭൂമിക്ക് പട്ടയം നൽകാൻ കൈക്കൂലി വാങ്ങിയതിനാണ് ചീമേനി വില്ലേജ് ഓഫിസർ കരിവെള്ളൂർ തെരു സ്വദേശി എ.വി.സന്തോഷ്, വില്ലേജ് അസിസ്റ്റന്റും കണ്ണൂർ തവിടിശേരി പെരുന്തട്ട സ്വദേശി കെ.സി മഹേഷ് എന്നിവരെ ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

ചീമേനി ഞണ്ടാടിയിലെ പി. നിഷയുടെ പരാതിയിലാണ് അറസ്റ്റ്. അച്ഛന്റെ കൈവശമുണ്ടായിരുന്ന 50 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിനായി സമീപിച്ചപ്പോൾ ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. വർഷങ്ങളായി നികുതി അടയ്ക്കുന്ന ഭൂമിക്ക് 2019 ൽ കംപ്യൂട്ടർവൽക്കരണം വന്നതോടെ നികുതി അടയ്ക്കാൻ കഴിയാതെ വന്നു. ഇത് അന്വേഷിക്കുന്നതിനായി ചീമേനിയിലെ വില്ലേജ് ഓഫിസിൽ പോയപ്പോഴാണ് ഇത്രയും തുക കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാൽ നിർധന കുടുംബത്തിന് ഇത് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഫയൽ നീങ്ങാത്ത അവസ്ഥ വന്നു.

ഒടുവിൽ കയ്യിലുള്ള 7 ഗ്രാം സ്വർണം പണയപ്പെടുത്തി പണം നൽകാൻ ആലോചിക്കുന്നതിനിടെ തുക എത്തിക്കാൻ വില്ലേജ് ഓഫിസിൽ നിന്ന് ആവശ്യപ്പെട്ടത്രേ. തുടർന്നു നിഷ വിജിലൻസിൽ പരാതിപ്പെട്ടു. വൈകിട്ട് പണം കൈമാറുമ്പോഴാണ് അറസ്റ്റ് നടന്നത്.

Post a Comment

0 Comments