NEWS UPDATE

6/recent/ticker-posts

ഡോ. കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് യുപി സർക്കാർ

ലക്നൌ: ഡോ. കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് യുപി സർക്കാർ ഉത്തരവ്. ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി.[www.malabarflash.com]

ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതൽ കഫീൽ ഖാൻ സസ്പെൻഷനിലാണ്. സസ്പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരവേയാണ് സർക്കാർ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീൽ ഖാൻ പ്രതികരിച്ചു.

പെട്ടെന്ന് സർക്കാർ തന്നെ പുറത്താക്കയതിൻ്റെ കാരണം അറിയില്ലെന്ന് ഡോ.കഫീൽ ഖാൻ പറഞ്ഞു. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യു പി സർക്കാർ ആണെന്നും യഥാർത്ഥ കുറ്റക്കാരനായ ആരോഗ്യ മന്ത്രി ഇപ്പോളും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെന്നും കഫീൽ ഖാൻ പ്രതികരിച്ചു.

യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാൻ ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റാരോപിതനായിരുന്നു. ഈ കേസിൽ മാസങ്ങളോളം ഇദ്ദേഹത്തെ ജയിലിൽ അടിച്ചിരുന്നു.

ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് 10നാണ് കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ച് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. 

പിന്നാലെ എഇഎസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്പെൻഡ് ചെയ്തു. തുടർന്ന് കേസില്‍ മൂന്നാം പ്രതി ചേർത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25ന് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു.

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചിരിന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.

യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ്. ഔദ്യോഗിക കണക്കനുസരിച്ചു ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ‌2017 ഓഗസ്റ്റിൽ 290 കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. ഇതിൽ 213 കുട്ടികളും നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

എൻസഫലൈറ്റിസ് വാർഡിൽ കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് ഓക്സിജൻ കൂടാതെ ജീവൻ നിലനിർത്താനാവില്ല എന്ന കാര്യം ആശുപത്രി അധികാരികൾക്ക് അറിവുള്ളതാണ്. എന്നിട്ടും ബില്ലുകളൊന്നും സമയത്തിന് പാസ്സാക്കപ്പെട്ടില്ല. കോൺട്രാക്റ്റർക്ക് ഓക്സിജൻ സിലിണ്ടറുകൾക്കുള്ള ബാക്കി പണം കുടിശ്ശിക തീർത്ത് കിട്ടിയില്ല എന്ന കാരണം പറഞ്ഞ് സിലിണ്ടറുകളുടെ സപ്ലൈ മുടങ്ങി. ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചു. ഒന്നോ രണ്ടോ അല്ല, അറുപതു പിഞ്ചുകുഞ്ഞുങ്ങളാണ് അന്ന് ആ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്.

ആ മരണങ്ങൾ സംഭവിക്കാതിരിക്കാൻ പരമാവധി താൻ ശ്രമിച്ചിരുന്നു എന്ന് ഡോ. കഫീൽ ഖാൻ ഈ കേസിൽ ആരോപണവിധേയനായ അന്നുതൊട്ടേ മാധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു. കുട്ടികൾ മരിച്ചതിനു പിന്നാലെ മാധ്യമങ്ങളുടെ ആരോപണങ്ങൾ ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നേരെയാണ് തിരിഞ്ഞത്. 

ബിആർഡി മെഡിക്കൽ കോളേജിന്റെ ചീഫ് മെഡിക്കൽ സൂപ്രണ്ടായ ഡോ. ആർഎസ് ശുക്ല പ്രസ്തുത ആരോപണങ്ങളൊക്കെയും പാടേ നിഷേധിച്ചു കൊണ്ട് അന്ന് പറഞ്ഞത് കുട്ടികൾ മരിച്ചത് ഓക്സിജൻ സമയത്തിന് കിട്ടാഞ്ഞതുകൊണ്ടൊന്നുമല്ല എന്നാണ്. യോഗിയും അന്ന് ഡോ. കഫീൽ ഖാൻ മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞതൊക്കെ തള്ളിക്കളഞ്ഞിരുന്നു. ഒടുവിൽ അന്ന് അന്വേഷണം ഈ വിഷയത്തിൽ പരാതി ഉന്നയിച്ച ഡോ. കഫീൽ ഖാന് നേരെ തന്നെ തിരിയുകയും, അദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ജനറൽ കെകെ ഗുപ്ത നേരിട്ട് നൽകിയ പരാതിയിന്മേലായിരുന്നു പോലീസ് ഡോ. ഖാനെതിരെ എഫ്‌ഐആർ ഇട്ടത്.

ജയിലിൽ കഴിഞ്ഞ സമയത്ത് ഡോ. ഖാൻ തന്റെ നിരപരാധിത്വം വിശദീകരിച്ചുകൊണ്ട് പത്തു പേജുള്ള സുദീർഘമായ ഒരു കത്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൽ കുട്ടികൾ മരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ബിആർഡി മെഡിക്കൽ കോളേജിലെ കാര്യങ്ങൾ വഷളായത് എങ്ങനെ എന്നതിന്റെ നേർസാക്ഷ്യമുണ്ടായിരുന്നു. 

അന്ന് ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസർ മാത്രമായ താൻ ആശുപത്രിയുടെ പരമാധികാരികളെയും, ജില്ലാ മജിസ്‌ട്രേറ്റിനെയും ഒക്കെ വിവരങ്ങൾ സമയസമയത്ത് അറിയിച്ചിരുന്നു എന്നും, സ്വന്തം ചെലവിൽ ഓക്സിജന്‍ സിലിണ്ടറുകൾ വാങ്ങി പൊലീസിന്റെയും പട്ടാളത്തിന്റെയും മറ്റും സഹായത്തോടെ അവ ആശുപത്രിയിലേക്ക് അടിയന്തരമായി എത്തിക്കുകയും ചെയ്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 

2018 -ൽ ഡോ. ഖാനെ പിന്തുണച്ചുകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തുവന്നിരുന്നു. അന്ന് ഇരുനൂറിലധികം ഡോക്ടർമാർ ഒപ്പിട്ട ഒരു നിവേദനവും ഉത്തർപ്രദേശിലെ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കപ്പെട്ടിരുന്നു. ഒമ്പതുമാസത്തെ ജയിൽവാസത്തിനു ശേഷം ഡോ. ഖാൻ ജയിൽ മോചിതനായി.

ഗൊരക്പൂരിലെ ശിശുമരണത്തിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറുപടി പറയണമെന്നും കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുവന്ന ഡോക്ടറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചിരുന്നു. നീയല്ലേ സിലിണ്ടര്‍ കൊണ്ടുവന്നത്. നിന്നെ കണ്ടോളാം എന്നായിരുന്നു യോഗി ആദിത്യനാഥ് സംസാരിച്ചത്. ആ വാക്കുകളാണ് തന്‍റെ ജീവിതം കീഴ്മേല്‍ മറിച്ചതെന്നും ഡോ. കഫീല്‍ ഖാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

അന്നുമുതല്‍ തന്നെ ഒരു ബലിമൃഗമായാണ് യോഗി സര്‍ക്കാര്‍ കണക്കാക്കിയത്. യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് തന്നെ ബലിമൃഗമാക്കിയതെന്നും ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. സിലിണ്ടറുകള്‍ നല്‍കിയതിനുള്ള പണം ആവശ്യപ്പെട്ട് 14 കത്തുകള്‍ നല്‍കിയിട്ടും മറുപടി നല്‍കാതിരുന്നവരാണ് സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയെന്നും കഫീല്‍ ഖാന്‍ ആരോപിച്ചു. 

ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഓക്സിജന്‍ സിലിണ്ടര്‍ നല്‍കുന്ന കമ്പനിക്കാര്‍ നിരന്തരം കത്തുകള്‍ എഴുതിയിരുന്നു. എന്നാല്‍ ആ കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടിയാണ് ഉത്തരവാദപ്പെട്ടവര്‍ പണം നല്‍കാതിരുന്നതെന്നും കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു

Post a Comment

0 Comments