NEWS UPDATE

6/recent/ticker-posts

ശബരിമലയിലെ 'ഹലാൽ ശർക്കര' കമ്പനിയുടമ ശിവസേന നേതാവ്; വെട്ടിലായി ബി.ജെ.പി

ശബരിമലയുമായി ബന്ധപ്പെട്ട 'ഹലാൽ ശർക്കര' വിവാദത്തിൽ വഴിത്തിരിവ്​. മുസ്‌ലിം മാനേജ്‌മെന്‍റിന് കീഴിലുള്ള കമ്പനിയല്ല ശർക്കര പായ്ക്കറ്റുകൾ നിർമിക്കുന്നതെന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ്‌സൈറ്റിലെ രേഖകൾ പറയുന്നത്. ഇതോടെ ശർക്കരയുടെ പേരിൽ വിവാദമുയർത്തിയ ബി.ജെ.പി വെട്ടിലായി.[www.malabarflash.com]


മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശർക്കര പായ്ക്കറ്റുകൾ നിർമിക്കുന്നത്. ഇതുമാത്രമല്ല, കമ്പനി ചെയർമാൻ ധൈര്യശീൽ ധ്യാൻദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവുമാണ്.

2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരാട് നോർത്ത് മണ്ഡലത്തിൽ ശിവസേനാ സ്ഥാനാർത്ഥിയായിരുന്നു ധ്യാൻദേവ്. സതാര ജില്ലയിലെ മണ്ഡലത്തിൽ എൻസിപിയുടെ ബാലാസാഹെബ് പൻദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്. 39791 വോട്ടു നേടി സ്വതന്ത്രൻ മനോജ് ഭീംറാവു ഘോർപാഡെയ്ക്കും താഴെ മൂന്നാമതായിരുന്നു ധ്യാൻദേവ്. പോൾ ചെയ്തതിൽ 19.95 ശതമാനം വോട്ടേ ഇദ്ദേഹത്തിന് നേടാനായുള്ളൂ. പാട്ടീലിന് 50.39 ശതമാനം വോട്ടു കിട്ടി. മണ്ഡലത്തിൽ 2014ൽ കോൺഗ്രസ് ടിക്കറ്റിലും ധ്യാൻദേവ് മത്സരിച്ചിരുന്നു. എന്നാൽ 2009 മുതല്‍ ജയിച്ചുവരുന്ന പാട്ടീൽ തന്നെയായിരുന്നു വിജയി.

ധ്യാൻദേവിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിറയെ ശിവസേനയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. നവംബർ 17ലെ താക്കറെ ഓർമദിനത്തിൽ വരെ ഇദ്ദേഹം അനുസ്മരണക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ വിവിധ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പത്തു വർഷമായി കൃഷി-അനുബന്ധ മേഖലയിൽ സജീവമായ കമ്പനിയാണ് ധ്യാൻദേവിന്‍റെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീൽ ധ്യാൻദേവ് കദം, വിക്രംശീൽ ധ്യാൻദേവ് കദം, ഗീതാഞ്ജലി സത്യശീൽ കദം, സുനിത ധൈര്യശീൽ കദം, തേജസ്വിനി വിക്രംശീൽ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ.

സൾഫറില്ലാത്ത പഞ്ചസാര ഉൽപ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശർക്കരയും അതിന്‍റെ പൊടിയും മറ്റുമായി വിവിധ പേരുകളിൽ ഇവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡർ. ഈ മേഖലയിലെ ഹോൾസെയിൽ വമ്പന്മാരാണ് വർധൻ ആഗ്രോ പ്രൊസസിങ്.


ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പായ്ക്കിങ്ങിൽ ഹലാൽ സർട്ടിഫിക്കറ്റ് മുദ്രണം ചെയ്യുന്നത്.

ശബരിമലയിൽ അരവണ, അപ്പം നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചുവെന്നായിരുന്നു സംഘ്പരിവാർ ആരോപണം. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്.


ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളത്തിലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ പ്രസ്താവന കൂടി വന്നതോടെ വിഷയം ബി.ജെ.പിയും ഏറ്റെടുത്തു.

Post a Comment

0 Comments