NEWS UPDATE

6/recent/ticker-posts

65000 പേരുടെ 18 ദിവസത്തെ അന്വേഷണം ; ഒടുവില്‍ ക്ലിയോയെ കണ്ടെത്തിയത് വീട്ടിന് തൊട്ടടുത്ത് നിന്ന് !

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബ്ലോഹോൾസ് ക്യാമ്പ്‌സൈറ്റിൽ 18 ദിവസം മുമ്പ് കാണാതായ ക്ലിയോ സ്മിത്ത്  എന്ന മൂന്ന് വയസ്സുകാരിക്ക് വേണ്ടി തിരച്ചിലായി സാമൂഹ്യമാധ്യമ കൂട്ടായ്മയില്‍ ഒത്തുകൂടിയത് 65,000 ത്തിലേറെ പേര്‍.[www.malabarflash.com]

ഇവരെ കൂടാതെ 100 ഓളം പോലീസുകാര്‍ വീടുകള്‍ തോറും കയറിയിറങ്ങി അന്വേഷണം നടത്തി. ഒടുവില്‍ പതിനെട്ട് ദിവസത്തിന് ശേഷം വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള ഒരു പൂട്ടിയിട്ട വീട്ടില്‍ നിന്ന് അവളെ കണ്ടെത്തി. ക്ലിയോ സ്മിത്തിനെ കണ്ടെത്തിയെന്ന വാര്‍ത്ത അറിഞ്ഞ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ട്വിറ്ററില്‍ കുറിച്ചത് "അത്ഭുതകരവും ആശ്വാസം നൽകുന്നതുമായ വാർത്തയാണ്" എന്നായിരുന്നു.

ഏഴ് മിനിറ്റ് സഞ്ചാര ദൂരത്തില്‍ മൂന്ന് കിലോമീറ്റര്‍ അകലെ നിന്നായിരുന്നു 18 ദിവസങ്ങള്‍ക്ക് ശേഷം ക്ലിയോ സ്മിത്തിനെ കണ്ടെത്തിയത്. കുട്ടി ആരോഗ്യവതിയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തട്ടികൊണ്ട് പോയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

അവധിക്കാലം ആഘോഷിക്കാനായി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം കഴിഞ്ഞ ഒക്‌ടോബർ 16 -ന് കാർനാർവോൺ പട്ടണത്തിനടുത്തുള്ള ക്വോബ്ബ ബ്ലോഹോൾസ് ക്യാമ്പിംഗ് ഗ്രൗണ്ടിലെത്തിയതായിരുന്നു ക്ലിയോ സ്മിത്ത്. അവടെ വച്ചാണ് അവളെ കാണാതാകുന്നതും.

മാക്ലിയോഡിലെ ഈ വിദൂര പ്രദേശം പെർത്തിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ (560 മൈൽ) വടക്കാണ്, ഇത് സംസ്ഥാനത്തിന്‍റെ തീരപ്രദേശത്തെ ഒരു പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമാണ്. മനോഹരമായ സമുദ്ര ദൃശ്യങ്ങൾക്കും കടൽ ഗുഹകൾക്കും തടാകങ്ങൾക്കും പേരുകേട്ട പ്രദേശം.

അവളുടെ ഇളയ സഹോദരിയുടെ കട്ടിലിനരികിൽ ഒരു വായു നിറച്ച കിടക്കയില്‍ ക്ലിയോയെ രാത്രി ഉറങ്ങാന്‍ കിടത്തി. ടെന്‍റിന്‍റെ രണ്ടാമത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മ രാവിലെ എഴുന്നേറ്റപ്പോൾ ക്ലിയോയെ കാണാനുണ്ടായിരുന്നില്ല.

മകളെ കാണാതായതോടെ അമ്മയും അച്ഛനും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ക്ലിയോയുടെ അമ്മ എവ്‌ലിൻ ഫോക്‌സ് മകളെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യമാധ്യമത്തില്‍ ഒരു പേജ് തുടങ്ങി. അവളെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അതുവഴി പൊതുജനങ്ങളിലേക്ക് എത്തിച്ചു.

സാമൂഹ്യമാധ്യമത്തിലൂടെ അവളുടെ അമ്മ 'ക്ലിയോ സ്മിത്തിനെ വീട്ടിലേക്ക് കൊണ്ടുവരിക' ( Bring Cleo Smith Home ) എന്ന പേരില്‍ ഒരു സാമൂഹ്യമാധ്യമ പേജ് തുടങ്ങി. ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ആളുകള്‍ അവളെ അന്വേഷിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നു.

ഒടുവില്‍ ക്ലിയോ സ്മിത്ത് എന്ന ആ മൂന്ന് വയസുകരിക്ക് വേണ്ടി 65,000 പേരുടെ ഒരു വലിയ സംഘം തന്നെ സാമൂഹ്യമാധ്യമത്തിലൂടെ കൂട്ടിയക്കായി പല വിധത്തില്‍ അന്വേഷണം ആരംഭിച്ചു. പക്ഷേ , ആളുകൂടിയതോടെ പല വിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

ചിലര്‍‌ ട്രോളുകള്‍ ഇറക്കി മറ്റ് ചിലര്‍ പല കഥകളും പ്രചരിപ്പിച്ചു. വേറെ ചിലര്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി രംഗത്തെത്തി. ഒടുവില്‍ പോലീസിന് ഇവരെയെല്ലാം അടക്കി നിര്‍ത്തേണ്ടിവന്നു. അതോടെ പേജ് അഡ്മിന്‍മാര്‍ക്കെതിരെ വധഭീഷണിവരെ ഉയര്‍ന്നു. ഇതിനെയെല്ലാം അന്വേഷണ സംഘം മറികടന്നു.

ഇതേ സമയം നൂറോളം പോലീസുകാരുടെ ഒരു സംഘവും ക്ലിയോ സ്മിത്തിനെ അന്വേഷിച്ച് രംഗത്തുണ്ടായിരുന്നു. നാട്ടുകാരുള്‍പ്പെട്ട 65,000 പേരടങ്ങുന്ന സംഘം ക്ലിയോയ്ക്കായി സ്റ്റിക്കറുകൾ, ടീ-ഷർട്ടുകൾ, പോസ്റ്ററുകൾ എന്നിവ അടിച്ചിറക്കി.

ക്ലിയോ എവിടെയാണെന്ന് വിവരം നൽകുന്നവർക്ക് 1 മില്യൺ ഓസ്ട്രേലിയന്‍ ഡോളര്‍ പാരിതോഷികം നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. രാജ്യം തന്നെ ആ മൂന്ന് വയസ്സുകാരിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

പക്ഷേ നീണ്ട 18 ദിവസം അന്വേഷിച്ചിട്ടും ക്ലിയോയെ കുറിച്ച് ഒരു വിവരവും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇത്രയും ദിവസം കഴിഞ്ഞതിനാല്‍ കുഞ്ഞ് മരിച്ചിരിക്കുമോയെന്ന് പോലും പലരും സംശയം പ്രകടിപ്പിച്ചു.

ഒടുവില്‍ ക്ലിയോയുടെ വീട്ടില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരെ , അതായത് വെറും ഏഴ് മിനിറ്റ് യാത്രാ ദൂരെ കാർനാർവോണിലെ അടച്ചിട്ട ഒരു വീട് രാത്രി ഒരു മണിക്ക് പോലീസ് തല്ലിപൊളിച്ച് അകത്ത് കടന്നപ്പോള്‍ പൂട്ടിയിട്ട നിലയില്‍ ക്ലിയോയെ കണ്ടെത്തുകയായിരുന്നു.

COP26 കാലാവസ്ഥാ ഉച്ചകോടിക്കായി സ്കോട്ട്‌ലൻഡിലെത്തിയ ശേഷം ഇപ്പോൾ നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വാര്‍ത്ത അറിഞ്ഞതും " ഇത് അത്ഭുതകരവും ആശ്വാസം നൽകുന്നതുമായ വാർത്തയാണ്" എന്ന് ട്വീറ്റ് ചെയ്തു

കാർനാർവോൺ ഷയർ പ്രസിഡന്‍റ് എഡ്ഡി സ്മിത്ത് ഓസ്‌ട്രേലിയയുടെ 2 ജിബി റേഡിയോയോട് പറഞ്ഞത്: "18 ദിവസമായി ഞങ്ങള്‍ ഉത്കണ്ഠ നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇപ്പോൾ ഞാൻ അൽപ്പം വികാരഭരിതനാണ്." എന്നാണ്.

ഡെപ്യൂട്ടി കമ്മീഷണർ ബ്ലാഞ്ച് 6 PR റേഡിയോയോട് പറഞ്ഞത്, "കുട്ടിയെ കണ്ടെത്തി എന്നറിഞ്ഞതോടെ അനുഭവസമ്പത്തുള്ള ഡിറ്റക്ടീവുകൾ പോലും ആശ്വാസത്തോടെ കരയുന്നത് കാണുന്നത് അവിശ്വസനീയമായിരുന്നു" എന്നാണ്.

ഒടുവില്‍ ക്ലോയെ പൂട്ടിയിട്ട സ്ഥലത്ത് നിന്ന് പ്രദേശവാസിയായ ഒരു 36 കാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ എന്തിനാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്ന് വ്യക്തമല്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു. ഒടുവില്‍ ക്ലിയോയുടെ വീടിന് മുന്നില്‍ "Welcome home celo" ബോര്‍ഡുകള്‍ ഉയര്‍ന്നു.

Post a Comment

0 Comments