NEWS UPDATE

6/recent/ticker-posts

മൈസൂരുവിൽ മാധ്യമപ്രവർത്തകന്​ ഹിന്ദുത്വ പ്രവർത്തകരുടെ മർദനം

ബംഗളൂരു: മൈസൂരുവിൽ ഹിന്ദു ജാഗരൺ വേദികെയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം റിപ്പോർട്ട്​ ചെയ്യുന്നതിനിടെ ഉറുദു മാധ്യമപ്രവർത്തകന്​ മർദനം. ഉറുദു ന്യൂസ്​ വെബ്​സൈറ്റായ ദ ഡെയ്​ലി കൗസർ ചീഫ്​ എഡിറ്റർ മുഹമ്മദ്​ സഫ്​ദർ കൗസർ (49)നാണ്​ മർദനമേറ്റത്​. മൈസൂരു കോട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.[www.malabarflash.com]


അനധികൃതമായി നിർമിച്ച ആരാധനാലയങ്ങൾ സുപ്രീംകോടതി നിർദേശത്തെ തുടർന്ന്​ പൊളിച്ചതിനെതിരെയായിരുന്നു ഹിന്ദു ജാഗരൺവേദികെയുടെ പ്രതിഷേധം അരങ്ങേറിയത്​. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാരോപിച്ച് ബി.ജെ.പി. സര്‍ക്കാറിനെതിരെയും മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖറിനെതിരെയും, എസ്.എ. രാമദാസ് എം.എല്‍.എക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.

മൈസൂരു നഞ്ചൻകോട്​ ഹുച്ചഗനി വില്ലേജിലെ പുരാതനമായ മഹാദേവമ്മ ക്ഷേത്രം പൊളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ വേദികെയുടെ നേതാവായ ജഗദീഷ്​ കാരന്തിന്റെ പ്രസംഗം മാധ്യമപ്രവർത്തകൻ റെക്കോഡ്​ ചെയ്​തത്​ പ്രവർത്തകർ തടയുകയായിരുന്നു. 

പോലിസ്​ നോക്കിനിൽക്കെ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്​ത പ്രതിഷേധക്കാർ റെക്കോഡ്​ ഡിലീറ്റ്​ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട്​ പോലീസ്​ തന്നെ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി സമീപത്തെ ക്ഷേത്രത്തി​ലെ മുറിയിലേക്ക്​ മാറ്റുകയായിരുന്നു.

സംഭവത്തിൽ മൈസൂർ ജില്ലാ ജേണലിസ്​റ്റ്​ അസോസിയേഷൻ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്​ മൈസൂരു സിറ്റി പോലീസ്​ കമീഷണർ ഡോ. ചന്ദ്രഗുപ്​തയോട്​ ആവശ്യപ്പെട്ടു. മർദനവുമായി ബന്ധപ്പെട്ട്​ മുഹമ്മദ്​ സഫ്​ദർ കൗസർ ദേവരാജ പോലീസ്​ സ്​റ്റേഷനിൽ പരാതി നൽകി.

Post a Comment

0 Comments