NEWS UPDATE

6/recent/ticker-posts

അവസാന ഓവറിൽ അത്ഭുതപ്രകടനവുമായി ത്യാ​ഗി, പഞ്ചാബിനെ അവിശ്വസനീയമായി കീഴടക്കി രാജസ്ഥാൻ

ദുബൈ: ഇതിലും മികച്ച മത്സരം ഐ.പി.എല്ലിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അത്ഭുതവും അവിശ്വസനീയതയുമെല്ലാം പെയ്തിറങ്ങിയ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ രണ്ട് റണ്‍സിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്.[www.malabarflash.com]

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 185 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

19 ഓവര്‍ കഴിയുമ്പോള്‍ തന്നെ പഞ്ചാബ് വിജയമുറപ്പിച്ചിരുന്നു. അവസാന ഓവറില്‍ വേണ്ടത് വെറും നാല് റണ്‍സ്. പ്രതിഭാധനരായ നിക്കോളാസ് പൂരാനും എയ്ഡന്‍ മാര്‍ക്രവും ക്രീസില്‍. യുവതാരം കാര്‍ത്തിക് ത്യാഗിയെയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പന്തെറിയാന്‍ ഏല്‍പ്പിച്ചത്. 

ആദ്യ പന്തില്‍ മാര്‍ക്രത്തിന് റണ്‍സ് എടുക്കാനായില്ല. രണ്ടാം പന്തില്‍ താരം സിംഗിളെടുത്തു. മൂന്നാം പന്തില്‍ ത്യാഗി പൂരാന്റെ വിക്കറ്റെടുത്തപ്പോഴും പഞ്ചാബ് അപകടം മണത്തില്ല. നാലാം പന്ത് ഡോട്ട് ബോളായതോടെ പഞ്ചാബിന് പിന്നീട് വേണ്ടത് രണ്ട് പന്തുകളില്‍ നിന്ന് രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെയും ത്യാഗി മടക്കിയതോടെ സര്‍വ കണക്കുകൂട്ടലുകളും തെറ്റി. 

അവസാന പന്തില്‍ പഞ്ചാബിന് വിജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. ബാറ്റുചെയ്യാനെത്തിയ ഫാബിയാന്‍ അലനെ കാഴ്ചക്കാരനാക്കിക്കൊണ്ട് ത്യാഗിയുടെ പന്ത് ഡോട്ട് ബോളായി. ലോകം അത്ഭുതം കൊണ്ട് കുലുങ്ങിയ സമയം. അവിശ്വസനീയമായി വിജയം സ്വന്തമാക്കി സഞ്ജുവും സംഘവും അവസാന ചിരി സ്വന്തമാക്കി. 

വിജയം ഉറപ്പിച്ച ശേഷം ക്രീസ് വിട്ട് പോയ പഞ്ചാബ് നായകന്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെയും കണ്ണുകള്‍ അപ്പോള്‍ നനഞ്ഞുതുടങ്ങിയിരുന്നു. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 185 ന് പുറത്ത്, പഞ്ചാബ് 20 ഓവറില്‍നാലിന് 183

185 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് വേണ്ടി കെ.എല്‍.രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മോശം പന്തുകളില്‍ മാത്രം റണ്‍സ് സ്‌കോര്‍ ചെയ്ത് രാഹുലും മായങ്കും പഞ്ചാബിനെ മുന്നോട്ട് നയിച്ചു. ചേതന്‍ സക്കറിയ എറിഞ്ഞ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി ഒരു ഫോറും രണ്ട് സിക്‌സും നേടിക്കൊണ്ട് രാഹുല്‍ സ്‌കോറിങ്ങിന് വേഗം കൂട്ടി. ഒപ്പം ഐ.പി.എല്ലില്‍ 3000 റണ്‍സ് തികയ്ക്കുകയും ചെയ്തു.

ആദ്യ അഞ്ചോവറിനിടെ രണ്ടുതവണയാണ് രാഹുലിന്റെ ക്യാച്ച് രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. ബാറ്റിങ് പവര്‍പ്ലേയില്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തു. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഒരു റണ്‍സ് കൂടി എടുത്ത് രാഹുലും മായങ്കും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കാര്‍ത്തിക് ത്യാഗി എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ ബൗണ്ടറി കടത്തിക്കൊണ്ട് മായങ്ക് അഗര്‍വാളും ആക്രമിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന്‍ പതറി.

ക്രിസ് മോറിസ് എറിഞ്ഞ പത്താം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് നേടിക്കൊണ്ട് മായങ്ക് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഒപ്പം ഐ.പി.എല്ലില്‍ 2000 റണ്‍സും പൂര്‍ത്തിയാക്കി. 34 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി കണ്ടെത്തിയത്. അതേ ഓവറില്‍ തന്നെ രാഹുലും മായങ്കും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ആദ്യ പത്തോവറില്‍ 106 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഒടുവില്‍ ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ചേതന്‍ സക്കറിയ രാജസ്ഥാന് ആശ്വാസം പകര്‍ന്നു. സ്‌കോര്‍ 120-ല്‍ നില്‍ക്കെ 33 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും സഹായത്തോടെ 49 റണ്‍സെടുത്ത രാഹുലിനെ സക്കറിയ കാര്‍ത്തിക് ത്യാഗിയുടെ കൈയ്യിലെത്തിച്ചു. പഞ്ചാബിനെ സുരക്ഷിതമായ നിലയിലെത്തിച്ച ശേഷമാണ് രാഹുല്‍ ക്രീസ് വിട്ടത്.

രാഹുലിന് പിറകേ മായങ്കും പുറത്തായത് പഞ്ചാബിന് തിരിച്ചടി സമ്മാനിച്ചു. 43 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും സഹായത്തോടെ 67 റണ്‍സെടുത്ത മായങ്കിനെ രാഹുല്‍ തെവാത്തിയ ലിവിങ്‌സ്റ്റന്റെ കൈയ്യിലെത്തിച്ചു.

പിന്നീട് ക്രീസിലൊന്നിച്ച നിക്കോളാസ് പൂരാനും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. വൈകാതെ ഇരുവരും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിയെങ്കിലും ത്യാഗിയുടെ ഉശിരന്‍ പ്രകടനം രാജസ്ഥാന്റെ തലവര മാറ്റിയെഴുതി. അവിശ്വസനീയമായ വിജയം ടീം സ്വന്തമാക്കി. മാര്‍ക്രം 26 റണ്‍സും പൂരാന്‍ 32 റണ്‍സും നേടി അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഇരുവരും പടിക്കല്‍ കലമുടച്ചു.

രാജസ്ഥാന് വേണ്ടി ത്യാഗി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചേതന്‍ സക്കറിയയും രാഹുല്‍ തെവാത്തിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായി. 49 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോറിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് അഞ്ചുവിക്കറ്റ് വീഴ്ത്തി.

ജയ്‌സ്വാള്‍ മികച്ച തുടക്കം നല്‍കിയപ്പോള്‍ മധ്യ ഓവറുകളില്‍ ലോംറോര്‍ കത്തിക്കയറി. എന്നാല്‍ അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ മറ്റ് രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല.

Post a Comment

0 Comments