NEWS UPDATE

6/recent/ticker-posts

എ.ആർ നഗർ സഹകരണ ബാങ്ക്​ കുഞ്ഞാലിക്കുട്ടിയുടെ 'സ്വിസ് ബാങ്ക്​''; റിസർവ്ബാങ്കിന്​​ പരാതി നൽകും -കെ.ടി ജലീൽ

മലപ്പുറം: എ.ആർ നഗർ സർവിസ് സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് സഹകരണ വകുപ്പിലെ അന്വേഷണസംഘം കണ്ടെത്തിയത് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും ദീർഘകാലം ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാറും നടത്തിയ 1021 കോടിയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ.[www.malabarflash.com]

പ്രാഥമിക സഹകരണ സംഘം മാത്രമായ ബാങ്കിൽ അരലക്ഷത്തിൽപരം അംഗങ്ങളും 80,000ത്തിലധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്​റ്റമർ ഐ.ഡികളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഹരികുമാർ നടത്തിയതെന്ന് മലപ്പുറം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ ജലീൽ പറഞ്ഞു. 

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകി. കൃത്രിമമായി സൃഷ്​ടിച്ചതാണ് ബിനാമി അക്കൗണ്ടുകളെല്ലാം. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം 114 കോടി രൂപയുടെ അനധികൃത ഇടപാടുകൾ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും ജലീൽ വ്യക്തമാക്കി.

ആദായനികുതി വകുപ്പ്​ 257 കസ്​റ്റമർ ഐ.ഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയത്. എന്നാൽ, സഹകരണ ബാങ്കിലെ മുഴുവൻ കസ്​റ്റമർ ഐ.ഡികളും പരിശോധിക്കപ്പെട്ടാൽ കള്ളപ്പണ ഇടപാടിൽ രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന കൊള്ളയുടെ ചുരുളഴിയും. സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ 'സ്വിസ് ബാങ്കാ'യാണ് മാറ്റിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയും വി.കെ. ഇബ്രാഹിംകുഞ്ഞും വ്യവസായമന്ത്രിമാരായിരിക്കെ ടൈറ്റാനിയം അഴിമതിയിലൂടെ നേടിയ പണമാകാമിത്​.

മുൻ എം.എൽ.എ അബ്​ദുറഹിമാൻ രണ്ടത്താണിയുടെ 50 ലക്ഷമടക്കം പല ലീഗ് നേതാക്കൾക്കും യഥേഷ്​ടം നൽകിയ അനധികൃത വായ്പകളുടെയും ആനുകൂല്യങ്ങളുടെയും വിവരങ്ങൾ അന്വേഷണ റിപ്പോർട്ടിലുണ്ട്. ബാങ്കി​ന്റെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിൽ കസ്​റ്റമർ മേൽവിലാസങ്ങൾ വ്യാപകമായി മായ്ച്ചുകളഞ്ഞ് കൃത്രിമം നടത്തിയതായും കണ്ടെത്തി.

12 ജീവനക്കാരുടെ പേരിൽ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപമുള്ളതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 2012-13 കാലഘട്ടത്തിൽ രണ്ടരക്കോടി രൂപയുടെ സ്വർണവായ്പ അഴിമതിയാണ് ബാങ്കിൽ നടന്നത്. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്​ദുൽ ഖാദർ മൗലവിയുടെ പേരിൽ മാത്രം വിവിധ കസ്​റ്റമർ ഐ.ഡികളിലെ വ്യത്യസ്ത അക്കൗണ്ടുകളിലായി രണ്ട് കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. 

മുഴുവൻ ഇടപാടുകളും നിക്ഷേപങ്ങളും വായ്പകളും അന്വേഷിക്കാൻ സഹകരണ വകുപ്പിന് നിർദേശം നൽകാൻ അഭ്യർഥിച്ച് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും കത്ത് നൽകും. റിസർവ്ബാങ്കിന് പരാതി നൽകും. എൽ.ഡി.എഫ്​ സർക്കാറിന്റെ കാലത്ത്​ ഹരികുമാറിനെ ബാങ്ക്​ അഡ്​മിനിസ്​ട്രേറ്ററായി പുനർനിയമിച്ചത്​ സംബന്ധിച്ച്​ ചോദ്യത്തിന്​ അതും അന്വേഷിക്കണമെന്ന്​ കെ.ടി. ജലീൽ പറഞ്ഞു.

Post a Comment

0 Comments