NEWS UPDATE

6/recent/ticker-posts

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാം; സര്‍ക്കാര്‍ വിദ്വേഷം പരത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് സംശയമുണ്ടെന്ന് ജിഫ്രി തങ്ങള്‍, മധ്യസ്ഥ ചര്‍ച്ചയല്ല തെറ്റായ വാദം ഉന്നയിച്ചവര്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കാന്തപുരം; നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലിം നേതാക്കള്‍

കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം മതനേതാക്കള്‍. വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ പാല ബിഷപ്പിനെ അരമനയില്‍ ചെന്ന് സന്ദര്‍ശിച്ച ശേഷം മന്ത്രി വി എന്‍ വാസവന്‍ അദ്ദേഹത്തെ വെള്ള പൂശുന്ന പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ഇരു വിഭാഗം സമസ്ത നേതാക്കളും രംഗത്തെത്തിയത്.[www.malabarflash.com]

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാമെന്ന് പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ സര്‍ക്കാര്‍ വിദ്വേഷം പരത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് സംശയമുണ്ടെന്നും തുറന്നടിച്ചു. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല, തെറ്റായ വാദം ഉന്നയിച്ചവര്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും ആവശ്യപ്പെട്ടു.

മുസ്‌ലിംകള്‍ മയക്കുമരുന്ന് നല്‍കി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റുകയാണെന്ന് ആരോപിച്ച പാലാ ബിഷപ്പിന്റെ ആരോപണത്തോട് മന്ത്രി വാസവന്‍ സ്വീകരിച്ച നിലപാട് സര്‍ക്കാരിന്റേതാണോ എന്ന് വ്യക്തമാക്കണമെന്നും കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമില്‍ നിര്‍ബന്ധിത മതം മാറ്റമില്ല, മതം മാറ്റത്തിനുവേണ്ടി ജിഹാദുമില്ല. ജിഹാദ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ്. ഖുര്‍ആനിലെ പദങ്ങള്‍ ചിലര്‍ തോന്നിയ പോലെ വ്യാഖ്യാനിക്കുന്നു. ഒരോ വാക്കിനും പത്തു പതിനഞ്ചും അര്‍ത്ഥങ്ങളുണ്ട്. അത്തരത്തില്‍ സംശയമുണ്ടായാല്‍ വിദഗ്ധനായ ഒരാളെ സമീപിച്ച് സംശയനിവാരണം വരുത്തണം. മുസ്‌ലിംകള്‍ മതഹൗഹാര്‍ദ്ദത്തിന് പ്രധാന്യം നല്‍കുന്നവരാണ്. സമസ്തയുടെ ഭരണഘടന തുടങ്ങുന്നതേ ഇത് പറഞ്ഞുകൊണ്ടാണ്. ഏതെങ്കിലും ഒരു മുസ്ലിം എന്തെങ്കിലും പറഞ്ഞാല്‍ അത് ഇസ്‌ലാമിന്റെ ഭാഗമായി മനസ്സിലാക്കുന്നത് ശരിയല്ല. പ്രണയം പലര്‍ക്കുമിടയിലുണ്ട്. മുസ്‌ലിമും ഹിന്ദുവും ക്രിസ്ത്യാനിയും ഒക്കെ തമ്മില്‍ പ്രണയമുണ്ടാവും. അവര്‍ രാഷ്ട്രത്തിന്റെ നിമയമത്തിനനുസരിച്ച് ജീവിക്കുന്നു. അതിനെ മതംമാറ്റവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. ബിഷപ്പ് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ സര്‍ക്കാരിനോട് പറയണമായിരുന്നു. ബന്ധപ്പെട്ടവര്‍ ബിഷപ്പിനെ പ്രോല്‍സാഹിപ്പിക്കുകയാണ്. സര്‍ക്കാരും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് സംശയമുണ്ട്. ജിഫ്രി തങ്ങള്‍ പറഞ്ഞു.

പ്രണയത്തിലൂടെ ഒരാളെയും ഇസ്ലാമിലേക്ക് കൊണ്ടുവരാന്‍ ഇസ്ലാം പറയുന്നില്ലെന്നും അങ്ങനെ ആരെങ്കിലും ചെയ്താല്‍ അതിന് മതപരമായ പിന്തുണ ഉണ്ടാകില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഒരു മതത്തെ വേദനിപ്പിക്കുന്ന നിലപാട് മത നേതാക്കളില്‍ നിന്ന് ഉണ്ടാകരുത്. ബിഷപ്പ് പറഞ്ഞതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ മനസിലായത്. സര്‍ക്കാരില്‍ നിന്ന് ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന നിലപാടല്ല ഉണ്ടാകേണ്ടത്. മന്ത്രി വാസവന്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. വിവാദം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല. അദ്ദേഹം വിമര്‍ശിച്ചു.

പാലാ ബിഷപ്പ് പറഞ്ഞത് തെറ്റാണെന്നും ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടതെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചത്. തെറ്റായ വാദം മുസ്ലിം സമുദായത്തിന്റെ പേരില്‍ ഉന്നയിച്ചവര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ലവ് ജിഹാദ് ഇസ്ലാം മതത്തില്‍ ഇല്ല. മതത്തില്‍ അങ്ങനെ ഒരു പദ്ധതിയില്ല. മുസ്ലിം സമുദായം അതിന് വേണ്ടി ആഹ്വാനം ചെയ്തിട്ടില്ല, പറഞ്ഞിട്ടില്ല, പറയുകയും ഇല്ല. നിര്‍ബന്ധിച്ച് മത പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. വഞ്ചനയിലൂടെ ചെയ്യുന്നത് മത പരിവര്‍ത്തനമാകുകയില്ല. ഈ നിലക്ക് മുസ്ലിംകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഇസ്ലാം കല്‍പിച്ചിട്ടില്ല -കാന്തപുരം പറഞ്ഞു.

മന്ത്രി വി.എന്‍. വാസവന്‍ പാലാ ബിഷപ്പിനെ പിന്തുണക്കുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്ത കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതിനെക്കുറിച്ച് ആലിചിച്ചിട്ട് പറയാം എന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി. വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments