Top News

ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം സീറ്റുകൂട്ടാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴ് ജില്ലകളിലാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുക. 20 ശതമാനം സീറ്റുകള്‍ വര്‍ധിക്കും.[www.malabarflash.com]


തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് സീറ്റുവര്‍ധിപ്പിക്കുക. ഈ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 20-21 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും സീറ്റ് അധികമായി അനുവദിക്കാനാണ് തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഇത്തവണ കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍പഠനത്തിന് യോഗ്യത നേടിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. സീറ്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു.

ഇതിന് പുറമെ കുടുംബശ്രീ അംഗങ്ങള്‍ക്ക് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) മുഖേന അനുവദിച്ച ബാങ്ക് വായ്പയുടെ ഈ വര്‍ഷത്തെ മൂന്നാം ഗഡു പലിശ സബ്സിഡി തുകയായ 75,12,91,693 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്‍കൂറായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം കൊണ്ടുവരാനുള്ള തീരുമാനവും നിര്‍ണായകമാകും. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്.

ഇതിന് പുറമെ നിക്ഷേപകരുടെ പരാതി,ബുദ്ധിമുട്ടുകള്‍ എന്നിവ സമയബന്ധിയമായി പരിഹരിക്കുവാന്‍ ജില്ലാ/ സംസ്ഥാന പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ളഓര്‍ഡിനന്‍സ് കൊണ്ടുവരും. അതിനുള്ള ശുപര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും തീരുമാനമായി.

Post a Comment

Previous Post Next Post