NEWS UPDATE

6/recent/ticker-posts

വിവാഹത്തിന് സമ്മതിച്ചില്ല, കാമുകിയെ കാറിനകത്തിട്ട് കത്തിച്ച് കൊന്നു, യുവാവും ജീവനൊടുക്കി

മൈസൂരു: വിവാഹത്തിന് വിസമ്മതിച്ചതിന് കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ആത്മഹത്യചെയ്തു. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ താലൂക്കിലെ തേരമ്പള്ളി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം.[www.malabarflash.com]


ട്രാക്ടര്‍ ഡ്രൈവറായ മാമ്പള്ളി ഗ്രാമനിവാസി ശ്രീനിവാസ് (27), ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സായ മാമ്പള്ളിയിലെ കാഞ്ചന (25) എന്നിവരാണ് മരിച്ചത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും അടുപ്പത്തിലായിരുന്നു. ശ്രീനിവാസ് ഒട്ടേറെത്തവണ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടും കാഞ്ചന നിരസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അല്‍പ്പംകൂടി കാത്തിരിക്കാനാണ് കാഞ്ചന എപ്പോഴും ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കള്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നുമാസം മുമ്പ് ശ്രീനിവാസ് തൂങ്ങിമരിക്കാന്‍ ശ്രമവും നടത്തി. വീട്ടുകാര്‍ ആത്മഹത്യശ്രമം ഉടന്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ട് ശ്രീനിവാസ് അമ്മാവന്റെ കാറുമായി ആശുപത്രിയിലെത്തി കാഞ്ചനയെയും കൂട്ടി തേരമ്പള്ളി തടാകത്തിന് സമീപത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ വാതിലുകള്‍ പൂട്ടിയശേഷം വാഹനത്തില്‍ കരുതിയിരുന്ന പെട്രോള്‍ കാഞ്ചനയുടെയും തന്റെയും ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 

കാറില്‍നിന്ന് തീയുയരുന്നതുകണ്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും വാതിലുകള്‍ പൂട്ടിയതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.ചാമരാജനഗര്‍ ജില്ലാ പോലീസ് മേധാവി ദിവ്യ സാറ തോമസ്, അഡീഷണല്‍ എസ്.പി. സുന്ദര്‍ രാജ്, കൊല്ലേഗല്‍ ഡി.വൈ.എസ്.പി. നാഗരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. കാഞ്ചനയുടെ സഹോദരന്‍ കാര്‍ത്തിക് നല്‍കിയ പരാതിയില്‍ മാമ്പള്ളി പോലീസ് കേസെടുത്തു.

Post a Comment

0 Comments