Top News

മകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ എംഎസ്എഫ് നേതാവിനെതിരേ നടപടിയെടുത്തില്ല; മുസ് ലിംലീഗ് നേതാവ് രാജിവച്ചു

മലപ്പുറം: ഹരിത പ്രവര്‍ത്തകയായ മകളെക്കുറിച്ച് എംഎസ്എഫ് നേതാവ് മോശം പരാമര്‍ശം നടത്തിയതില്‍ പാര്‍ട്ടി നടപടിയെടുത്തില്ലെന്നാരോപിച്ച് മുസ്‌ലിം ലീഗില്‍ രാജി. മലപ്പുറം എടയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ബഷീര്‍ കലമ്പനാണ് രാജിവച്ചത്.[www.malabarflash.com] 

എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിലിനെതിരെ ഇദ്ദേഹത്തിന്റെ മകള്‍ പരാതി നല്‍കിയിരുന്നു. എംഎസ്എഫ് നേതാക്കള്‍ക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയും അതിനോട് അനുബന്ധിച്ച് ഉയര്‍ന്നു വന്ന വിവാദങ്ങളും നിലനില്‍ക്കെയാണ് രാജി. 

അതിനിടെ ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിന്‍വലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്കുള്ളില്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ ഹരിതയുടെ നേതൃത്വത്തിന് നല്‍കിയ അന്ത്യശാസനം. 

എംഎസ്എഫ് നേതൃത്വത്തില്‍ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പായി വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാവുമെന്നും ലീഗ് നേതൃത്വം വനിതാ നേതക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. 

സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി എംഎസ്എഫ് ഹരിതയിലെ പത്ത് നേതാക്കളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലിസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പോലിസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു.

Post a Comment

Previous Post Next Post