Top News

പ്രവാസിയെ വട്ടംകറക്കിയ സ്വകാര്യ ലാബിനെതിരെ പ്രവാസി സംഘടനകള്‍ നിയമനടപടിയിലേക്ക്

കാഞ്ഞങ്ങാട്: തെറ്റായ പരിശോധനഫലം നല്‍കി പ്രവാസിയെ വട്ടംകറക്കിയ നഗരത്തിലെ സ്വകാര്യ ലാബിനെതിരെ പ്രവാസി സംഘടനകള്‍ നിയമനടപടിയിലേക്ക്. പുതിയകോട്ടയിലെ വന്‍കിട സ്വകാര്യ ലാബാണ് അടുത്തദിവസം ഷാര്‍ജയിലേക്ക് വിമാനം കയറാനിരുന്ന 38 കാരന്റെ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം പോസിറ്റിവാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.[www.malabarflash.com] 

കഴിഞ്ഞ 23ന് രാവിലെ ഇവിടെ സാമ്പിള്‍ നല്‍കി ഫലം ലഭിക്കാനായി കാത്തുനില്‍ക്കുന്നതിനിടെ കാഞ്ഞങ്ങാട്ടെ തന്നെ മറ്റൊരു ലാബില്‍ രണ്ടുവട്ടം ആൻറിജന്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റിവായിരുന്നു. അവിടെയും ആര്‍ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ സാമ്പിള്‍ നല്‍കിയിരുന്നു.24ന് ഉച്ചക്ക്​ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നായിരുന്നു വിമാനം കയറേണ്ടത്.

ആൻറിജന്‍ പരിശോധനഫലം നെഗറ്റീവാണെന്നതിന്റെ ഉറപ്പില്‍ യുവാവ് അതിരാവിലെ യാത്ര പുറപ്പെട്ടെങ്കിലും ഈ ലാബില്‍നിന്നുള്ള ആര്‍ടി.പി.സി.ആര്‍ പരിശോധനാഫലം പോസിറ്റിവാണെന്ന് അറിഞ്ഞതോടെ കാര്‍ പാതിവഴിയില്‍ നിര്‍ത്തി കണ്ണൂരില്‍ തങ്ങുകയായിരുന്നു. രാവിലെ എട്ടുമണിയോടെ മറ്റേ ലാബില്‍ നിന്നുള്ള ആര്‍ടി.പി.സി.ആര്‍ പരിശോധനാഫലം നെഗറ്റീവാണെന്ന സന്ദേശം ലഭിച്ചതോടെ വീണ്ടും പ്രതീക്ഷയായി.

തുടര്‍ന്ന് ആ ഫലത്തി​െൻറ പ്രിൻറ്​ ഔട്ട് എടുത്ത് വൈകിയ വേളയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഓടിപ്പിടച്ചെത്തി വീണ്ടും റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തുകയായിരുന്നു. അതിലും ഫലം നെഗറ്റിവാണെന്ന് കണ്ടെത്തിയതോടെ വിമാനം കയറാനുള്ള അനുമതി ലഭിച്ചു. വിമാനമിറങ്ങിയപ്പോള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നടത്തിയ പി.സി.ആര്‍ പരിശോധനയിലും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് തെറ്റായ ഫലം നല്‍കി മണിക്കൂറുകളോളം കടുത്ത സമ്മര്‍ദത്തിലാക്കിയ ലാബിനെതിരെ നിയമനടപടിക്കൊരുങ്ങുന്നത്.

Post a Comment

Previous Post Next Post