NEWS UPDATE

6/recent/ticker-posts

സമദാനി എം.പിക്ക് ജെ.എൻ.യു.വിൽനിന്ന് ഡോക്ടറേറ്റ്

ന്യൂഡൽഹി: എം.പി. അബ്ദുസ്സമദ് സമദാനിക്ക് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല ഡോക്ടറേറ്റ് നൽകി. ജെ.എൻ.യുവിലെ ഫിലോസഫി സെൻററിൽ മാനവമഹത്വത്തിൻെറ ദാർശനികതത്ത്വത്തെ ആധാരമാക്കി നടത്തിയ ഗവേഷണത്തിനാണ് പി.എച്ച്.ഡി ബിരുദം.[www.malabarflash.com]


പ്രശസ്ത തത്വശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. രാഘവേന്ദ്ര പ്രതാപ് സിങ്ങിൻെറ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.

ഫാറൂഖ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എയും രണ്ടാം റാങ്കോടെ എം.എയും പാസ്സായ സമദാനി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ ബിരുദവും കോഴിക്കോട് ഗവ. ലോ കോളജിൽ നിന്ന് എൽ.എൽ.ബിയും നേടിയിട്ടുണ്ട്. എംഫിൽ ഡിസർട്ടേഷന് എം.ജി.എസ്. നാരായണനായിരുന്നു ഗൈഡ്.

ലോക്സഭാംഗമായ സമദാനി രണ്ടുതവണ രാജ്യസഭാംഗവും (1994-2000, 2000-2006) ഒരു തവണ നിയമസഭാംഗമായിരുന്നു (2011-2016). മാനവവിഭവശേഷി സ്റ്റാൻറിങ് കമ്മിറ്റിയോട് ബന്ധപ്പെട്ട ഉന്നതവിദ്യാഭ്യാസ പാർലമെൻററി ഉപസമിതിയുടെ കൺവീനറായും കേന്ദ്ര സർക്കാറിൻെറ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗമായിരുന്നു.

പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായ സമദാനി ഇപ്പോൾ ഐ.യു.എം.എൽ സീനിയർ വൈസ് പ്രസിഡൻറും മൗലാനാ ആസാദ് ആൾ ഇൻഡ്യാ ഫൗണ്ടേഷൻെറയും ഇൻഡ്യൻനസ്സ് അക്കാദമിയുടെയും ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷൻെറയും ചെയർമാനുമായി പ്രവർത്തിച്ചുവരുന്നു. 

ഗാന്ധിയൻ സെൻ്റർ ഓഫ് ഇൻഡോളജിയുടെയും കാൻ്റിയൻ സെൻ്റർ ഓഫ് ഫിലോസഫിയുടെയും ഡയറക്ടറും അൻജുമൻ തർഖിയെ ഉർദു കേരള ശാഖ പ്രസിഡൻ്റും കേരള സംസ്കൃത പ്രചാര സമിതി രക്ഷാധികാരിയുമാണ്. ഗ്രന്ഥകാരനും കോളമിസ്റ്റുമായ അദ്ദേഹം പത്തിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Post a Comment

0 Comments