NEWS UPDATE

6/recent/ticker-posts

രാജ്യതലസ്ഥാനത്ത് ബാലികാപീഡനവും കൊലയും; ശ്മശാന പൂജാരിയടക്കം നാല് പേര്‍ അറസ്റ്റില്‍

ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും ബലാത്സംഗകൊല, അതും വെള്ളമെടുക്കാന്‍ ചെന്ന ഒമ്പത് വയസ്സുകാരി പെണ്‍കുട്ടിയെ. രാജ്യത്തെ നടുക്കിയ 2012 ല്‍ നടന്ന നിര്‍ഭയ കേസിന് ശേഷം രാജ്യ തലസ്ഥാനം വീണ്ടും ഒരു പെണ്‍കുട്ടിയുടെ നിഷ്ഠൂരമായ പീഡനത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും സാക്ഷ്യം വഹിച്ചു.[www.malabarflash.com]

പ്രതികളായ ഉയര്‍ന്ന ജാതിക്കാരെ സംരക്ഷിക്കാന്‍ ദില്ലി പോലീസ് കൂട്ടുനിന്നെന്ന് കുട്ടിയുടെ അച്ഛനും അമ്മയും ആരോപിച്ചു. തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ ദില്ലി കന്‍റോണ്‍മെന്‍റിന് സമീപത്തുള്ള പുരാനി നംഗലില്‍ അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ ഒമ്പത് വയസ്സുകാരി പെണ്‍കുട്ടിക്കാണ് നിഷ്ഠൂരമായ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. പുരാനി നംഗല്‍ ശ്മശാനത്തിലെ പൂജാരിയും സഹായികളായ മൂന്ന് പേരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.

കഴിഞ്ഞ ഞയറാഴ്ച (1.8.2021) വൈകീട്ട് അഞ്ചരയോടെ ശ്മശാനത്തില്‍ വെള്ളമെടുക്കാന്‍ പോയ കുട്ടിക്ക് പകരം ആറ് മണിയോടെ ശ്മശാനത്തിലെ പൂജാരി വന്ന് കുട്ടി മരിച്ചെന്ന് അമ്മയെ അറിയിക്കുകയായിരുന്നു.

ഇതറിഞ്ഞ അമ്മ കുട്ടിയെ കാണാനായി ശ്മശാനത്തിലെത്തിയപ്പോള്‍ കൂളറില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്ന് പൂജാരിയായ രാധേ ശ്യാം (55) അമ്മയോട് പറഞ്ഞു. മൃതദേഹം അപ്പോള്‍ തന്നെ സംസ്കരിക്കാന്‍ ഇയാള്‍ കുട്ടിയുടെ അമ്മയെ നിര്‍ബന്ധിപ്പിച്ചു.

എന്നാല്‍, കൂളറിനരികില്‍ നിരവധി പൊള്ളലുകളോടെയാണ് കുട്ടി മരിച്ച് കിടന്നതെന്നും കുട്ടിയുടെ ചുണ്ടുകള്‍ നീല നിറത്തിലായിരുന്നുവെന്നും അമ്മ പറഞ്ഞു.

കുട്ടിയെ സംസ്കരിക്കാന്‍ പൂജാരി അമ്മയെ നിര്‍ബന്ധിച്ചെങ്കിലും പോലീസില്‍ പരാതി നല്‍കണമെന്ന് അമ്മ ആവശ്യപ്പെട്ടു. എന്നാല്‍, കൂട്ടാളികളായ ലക്ഷ്മി നാരായണ്‍, കുല്‍ദീപ്, സലീം എന്നിവരുടെ സഹായത്തോടെ പൂജാരി നിര്‍ബന്ധപൂര്‍വ്വം കുട്ടിയുടെ മൃതദേഹം അതേ ശ്മശാനത്തില്‍ തന്നെ സംസ്കരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് ദില്ലി പോലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ മര്‍ദ്ധിച്ചെന്നും ഇത് സംബന്ധിച്ച് ആരോടും പരാതി പറയരുതെന്ന് മാതാപിതാക്കളെ നിര്‍ബന്ധിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

പോസ്റ്റ്മോട്ടം നടത്തണമെന്നും മൃതദേഹം സംസ്കരിക്കരിക്കരുതെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ ചിത കെടുത്താന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇവരെ മര്‍ദ്ധിച്ചുവെന്നും പിടിച്ച് മാറ്റാന്‍ ശ്രമിച്ചെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

കൂടാതെ ശ്മശാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി നശിപ്പിച്ചെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ദില്ലി പൊലീസിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് ഈ കേസില്‍ ഉയര്‍ന്നിരിക്കുന്നത്.

പ്രശ്നം സാമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ പേര്‍ അറിയുകയും ഞായറാഴ്ച രാത്രിയില്‍ തന്നെ പ്രദേശത്ത് വലിയ തോതില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തതോടെ ദില്ലി പോലീസ് കേസെടുക്കാന്‍ തയ്യാറാവുകയായിരുന്നു.

പ്രതിഷേധത്തിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എത്തിചേര്‍ന്നു. കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കുറ്റം നടന്ന് ഒരു ദിവസം കഴിഞ്ഞ ശേഷമായിരുന്നു കുറ്റാവളികളായ നാല് പേര്‍ക്കുമെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തെന്ന് ദില്ലി പോലീസ് അറിയിച്ചത്.

പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തുടങ്ങിയ വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ടെന്നും ദില്ലി പോലീസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി നാല് പേർക്കെതിരെയും കേസെടുത്തു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 302, 376, 506 എന്നിവ പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം (പോക്സോ), എസ്.സി. /എസ്ടി നിയമം എന്നിവകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (തെക്ക്-പടിഞ്ഞാറ്) പ്രതാപ് സിംഗ് പറഞ്ഞു.

എന്നാല്‍, തെളിവ് നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുകയും പരാതി പറയാനെത്തിയ കുട്ടിയുടെ മാതാപിതാക്കളെ മര്‍ദ്ധിക്കുകയും ചെയ്ത് പോലീസുകാര്‍ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

കുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ അവയവങ്ങള്‍ പുറത്തെടുത്ത് വില്‍ക്കുമെന്ന് പ്രതികള്‍ കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

200 ഓളം വരുന്ന ഗ്രാമവാസികള്‍ ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച വൈകുന്നേരം വരെ ശ്മശാനത്തിന് മുന്നില്‍ പ്രതിഷേധം നടത്തിയെന്നും പോലീസ് പറഞ്ഞു. ഈ പ്രതിഷേധത്തിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായതെന്ന് പ്രതിഷേധക്കാരും ആരോപിച്ചു.

പൂജാരിക്കും മൂന്ന് സഹായികള്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വൈദ്യുതാഘാതമാണ് മരണ കാരണമെങ്കില്‍ ആവരെന്ത് കൊണ്ട് പോലീസില്‍ പരാതിപ്പെടാന്‍ ഭയന്നു. പോസ്റ്റ്മോര്‍ട്ടം തടഞ്ഞു ? ആറ് മണിക്ക് ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കാത്ത ശ്മശാനത്തില്‍ ആറ് മണിക്ക് ശേഷം തിരക്കിട്ട് എന്തിന് മൃതദേഹം ആരെയും കാണിക്കാതെ ദഹിപ്പിക്കാന്‍ ശ്രമിച്ചു ? കുട്ടിയുടെ മാതാപിതാക്കളുടെ അനുവാദമില്ലാതെ എന്തിനത് ചെയ്തു. ? ഇത് കരുതിക്കൂട്ടിയുള്ള ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമാണെന്ന് ഞങ്ങള്‍ സംശയിക്കുന്നതായി കുട്ടിയുടെ അയല്‍വാസിയായ 45 കാരി സ്ത്രീ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷനുകൾ 304, 342, 201, 34 എന്നിവ പ്രകാരം കൊലപാതകത്തിനും തെളിവുകൾ നശിപ്പിക്കലിനും കുറ്റകരമായ നരഹത്യയ്ക്കും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

എന്നാല്‍, പ്രതിഷേധത്തെ തുടർന്ന് കേസ് ബലാത്സംഗം, കൊലപാതകം, ക്രിമിനൽ ഭീഷണി എന്നിങ്ങനെയുള്ള ഒന്നാക്കി മാറ്റിയതായും പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ച ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കുറ്റാന്വേഷണ സംഘവും ഫോറൻസിക് വിദഗ്ധരും കൂടുതൽ അന്വേഷണത്തിനായി ശ്മശാനത്തിൽ നിന്ന് തെളിവുകൾ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. ഡൽഹി സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം പ്രതിഷേധ സ്ഥലം സന്ദർശിക്കുകയും "ഇരയുടെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകാമെന്ന്" ഉറപ്പ് നൽകുകയും ചെയ്തു.

സംഭവം സംബന്ധിച്ച് ദില്ലി പോലീസ് ന്യായമായ അന്വേഷണം നടത്തണം. ഇല്ലെങ്കിൽ ദില്ലി സർക്കാർ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് ആം ആദ്മി പാർട്ടി ഒരു ട്വീറ്റിൽ കുറിച്ചു.

ദില്ലി കോൺഗ്രസ് അധ്യക്ഷൻ അനിൽ കുമാറും സംഭവത്തെ അപലപിച്ചു. ദില്ലിയെ മറ്റൊരു ഹത്രാസായി മാറ്റാന്‍ അനുവദിക്കില്ലെന്നും അരവിന്ദ് കെജ്രിവാൾ സർക്കാരിന്‍റെ ഉദാരവൽക്കരിച്ച എക്സൈസ് നയം പിന്തുടർന്ന് ദേശീയ തലസ്ഥാനത്ത് നിയമലംഘനം ഉയരുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണിതെന്നും എല്ലാ വാർഡുകളിലും മദ്യം എളുപ്പത്തിൽ ലഭ്യമാക്കുന്നുവെന്നും. അദ്ദേഹം പറഞ്ഞു. ബലാത്സംഗ വിരുദ്ധ ആക്ടിവിസ്റ്റ് യോഗിത ഭയന പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതായും സഹായം വാഗ്ദാനം ചെയ്തതായും അറിയിച്ചു.

Post a Comment

0 Comments