NEWS UPDATE

6/recent/ticker-posts

കോഴിക്കോട് നഗരമധ്യത്തിലെ ലോഡ്ജിൽ വൻ ലഹരിപാ‍ർട്ടി; യുവതിയടക്കം 8 പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ലഹരിപാർട്ടി നടത്തിയ സംഘത്തെ പോലീസ് പിടികൂടി. ഒരു യുവതിയും ഏഴ് യുവാക്കളുമാണ് മാവൂർ റോഡിലെ ലോഡ്ജില്‍നിന്നും അറസ്റ്റിലായത്. ഇവരില്‍നിന്നും അരക്കിലോ ഹാഷിഷും ആറ് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.[www.malabarflash.com]


പിറന്നാൾ ദിന പാർട്ടി നടത്താനെന്ന പേരിലാണ് ദിവസങ്ങൾക്ക് മുമ്പ് മാവൂർ റോഡിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയും യുവാക്കളും 3 മുറികളെടുത്തത്. സംശയംതോന്നി ഉച്ചയോടെ നടക്കാവ് പോലീസ്, ലോഡ്ജിലെത്തി നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലും എംഡിഎംഎയും പിടികൂടിയത്. വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കോഴിക്കോട് നഗരപരിസരത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള എട്ട് പേരാണ് പിടിയിലായത്. ഇവരെ കൂടാതെ നിരവധി യുവാക്കളും യുവതികളും കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ്ജില്‍ വന്നുപോയിരുന്നതായും പോലീസ് പറഞ്ഞു. ഇവരെകുറിച്ചും അന്വേഷണം തുടങ്ങിയെന്ന് നടക്കാവ് എസ് ഐ കൈലാസ് നാഥ് പറഞ്ഞു.

Post a Comment

0 Comments