NEWS UPDATE

6/recent/ticker-posts

6400 അടി ഉയരത്തിലുള്ള മലനിരകളിൽ തീറ്റ തേടിപ്പോയി, പശുക്കളുടെ മടക്കയാത്ര ഹെലികോപ്ടറിൽ [VIDEO]

വേനൽക്കാലമായാൽ പുല്ലുമേയാൻ ആൽപൈൻ മലനിരകളിലേക്ക് പോയ പന്ത്രണ്ടോളം പശുക്കളെ ഹെലികോപ്ടറിൽ തിരികെ താഴ്വരയിലെത്തിച്ചു. പുല്ലുമേയാൻ പോയ പശുക്കളിൽ പരിക്ക് പറ്റിയ പന്ത്രണ്ടോളം പശുക്കളെയാണ് ഹെലിക്കോപ്ടറിൽ എയർ ലിഫ്റ്റ് ചെയ്ത് താഴ്വരയിലെത്തിച്ചത്.[www.malabarflash.com] 

സ്വിറ്റ്സർലാൻഡിൽ വേനൽക്കാലമായാൽ ആയിരിക്കണക്കിന് പശുക്കൾ സമുദ്രനിരപ്പിൽ നിന്ന് 6400 അടി ഉയരത്തിലുള്ള മലനിരകളിലേക്ക് പോകുന്നത്. താഴ്വരയിൽ തീറ്റ കുറഞ്ഞുവരുമ്പോഴാണ് ഈ യാത്ര.

ഇത്തരത്തിൽ ഈ വർഷം ആയിരത്തിലധികം പശുക്കൾ മലയിലേക്ക് പോയി. താഴ്വരയിൽ തീറ്റ ലഭിച്ചുതുടങ്ങിയാൽ അവ തിരിച്ചുപോരുന്നതാണ് പതിവ്. എന്നാൽ അവയിൽ ചില പശുക്കൾക്ക് തിരികെയിറങ്ങാൻ കഴിയാത്തവണ്ണം പരിക്കു പറ്റിയതോടെയാണ് ഉടമസ്ഥർ ഹെലിക്കോപ്ടർ സഹായം തേടിയത്. വാഹന ഗതാഗതം സാധ്യമാകാത്ത ഇടങ്ങളിലായിരുന്നു പശുക്കൾ കുടുങ്ങി കിടന്നതെന്ന് ഉടമകൾ പറഞ്ഞു.

അതിസാഹസികമായാണ് പശുക്കളെ ഹെലിക്കോപ്ടറിൽ താഴെയെത്തിച്ചത്. പശുക്കളുടെ ശരീരം താങ്ങുന്ന തരത്തിൽ നെറ്റ് രൂപത്തിലുള്ള ബെൽറ്റ് കവചം ഹെലികോപ്ടർ കേബിളിൽ ബന്ധിപ്പിച്ചാണ് അവയെ പൊക്കിയെടുത്ത് താഴ്വരയിലെത്തിച്ചത്. പശുക്കൾ പരിഭ്രാന്തരായി അപകടമുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടെങ്കിലും യാത്ര ആസ്വദിക്കുന്ന രീതിയിലായിരുന്നു പശുക്കളെല്ലാം താഴെയെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാക്കിയുള്ള പശുക്കൾ കാൽനടയായി താഴ്വരയിലേക്ക് പുറപ്പെട്ടതായും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.


Post a Comment

0 Comments