Top News

പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു

കണ്ണൂർ: പൂവ്വത്തൂർ പാലത്തിനു സമീപം കൊല്ലൻകുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. മാനന്തേരി വണ്ണാത്തി മൂല സ്വദേശികളായ ചുണ്ടയിൽ ഹൗസിൽ സി.സി.നാജിഷ് (22), പാലക്കൂൽ ഹൗസിൽ മൻസീർ (26) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


ഉച്ചയ്ക്കു രണ്ടരയോടെ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ മുങ്ങിത്താണ രണ്ടുപേരെയും ഇതുവഴി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ടുപേരും നാട്ടുകാരനായ മറ്റൊരാളും ചേർന്നാണ് കരയ്ക്കെത്തിച്ചത്. ഉടൻ ചെറുവാഞ്ചേരിയിലെ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിസാർ - തസ്നി ദമ്പതികളുടെ മകനാണ് നാജിഷ്. മട്ടന്നൂരിലെ ജ്വല്ലറിയിൽ ജീവനക്കാരനാണ്. മഹമ്മൂദ് - ഹാജിറ ദമ്പതികളുടെ മകനാണ് മൻസീർ. ഏതാനും മാസങ്ങൾക്കു മുൻപാണു വിദേശത്തുനിന്ന് എത്തിയത്. കണ്ണവം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്കു മാറ്റി.

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ പുഴയിലെ ഈ ഭാഗത്ത് നിരവധി പേർ കുളിക്കാനെത്താറുണ്ട്. ചുഴി ഉള്ളതിനാൽ അപകടാവസ്ഥ അറിയാവുന്ന നാട്ടുകാർ ഇവിടെ കളിക്കാൻ ഇറങ്ങാറില്ല. അപകടാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പോലീസിൽ പരാതി നൽകിയതിനാൽ കുളിക്കാൻ വരുന്നവരെ പോലീസും വിലക്കിയിരുന്നു. ഇതിനിടയിലാണ് യുവാക്കളുടെ ദാരുണാന്ത്യം.

Post a Comment

Previous Post Next Post