NEWS UPDATE

6/recent/ticker-posts

യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസില്ലെന്ന് എമിറേറ്റ്സ്

ദുബൈ: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും. ജൂലൈ ഏഴിന് സർവീസ് പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന എമിറേറ്റസും യാത്ര നീട്ടിവച്ചു. ഇതോടെ അവധിക്ക് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് യുഎഇയും വിലക്കേര്‍പ്പെടുത്തി.[www.malabarflash.com]


ജൂലൈ ഏഴുമുതല്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്ന എമിറേറ്റ്സും യാത്ര ഒഴിവാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് വരാൻ കഴിയില്ല.ഇത്തിഹാദും എയർ ഇന്ത്യയും ജൂലൈ മാസം 21വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് നടത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക് യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്. വിമാനസര്‍വീസുകള്‍ വൈകുന്നതോടെ അവധിക്ക് നാട്ടില്‍ പോയി തിരികെ ജോലിയില്‍ പ്രവേശിക്കാനാവാത്തവരില്‍ പലരും തൊഴില്‍ നഷ്ട ഭീതിയിലാണ്. അര്‍മേനിയ ഉസ്‍ബക്കിസ്ഥാന്‍ രാജ്യങ്ങളില്‍ രണ്ടാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ നിലവില്‍ യുഎഇയിലേക്ക് മടങ്ങാന്‍ അവസരമുള്ളൂ.

യുഎഇയില്‍ സ്കൂളുകള്‍ക്ക് വേനലവധി തുടങ്ങിയെങ്കിലും യാത്രാവിലക്കു നീളുന്നതിനാല്‍ ഇത്തവണ കുടുംബസമേതം നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ് പ്രവാസികള്‍. 

 അതേസമയം ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎഇ തങ്ങളുടെ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയുമാണ് വിലക്കേര്‍പ്പെടുത്തിയത്.

Post a Comment

0 Comments