Top News

റേസിംഗ് ട്രാക്കിലെ പുലി; കാസർകോട് സ്വദേശിക്ക് ഖേൽരത്ന നാമനിർദേശം

കാസർകോട്​: കേരളത്തിന്‍റെ വടക്കേയറ്റത്തുള്ള കാസർകോട് ജില്ലയിലേക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരം എത്താനുള്ള സാധ്യതയേറുന്നു. രാജ്യത്തെ കാർ റാലി സർക്യൂട്ടിലെ മിന്നും നാവിഗേറ്ററായ മൂസ ഷരീഫിനെ​ പുരസ്കാരത്തിന് ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ നാമനിർദേശം ചെയ്​തു.[www.malabarflash.com]


296 റാലികള്‍, 49 ഡ്രൈവർമാർ, 21 ചാമ്പ്യന്‍ഷിപ്പുകള്‍

ഇന്ത്യയിലെ മുന്‍നിര ഡ്രൈവറായ ഗൗരവ് ഗില്ലിന്‍റെ നാവിഗേറ്ററാണ് 2007 മുതല്‍ മൂസ ഷരീഫ്. നാവിഗേറ്റർ എന്ന നിലയില്‍ 29 വർഷത്തെ പ്രൊഫഷണല്‍ പരിചയമുണ്ട് മൂസക്ക്. 67 അന്താരാഷ്ട്ര കാർ റാലികള്‍ സഹിതം 49 ഡ്രൈവർമാർക്കൊപ്പം 296 റാലികളില്‍ പങ്കെടുത്തിട്ടുണ്ട്. എട്ട് ദേശീയ ചാമ്പ്യന്‍ഷിപ്പുകളടക്കം 21 കിരീടങ്ങള്‍ നേടി. എട്ടില്‍ ഏഴ് ദേശീയ കിരീടങ്ങളും ചാമ്പ്യന്‍ ഡ്രൈവർ ഗൗരവ് ഗില്ലിനൊപ്പമാണ്.

പരുക്കന്‍ പ്രതലങ്ങളെ ഓടിത്തോല്‍പിച്ച ജീവിതം

കാസർകോട് ജില്ലയിലെ മത്സ്യബന്ധന ഗ്രാമമായ മൊഗ്രാലിലാണ് മൂസ ഷരീഫ് ജനിച്ചത്. ഉണക്കമത്സ്യ വ്യാപാരിയായിരുന്നു പിതാവ് സൈനുദ്ദീന്‍. വീട്ടില്‍ നിന്ന് 40 കിമീ അകലെയുള്ള മംഗളൂരുവിലെ കോളേജ് പഠനകാലത്താണ് ഡ്രൈവിംഗില്‍ കമ്പമേറിയത്. ആഴ്ചയില്‍ മൂന്ന് ദിവസം ബൈക്കിലും ബാക്കി ദിവസങ്ങളില്‍ ബസിലുമായിരുന്നു കോളേജിലേക്ക് യാത്ര. മംഗളൂരു നഗരത്തിലെ റേസിംഗ് മത്സരങ്ങളെ കുറിച്ചറിഞ്ഞതോടെ മത്സരിക്കണമെന്നായി. അങ്ങനെ 1993ല്‍ ആദ്യത്തെ റാലിയില്‍ പങ്കെടുത്തു. നാലാമത്തെ റാലിയില്‍ ആദ്യ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ഇതോടെ രണ്ട് വർഷം കൊണ്ട് നാവിഗേറ്ററായി എംആർഎഫുമായി കരാറിലെത്തി. ഇതോടെയാണ് ഫോർ വീലർ റേസിംഗിലേക്ക് തിരിയുന്നത്.

ഗൗരവ് ഗില്ലിന്‍റെ വിശ്വസ്തന്‍

സതീഷ് ബട്ടിനൊപ്പമായിരുന്നു നാവിഗേറ്ററായി പ്രൊഫഷല്‍ കരിയറിന്‍റെ തുടക്കം. 1997ല്‍ ജെകെ ടയറിന്‍റെ ഭാഗമായെങ്കിലും 2001ല്‍ എംആർഎഫില്‍ തിരിച്ചെത്തി. മൂസ ഷരീഫ് 2013 മുതല്‍ മഹീന്ദ്ര അഡ്വഞ്ചേഴ്സിന്‍റെ ഭാഗമാണ്. രാജ്യത്തെ സൂപ്പർ ഡ്രൈവർമാരിലൊരാളായ ഗൗരവ് ഗില്ലിനൊപ്പം 2007 മുതല്‍ സഹകരിക്കുന്നു. 63 റാലികളില്‍ ഇരുവരും ഒത്തുചേർന്നപ്പോള്‍ 36ല്‍ വിജയിക്കാനായി.

റേസിംഗില്‍ ഡ്രൈവർമാരുടെ കണ്ണായാണ് നാവിഗേറ്റർമാർ അറിയപ്പെടുന്നത്. റാലിയില്‍ നാവിഗേറ്റർമാരുടെ നിർദേശങ്ങള്‍ അനുസരിച്ചാണ് ഡ്രൈവർമാർ ട്രാക്കും പ്രതലവും മനസിലാക്കി വാഹനമോടിക്കുക.

Post a Comment

Previous Post Next Post