NEWS UPDATE

6/recent/ticker-posts

കുവൈത്തിനെ നടുക്കി ഇരട്ടക്കൊലപാതകം: ഏറ്റുമുട്ടലിൽ വെടിയേറ്റ പ്രതിയും മരിച്ചു

കുവൈത്ത്​ സിറ്റി: തിങ്കളാഴ്​ച കുവൈത്തിനെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ആശുപത്രിയിൽ മരിച്ചു. മാതാവിനെ കുത്തിക്കൊലപ്പെടുത്തി കടന്നുകളയവെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്​ പോലീസിനെയും കൊലപ്പെടുത്തിയ പ്രതിയാണ്​ വൈകീട്ട്​ അദാൻ ആശുപത്രിയിൽ മരിച്ചത്​.[www.malabarflash.com]

തിങ്കളാഴ്​ച രാവിലെ ഖുസൂർ പ്രദേശത്താണ്​ നാടിനെ നടുക്കിയ സംഭവം. വാജിബ്​ അബ്​ദുൽ അസീസ്​ അൽ റഷീദി എന്ന ട്രാഫിക്​ പോലീസുകാരനാണ്​ മഹബൂല റൗണ്ട്​ എബൗട്ട്​ ഭാഗത്ത്​ ജോലിക്കിടെ കുത്തേറ്റ്​ മരിച്ചത്​. രണ്ട്​ സംഭവത്തിലും പ്രതി സിറിയക്കാരനായ മുഹമ്മദ്​ (19) ആണെന്ന്​ സി.സി.ടി.വി ദൃശ്യത്തിൽ വ്യക്​തമായി.

പോലീസുകാരനെ കൊന്ന ശേഷം തോക്ക്​ തട്ടിയെടുത്താണ്​ പ്രതി കടന്നുകളഞ്ഞത്​. രാജ്യവ്യാപകമായി പരിശോധന കർശനമാക്കിയതിനൊടുവിൽ ഉച്ചയോടെ പ്രതി വഫ്രയിലെ ഫാമിൽ ഉണ്ടെന്ന്​ മനസ്സിലായ പോലീസ്​ സർവസന്നാഹവുമായി ഇവിടെയെത്തി. കൊല്ലപ്പെട്ട പോലീസുകാരനിൽനിന്ന്​ തട്ടിയെടുത്ത തോക്ക്​ ഉപയോഗിച്ച്​ പോലീസിനുനേരെ ചെറുത്തുനിന്ന ഇയാളെ ഒടുവിൽ വെടിവെച്ച്​ വീഴ്​ത്തുകയായിരുന്നു.

തുടർന്ന്​ പരിക്കുമായി അദാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രതി ചികിത്സക്കിടെ മരിക്കുകയായിരുന്നു. മരണപ്പെട്ട വാജിബ്​ അബ്​ദുൽ അസീസ്​ അൽ റഷീദിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സുലൈബീകാത്ത്​ ഖബർസ്ഥാനിൽ ഖബറടക്കി. കോവിഡ്​ നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേരാണ്​ ഇവിടെ ഒത്തുകൂടിയത്​.

പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​, ആഭ്യന്തര മന്ത്രി ശൈഖ്​ താമിർ അൽ അലി അസ്സബാഹ്​ തുടങ്ങിയവർ അനുശോചിച്ചു.

Post a Comment

0 Comments