NEWS UPDATE

6/recent/ticker-posts

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച നില്‍പ്പ് സമരം

കാസറകോട്: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജൂണ്‍ 18ാം തീയതി വെള്ളിയാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഖിലേന്ത്യ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.[www.malabarflash.com] 

ആധുനിക വൈദ്യശാസ്ത്രമേഖലയിലെ സഹോദര സംഘടനകളുമായി ഒത്തുചേര്‍ന്ന്, കേരളത്തിലെ എല്ലാആശുപത്രികളിലും ഒപ്പം ജില്ലാ, സംസ്ഥാന തലസ്ഥാന കേന്ദ്രങ്ങളിലും നില്‍പ്പ് സമരങ്ങള്‍ നടത്തി ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാനായി സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന പ്രതിഷേധദിനം ആചരിക്കുന്നത്.

അടുത്തകാലത്തായി ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ യുള്ള അക്രമങ്ങള്‍ അധികരിച്ചു വരികയാണ്. കോവിഡ് മഹാമാരിയില്‍ രോഗി പരിചരണത്തില്‍ വ്യാപൃതരായ ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ ആണ് ഇന്ന് അക്രമങ്ങള്‍ അരങ്ങേറുന്നത്.

ആസാമിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമെക്കെ ഡോക്ടര്‍മാരെ തല്ലിച്ചതയ്ക്കുന്ന കാഴ്ചകള്‍ നാം കാണുമ്പോഴും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
മാവേലിക്കര ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന ഡോക്ടറുടെ കരണത്തടിച്ച നീതിപാലകനെ അറസ്റ്റ് ചെയ്യാന്‍പോലും സര്‍ക്കാര്‍ മടികാണിക്കുന്നഅവസ്ഥ നിലവിലുണ്ട്. 

തെളിവുകള്‍ സഹിതം, ആശുപത്രി സംരക്ഷണനിയമപ്രകാരം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍.ഫയല്‍ ചെയ്തിട്ട് പോലും, ഒരു മാസത്തിലേറെയായി പ്രസ്തുത പ്രതി അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. നിയമം നടപ്പിലാക്കേവര്‍ തന്നെ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന സ്ഥിതി വിശേഷമാണിത്. 

മനസ്സമാധാനത്തോടെ രോഗികളെ പരിശോധിക്കാനും ചികിത്സിക്കാനും സാധിക്കാത്ത ഒരു അന്തരീക്ഷം ഇന്ന് കേരളത്തിലെ ആശുപത്രികളില്‍ നിലനില്‍ക്കുന്നു. ഇത്തരമൊരു അരക്ഷിതാവസ്ഥ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല.

അടികൊള്ളാന്‍ മാത്രമായി ജോലി ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണ്. ശക്തമായ ഒരു ആശുപത്രി സംരക്ഷണനിയമം നിലവില്‍ ഉണ്ടായിട്ടും മുന്നണിപോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ല. 

ആശുപത്രികളെ പ്രത്യേകസംരക്ഷണ മേഖലകളായി പ്രഖ്യാപിക്കുകയെ ഇതിനൊരു മാര്‍ഗ്ഗമുള്ളൂ. അതുപോലെ തന്നെ സര്‍ക്കാര്‍ സുരക്ഷാസംവിധാനങ്ങള്‍, പോലീസ് ഔട്ട്‌പോസ്റ്റ് അടക്കം എല്ലാ ആശുപത്രികളിലും ഉണ്ടായേ മതിയാവൂ. അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതാണ്, അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുകയും വേണം.

കോവിഡ് മഹാമാരി വരുത്തിവെച്ചിട്ടുള്ള പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായധാരണയുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ അതുകൊണ്ടു തന്നെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെയാണ് ജൂണ്‍ 18ാം തീയതി വെള്ളിയാഴ്ച അഖിലേന്ത്യ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നത്.

കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആധുനിക വൈദ്യശാസ്ത്രമേഖലയിലെ സഹോദര സംഘടനകളുമായി ഒത്തുചേര്‍ന്ന്, കേരളത്തിലെ എല്ലാആശുപത്രികളിലും ഒപ്പം ജില്ലാ, സംസ്ഥാന തലസ്ഥാന കേന്ദ്രങ്ങളിലും നില്‍പ്പ് സമരങ്ങള്‍ നടത്തി ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാനായി സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന പ്രതിഷേധ ദിനം ആചരിക്കുകയാണ്.

ജോലി സ്ഥലമായ ആശുപത്രിയില്‍ സുരക്ഷിതമായ അന്തരീക്ഷമില്ലെങ്കില്‍, സ്വന്തം ജീവനുപോലും രക്ഷയില്ലാത്ത അവസ്ഥയാണെങ്കില്‍ ഞങ്ങള്‍ എങ്ങനെ രോഗികളെ പരിചരിക്കും? ഞങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കും? ഉത്തരം പറയേത് ഇവിടത്തെ സര്‍ക്കാരാണ്.

കാസറകോട് ജില്ലയിലെ ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രികളും വെള്ളിയാഴ്ച പ്രതിഷേധദിനം ആചരിക്കും. കോവിഡ് കാലഘട്ടമായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണപോലെ ആയിരിക്കുന്നതാണെന്ന് ഐ.എം.എ.ജില്ല ചെയര്‍മാന്‍ ഡോ.സുരേഷ് ബാബു, കണ്‍വീനര്‍, ഡോ.ദീപിക കിഷോര്‍, കാസറഗോഡ് ബ്രാഞ്ച് പ്രസിഡന്റ് ഡോ.നാരായണ നായിക്, കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.മണികണ്ഠന്‍ നമ്പ്യാര്‍, ഉപ്പള ഘടകം സെക്രട്ടറി ഡോ.മഹേഷ് എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments