NEWS UPDATE

6/recent/ticker-posts

സുന്ദരയോട് പറഞ്ഞത് 15,000 രൂപയുടെ ഫോണെന്ന്, നല്‍കിയത് 8000 രൂപയുടേത്; കബളിപ്പിച്ചെന്ന് സൂചന

കാസറകോട്:  മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണവും ഫോണും നല്‍കിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ കെ സുന്ദരയെ കബളിപ്പിച്ചതായി സൂചന. 15,000 രൂപയുടെ ഫോണാണ് എന്ന് പറഞ്ഞ് ബിജെപിക്കാര്‍ 8000 രൂപയുടെ ഫോണാണ് സുന്ദരയ്ക്ക് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.[www.malabarflash.com]


ബിജെപി നേതാക്കൾ നല്‍കിയ ഫോണ്‍ കഴിഞ്ഞ ദിവസം സുന്ദരയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മൊബൈല്‍ കടയില്‍ നടത്തിയ തെളിവെടുപ്പിലാണ് സുന്ദര കബളിപ്പിക്കപ്പെട്ടെന്ന സൂചന ലഭിച്ചത്. മാര്‍ച്ച് 22ന് ബിജെപി പ്രവർത്തകൻ 8,000 രൂപയുടെ ഫോണാണ് തന്റെ കടയില്‍ നിന്ന് വാങ്ങിയതെന്നാണ് കടയുടമ നല്‍കിയ മൊഴി. എന്നാല്‍ 15,000 രൂപയുടെ ഫോണാണെന്ന് പറഞ്ഞാണ് ബിജെപി നേതാക്കള്‍ ഇത് സുന്ദരയ്ക്ക് കൈമാറിയത്. സുന്ദരയ്ക്ക് നല്‍കാന്‍ ഫോണ്‍ വാങ്ങിയ ബിജെപി പ്രവര്‍ത്തകനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടയിലെ സിസി ടിവിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

അതേസമയം, ബിജെപി കെ സുന്ദരയ്ക്ക് നല്‍കിയെന്ന് പറയുന്ന പണത്തിന്റെ ഒരു ഭാഗം ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു. കെ സുന്ദരയുടെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് ഒരു ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തത്. ഇതോടെ സുന്ദരക്ക് പണം നല്‍കിയ ബിജെപി നേതാക്കളിലേക്കും അന്വേഷണം നീളുകയാണ്.

ഇതിനിടെ, കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സുരേന്ദ്രന് സാധിച്ചില്ല. പണം നല്‍കിയത് ബിജെപി, ബിജെപി എന്ന ഒരാളുണ്ടോയെന്ന മറുചോദ്യമാണ് മാധ്യമങ്ങളോട് കെ സുരേന്ദ്രന്‍ ഉന്നയിച്ചത്.

കെ സുരേന്ദ്രന്‍ പറഞ്ഞത്: ”ബിജെപി എന്ന് പറയുന്ന ഒരാളുണ്ടോ? സുന്ദരയ്ക്ക് ആര് പണം നല്‍കിയെന്നാണ് ചോദ്യം. സുന്ദരയ്ക്ക് ആര് പണം നല്‍കി. ബിജെപി പണം നല്‍കിയെന്ന്. ബിജെപിക്ക് പണം നല്‍കാന്‍ പറ്റുമോ? അടക്കമുള്ളവരെന്നെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല സാര്‍, അടക്കമുള്ളവര്‍ എന്നൊന്നും കോടതിയില്‍ പറയാന്‍ സാധിക്കില്ല. അതൊക്കെ നിങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കാന്‍ പറ്റും. അടക്കമുള്ളവര്‍, മാങ്ങായുള്ളവരെന്ന് പറഞ്ഞാല്‍ കോടതിയില്‍ നില്‍ക്കില്ല.”

”എന്റെ പേരില്‍ 300ലധികം കേസുകളുണ്ട്. ആ കേസുകളൊക്കെ നേരിടാന്‍ തന്നെയാണ് തീരുമാനം. ഇപ്പോള്‍ ഉയര്‍ന്ന് വന്നതെല്ലാം മാധ്യമസൃഷ്ടികളാണ്. മാത്രമല്ല, സിപിഐഎമ്മിന്റെ സൃഷ്ടിയാണ്. നിങ്ങളെല്ലാം അതിന്റെ ഏജന്റുമാരാണ്. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ദേശാഭിമാനിയും കൈരളിയും ചെയ്യുന്നതിനോട് എനിക്ക് വിരോധമില്ല. പക്ഷെ മറ്റുള്ളവരും സിന്‍ഡിക്കേറ്റായി നില്‍ക്കുന്നതിനെയാണ് ഞാന്‍ പരാതിയായി പറഞ്ഞത്.”

”എനിക്ക് അനുകൂലമായ നിങ്ങള്‍ മാധ്യമങ്ങളൊന്നും ചെയ്യേണ്ട. പണവും പരസ്യവും ഉപഹാരങ്ങളും നല്‍കി നിങ്ങളെ സ്വാധീനിക്കാന്‍ എനിക്ക് പറ്റില്ല, പിണറായി വിജയന് പറ്റും. സ്വര്‍ണകടത്ത് കേസ് വാര്‍ത്തകളില്‍ നിന്ന് നിങ്ങള്‍ മാറിയതൊക്കെ എനിക്ക് അറിയാം. നിങ്ങള്‍ക്കിപ്പം ക്യാപ്റ്റനായതൊക്കെ എങ്ങനെയാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ബാക്കി പിന്നെ പറയാം. നിങ്ങളുമായി തര്‍ക്കിക്കാന്‍ അല്ല ഞാന്‍ വന്നത്. രാഷ്ട്രീയമായ കാര്യങ്ങള്‍ പറയാനാണ് വന്നത്.”

Post a Comment

0 Comments