NEWS UPDATE

6/recent/ticker-posts

കെകെ ശൈലജ മന്ത്രിയാവില്ല; എംബി രാജേഷ് സ്പീക്കര്‍, സിപിഐ എം മന്ത്രിമാരെ തീരുമാനിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെയുള്ളവര്‍ പുതുമുഖങ്ങള്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു പാര്‍ട്ടി തീരുമാനമെടുത്തു. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.[www.malabarflash.com]

ശൈലജ പാര്‍ട്ടി വിപ്പായി പ്രവര്‍ത്തിക്കും. സിപിഎമ്മിന്റെ ആദ്യ മന്ത്രിസഭയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നത്. തീരുമാനം ഐകകണ്‌ഠ്യേന ആയിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു.

എം.ബി.രാജേഷ് സ്പീക്കറാകും. പി.എ.മുഹമ്മദ് റിയാസും, വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, കെ.എന്‍.ബാലഗോപാല്‍, വി.അബ്ദുറഹ്മാന്‍, കെ.രാധാകൃഷ്ണന്‍, ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.എന്‍.വാസവന്‍, പി.രാജീവ്, എം.വി.ഗോവിന്ദന്‍ മന്ത്രിമാരാകും. കെ.രാധാകൃഷ്ണന്‍ മുന്‍പ് സ്പീക്കറായിരുന്നു.

കെ.കെ.ശൈലജ ഒഴികെയുള്ള പഴയ മന്ത്രിമാരെ ഒഴിവാക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങള്‍ മതിയെന്ന തീരുമാനത്തിലേക്കു പാര്‍ട്ടി എത്തി. പുതിയ നേതൃനിരയെ വളര്‍ത്തിയെടുക്കുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പുതിയ നേതൃനിരയെന്ന കാഴ്ചപ്പാട് ആദ്യം പിണറായി വിജയനാണ് പാര്‍ട്ടി വേദികളില്‍ അവതരിപ്പിച്ചതെങ്കിലും കേന്ദ്രനേതൃത്വത്തിന്റെയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ ആര്‍ജിക്കാനായി. തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയെങ്കിലും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതോടെ എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, എ.സി.മൊയ്തീന്‍, കെ.കെ.ശൈലജ എന്നിവര്‍ ഒഴിവാക്കപ്പെട്ടു.

മന്ത്രിമാരും ജില്ലയും:
തിരുവനന്തപുരം: 
വി.ശിവന്‍കുട്ടി
മന്ത്രിസഭയിലേക്ക് തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായി വി.ശിവന്‍കുട്ടിയെയാണ് പാര്‍ട്ടി തിരഞ്ഞെടുത്തത്. നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. തിരുനന്തപുരം കോര്‍പറേഷന്റെ മുന്‍ മേയറായിരുന്നു.

കൊല്ലം: 
കെ.എന്‍.ബാലഗോപാല്‍
കൊട്ടാരക്കര എംഎല്‍എ കെ.എന്‍.ബാലഗോപാല്‍. മുന്‍പ് വി.എസ്.മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. മുന്‍ രാജ്യസഭാ അംഗമാണ്.

പത്തനംതിട്ട:
വീണാ ജോര്‍ജ് 
ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ്. മുന്‍പ് മാധ്യമപ്രവര്‍ത്തകയായിരുന്നു.

കോട്ടയം: 
വി.എന്‍.വാസവന്‍
ഏറ്റുമാനൂര്‍ എംഎല്‍എ വി.എന്‍.വാസവന്‍. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു.

ആലപ്പുഴ: 
സജി ചെറിയാന്‍
ചെങ്ങന്നൂര്‍ എംഎല്‍എയാണ് സജി ചെറിയാന്‍. ചെങ്ങന്നൂര്‍ സീറ്റ് ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിച്ചത് സജി ചെറിയാനാണ്. സംസ്ഥാന കമ്മിറ്റി അംഗം. മുന്‍ ജില്ലാ സെക്രട്ടറി.

എറണാകുളം: 
പി.രാജീവ് 
കളമശേരി എംഎല്‍എയായ പി.രാജീവ് മുന്‍ രാജ്യസഭാംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.

തൃശൂര്‍: 
കെ.രാധാകൃഷ്ണന്‍ 
ആര്‍.ബിന്ദു 
ബിന്ദുവിന്റേത് ആദ്യ മത്സരമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയാണ്. 
കെ.രാധാകൃഷ്ണന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. മുന്‍ നിയമസഭാ സ്പീക്കറാണ്.

മലപ്പുറം: 
വി.അബ്ദുറഹ്മാന്‍
താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രനായ വി.അബ്ദുറഹ്മാന്‍ രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്. മുന്‍പ് തിരൂര്‍ നിയമസഭ വൈസ് ചെയര്‍മാനായിരുന്നു.

കോഴിക്കോട്: 
മുഹമ്മദ് റിയാസ്- ബേപ്പൂര്‍ എംഎല്‍എ. ആദ്യജയം. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്. സിപിഎം സംസ്ഥാന സമിതി അംഗം.

കണ്ണൂര്‍: 
എം.വി.ഗോവിന്ദന്‍
മൂന്നാം ജയം. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. മുന്‍പ് കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായും ദേശാഭിമാനി പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലക്കാട്: 
എം.ബി.രാജേഷ് (സ്പീക്കര്‍) 
തൃത്താല എംഎല്‍എ. 2 തവണ പാലക്കാട് എംപിയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.

Post a Comment

0 Comments