NEWS UPDATE

6/recent/ticker-posts

പോലീസിനൊപ്പം വാഹന പരിശോധന നടത്താൻ ഒരു സംഘടനക്കും അനുവാദമില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാഹന പരിശോധന നടത്താൻ ഒരു സംഘടനക്കും അനുവാദമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്ട് സേവാഭാരതി പ്രവർത്തകർ പോലീസിനൊപ്പം ചേർന്ന് വാഹന പരിശോധന നടത്തിയ കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.[www.malabarflash.com]


ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്ന് ഇങ്ങനെ പ്രവർത്തിക്കാൻ അനുമതിയില്ല. നാട്ടിൽ സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. സർക്കാർ തന്നെ അവരെ ക്ഷണിച്ച് സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങൾക്ക് മാത്രമാണ് ഇതിനോടൊപ്പം പ്രവർത്തിക്കാനുള്ള അനുമതി.

പോലീസ് വിവിധ സ്ഥലങ്ങളിൽ സേനയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള വളണ്ടിയർമാരെ കഴിഞ്ഞ തവണയും നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കിലും സന്നദ്ധ സേനയിൽ പെട്ടവരല്ല. സമൂഹത്തിൽ നിന്ന് സന്നദ്ധരായി മുന്നോട്ട് വരുന്നവരാണ്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സംഘടനകളുമായി ബന്ധമോ ഉണ്ടെങ്കിൽ, അതൊന്നും പ്രദർശിപ്പിച്ച് കൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാനാവില്ല. അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കില്ല -മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് വാഹന പരിശോധനക്ക്​ പോലീസിനൊപ്പം സംഘ്​പരിവാർ സംഘടനയായ സേവാഭാരതിയു​ടെ പ്രവർത്തകർ യൂണിഫോമിൽ റോഡിലിറങ്ങിയ സംഭവം വിവാദമായിരുന്നു. തിങ്കളാഴ്​ച രാവിലെ പാലക്കാട്​ നഗരത്തിനു സമീപം കാടാങ്കോട് ജങ്​ഷനിലാണ്​ സംഭവം. പോലീസുകാരോടൊപ്പം സേവാഭാരതി വളൻറിയർമാരും യാത്രക്കാരോട്​ യാത്രയുടെ ഉദ്ദേശം ചോദിച്ചറിയുന്നുണ്ടായിരുന്നു.

സേവഭാരതി, പാലക്കാട്​ എന്നെഴുതിയ കുങ്കുമ നിറമുള്ള ടീ ഷർട്ടും കാക്കി പാൻറും ധരിച്ചാണ്​ വോളൻറിയർമാർ നിരത്തിലിറങ്ങിയത്​. ഇവരിൽ ചിലർ കോവിഡ്​ പ്രോട്ടോകോൾ ലംഘിച്ച്​, മാസ്​ക്​ താഴ്​ത്തി യാത്രക്കാരോട്​ സംസാരിക്കുന്നതായ ചി​ത്രങ്ങളും സോഷ്യൽമീഡിയ വഴി പുറത്തുവന്നിട്ടുണ്ട്​. സംഭവം വിവാദമായതോടെ, പോലീസ്​, സേവാഭാരതി വോളൻറിയരുടെ സേവനം വേണ്ടെന്നുവെക്കുകയും ചെയ്തു.

അതേസമയം, സംഭവത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ, പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനമുയർന്നു. ​ഉത്തരേന്ത്യ അല്ല കേരളം എന്നും പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത്​ അധികാരം പങ്കിട്ടുകൊണ്ടാവരുതെന്നും നിയുക്​ത കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖ്​ ഫേസ്​ബുക്കിൽ കുറിച്ചു.

പോലീസിന്റെ അധികാരം സേവഭാരതിക്ക്​ നൽകുന്നത്​ ശരിയാണോ എന്ന്​ സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments