NEWS UPDATE

6/recent/ticker-posts

ബഹ്‌റൈനില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പ്രവാസി മലയാളി യുവതി; കബളിപ്പിച്ച് വിവാഹം കഴിച്ചതായി ആരോപണം

മനാമ: ബഹ്‌റൈനില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി പ്രവാസി മലയാളി യുവതി. ദിവസങ്ങളായി ഭര്‍ത്താവിനെ കാണാനില്ലെന്ന് ബഹ്‌റൈനില്‍ താമസിക്കുന്ന മലയാളി യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്.[www.malabarflash.com]

സഹായം ആവശ്യപ്പെട്ട് യുവതി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെയും സമീപിച്ചിട്ടുള്ളതായി 'ന്യൂസ് ഓഫ് ബഹ്‌റൈന്‍' റിപ്പോര്‍ട്ട് ചെയ്തു.

10 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് 34കാരിയായ യുവതി. കഴിഞ്ഞ സെപ്തംബറില്‍ കേരളത്തില്‍ വെച്ചാണ് മനീഷ് കേശവന്‍ എന്ന 36കാരനുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് വിഹാഹമോചിതനെന്ന് അവകാശപ്പെട്ട യുവാവിനെ ഇവര്‍ പരിചയപ്പെടുന്നത്. 

എന്നാല്‍ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം ഇയാള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും താനുമായുള്ള വിവാഹത്തിലൂടെ 20 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും ഇയാള്‍ കൈവശപ്പെടുത്തിയതായും യുവതി 'ന്യൂസ് ഓഫ് ബഹ്‌റൈനി'നോട് വെളിപ്പെടുത്തി.

മാതാപിതാക്കള്‍ മരണപ്പെട്ടെന്നും ആകെയുള്ള സഹോദരി യുകെയിലാണെന്നും, എന്നാല്‍ അവരുമായി നല്ല ബന്ധമല്ല ഉള്ളതെന്നും യുവാവ് തന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നതായി യുവതി ആരോപിച്ചു. വിവാഹത്തിന് ശേഷം ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ച് നാട്ടിലെത്തിയെങ്കിലും നിരന്തരം പണം ആവശ്യപ്പെട്ടിരുന്ന ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിലാണ് പുതിയ ജോലി തേടി വീണ്ടും ബഹ്‌റൈനിലെത്തിയതെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് മാസം അവസാനത്തോടെ ഭര്‍ത്താവ് മനീഷും ജോലി തേടി ബഹ്‌റൈനിലെത്തി. എന്നാല്‍ അപ്പോഴാണ് മുമ്പ് തന്നോട് പറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇയാള്‍ക്കില്ലെന്ന് മനസ്സിലായതെന്ന് യുവതി 'ന്യൂസ് ഓഫ് ബഹ്‌റൈനി'നോട് വ്യക്തമാക്കി. 

വീഡിയോ ക്ലിപ്പിലും സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിലും കുറ്റസമ്മതം നടത്തിയ മനീഷ് ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ദൃക്‌സാക്ഷികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. 

പിന്നീട് മോചിതനായ ശേഷമാണ് മനീഷിനെ കാണാതായതെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. നബീഹ് സലേഹ് പോലീസ് സ്റ്റേഷനില്‍ മനീഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിവരം ഇന്ത്യന്‍ എംബസി അധികൃതരെയും അറിയിച്ചിട്ടുണ്ട്. മനീഷിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസ് സ്റ്റേഷനിലോ ഇന്ത്യന്‍ എംബസിയിലോ അറിയിക്കുക.

Post a Comment

0 Comments