NEWS UPDATE

6/recent/ticker-posts

ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം തുണിക്കട തീവച്ച് നശിപ്പിച്ച കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്: തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പറമ്പിൽ ബസാറിലെ  മമ്മാസ്@പപ്പാസ് എന്ന തുണിക്കട ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംദിവസം തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി മഞ്ജു ചിക്കൻ സ്റ്റാൾ ഉടമയായ താമരശ്ശേരി,രാരോത്ത് പാലയക്കോടൻ റഫീക്ക്  (45) ആണ് പോലീസ് പിടിയിലായത്.[www.malabarflash.com]

ഏപ്രിൽ എട്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. കുരുവട്ടൂർ സ്വദേശിയുടെ പറമ്പിൽ ബസാറിലെ രണ്ടു നിലയുള്ള റെഡിമെയ്ഡ് ഷോറൂം പുലർച്ചെ എത്തിയ സംഘം തീവെച്ച് നശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൂർണ്ണമായും കത്തിനശിച്ച കടയ്ക്ക് ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർന്ന് ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

കേസന്വേഷണം പുരോഗമിക്കവേ കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ്ജ് ഐപിഎസ് സിറ്റി ക്രൈം സ്ക്വാഡിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തി വരവെ പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങിയതായി വിവരം ലഭിച്ചു.

ഉടൻ തമിഴ്നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ച് ക്രൈം സ്ക്വാഡ് നടത്തിയ രഹസ്യ അന്വേഷണത്തിൽ റഫീക്ക് വിദേശത്തേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചു. ഉടനെത്തന്നെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും, തുടർന്ന് വിദേശത്ത് ഒളിവിൽ കഴിഞ്ഞ റഫീഖ് ചൊവ്വാഴ്ച എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരി എയർ പോർട്ടിൽ ഇറങ്ങിയപ്പോൾ  തടഞ്ഞുവെക്കുകയും പോലീസ് കസ്റ്റഡിയിലെടുത്ത് ചേവായൂർ സ്റ്റേഷനിൽ കൊണ്ടുവന്നു അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മുഖ്യ പ്രതി റഫീക്ക് വിദേശത്തേക്ക്  കടക്കാൻ സഹായിച്ച താമരശ്ശേരി സ്വദേശി നൗഷാദിനെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാനുപയോഗിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളിൽ കടയുടമ ഇടപ്പെട്ടതുമായുള്ള വിരോധമാണ് കട നശിപ്പിക്കാൻ പ്രേരണയായതെന്ന് പോലീസ്. 

കടയുടമയുമായി പ്രതിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്ന് പോലീസിൻ്റെ  അന്വേഷണത്തിൽ നിന്നും ബോധ്യമായിട്ടുണ്ട്. റഫീക്ക് കടയും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തിട്ടുള്ളതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

അന്വേഷണസംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ മോഹൻദാസ്, ഷാലു മുതിര പറമ്പത്ത്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, സുമേഷ്, ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ അജീഷ് എൻ, ജെയിംസ് പിഎസ്, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, സിപിഒ സുമേഷ് ടിഎം എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment

0 Comments