NEWS UPDATE

6/recent/ticker-posts

ലക്ഷദ്വീപി​ന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇടപെട്ടും സി.പി.എം, കോൺഗ്രസ്​, സി.പി.ഐ, ലീഗ്​ കക്ഷികൾ; വിദ്വേഷപ്രചാരണവുമായി ബി.ജെ.പി

തിരുവനന്തപുരം: ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്രഫുൽ പ​ട്ടേലിന്റെ സം​ഘ്പ​രി​വാ​ർ അജണ്ടകൾക്കെതിരായ പോരാട്ടത്തിൽ ഒത്തുചേർന്ന്​ രാഷ്​ട്രീയ കേരളം. [www.malabarflash.com]


സി.പി.എം, സി.പി.ഐ, കോൺഗ്രസ്​, മുസ്​ലിംലീഗ്​ കക്ഷികൾ ലക്ഷദ്വീപിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്​തു. 

അതേസമയം ലക്ഷദ്വീപ്​ നിവാസികൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയും ഇല്ലാകഥകൾ ​പ്രചരിപ്പിച്ചും വിഷയത്തെ നേരിടുന്ന സമീപനമാണ്​ ബി.ജെ.പി നേതാക്കൾ സ്വീകരിച്ചത്​.

സി.പി.എം
ലക്ഷദ്വീപിൽ നിന്ന്​ വരുന്നത്​ ഗൗരവകരമായ വാർത്തകളാണെന്നായിരുന്നു​ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്​. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്​കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത്​ അംഗീകരിക്കാനാവി​ല്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ്​ നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ​പ്രതികരണം.

രാഷ്ട്രീയ പ്രതികാരത്തിനിരകളാക്കി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടു എളമരീം എം.പി രാഷ്ട്രപതിക്ക് കത്ത് നൽകി. 

ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്ന്​ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പ്രസ്​താവിച്ചു. 

എല്ലാ ജനാധിപത്യ വിശ്വാസികളും ലക്ഷദ്വീപിന് വേണ്ടി അണിനിരക്കണമെന്നും ആ നാട്ടിലെ ജനത സ്വന്തം മണ്ണിൽ രണ്ടാം തരം പൗരന്മാരായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും വി.ശിവദാസൻ എം.പി ​പ്രതികരിച്ചു. പ്രതിഷേധവുമായി എസ്​.എഫ്​.ഐയും രംഗത്തെത്തി.

കോൺഗ്രസ്​
ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന്​ ശശി തരൂർ എം.പി പറഞ്ഞു. 
ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാർമികമായ ഉത്തരവാദിത്തമാണെന്നും ശശി തരൂർ പറഞ്ഞു.

ലക്ഷദ്വീപ് നിവാസികൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ ദുരുദ്ദേശപരമായ നീക്കം അവസാനിപ്പിച്ച് ദ്വീപിൽ കാലാകാലങ്ങളായി നില നിന്നിരുന്ന അവസ്ഥകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്​ ഹൈബി ഈഡൻ എം.പി,​ കെ.സി വേണുഗോപാൽ തുടങ്ങിയവർ എം.പി രാഷ്​ട്രപതിക്ക്​ കത്തെഴുതി. 

പ്രതിഷേധവുമായി എം.പിമാരായ രമ്യഹരിദാസ്​, ടി.എൻ ​പ്രതാപൻ തുടങ്ങിയവരും രംഗത്തെത്തി. ലക്ഷദ്വീപിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധ ശബ്ദം ഉയരണമെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം ഹസൻ അഭിപ്രായപ്പെട്ടു. യൂത്ത്​കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ, കെ.എസ്​.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം അഭിജിത്​ തുടങ്ങിയവരും പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തെ സമഗ്രമായി പ്രതിപാദിക്കുന്ന കുറിപ്പ്​ പങ്കുവെച്ച്​ വി.ടി ബൽറാം പ്രതിഷേധത്തിൽ പങ്കുചേർന്നു.

മുസ്​ലിംലീഗ്​
99 ശതമാനത്തിൽ അധികം മുസ്‌ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പിയെന്ന്​ ഇ.ടി മുഹമ്മദ്​ ബഷീർ എം.പി പ്രസ്​താവിച്ചു. ഇതുമായി ബന്ധപ്പെട്ട്​ പാർലമെൻറിൽ സംസാരിച്ച വിഡിയോയും ഇ.ടി പങ്കുവെച്ചു.  

ജനവികാരം മാനിച്ചുകൊണ്ട് വിവാദ നടപടികൾ പിൻവലിക്കാനും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാനും ഗവൺമെന്റ് അടിയന്തിരനടപടി സ്വീകരിക്കണമെന്ന്​ അബ്​ദുസമദ്​ സമദാനി എം.പി ആവശ്യപ്പെട്ടു.

സമാധാന തുരുത്തിൽ വിഷവിത്ത് വിതക്കരുതെന്നുംലക്ഷദ്വീപ് ജനതക്ക് യൂത്ത് ലീഗ് ഐക്യദാർഢ്യമെന്നും സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ്​ തങ്ങളും സെക്രട്ടറി പി.കെ ഫിറോസും അഭിപ്രായം അറിയിച്ചു. 

ലക്ഷദ്വീപ്​ ഭാഷയിൽ സംസാരിച്ച്​ ടി.വി ഇബ്രാഹീം എം.എൽ.എ ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ഒരു ഫാസിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് പ്രഫുൽ കോദാ ഭായ് പട്ടേൽ ദൃഷ്​ടാന്തമാണെന്ന്​ എം.കെ മുനീർ അഭിപ്രായപ്പെട്ടു. വിദ്യാർഥി വിഭാഗമായ എം.എസ്​.എഫും ​പ്രതിഷേധവുമായി രംഗത്തെത്തി.

സി.പി.ഐ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പുറത്താക്കണമെന്ന്​ സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്​ രാഷ്​ട്രപതിക്ക്​ ബിനോയ്​ വിശ്വം കത്തുനൽകുകയും ചെയ്​തു. 

ബി.ജെ.പി
അതേസമയം ദീപ്​ നിവാസികൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്താനാണ്​ ബി.ജെ.പി നേതാക്കൾ ​ശ്രമിച്ചത്​. നടക്കുന്നതെല്ലാം നുണപ്രചാരണമാണെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. 

ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സുരേന്ദ്ര​ന്റെ പ്രതികരണം. 

ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്നായിരുന്നു ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്​ദുല്ലക്കുട്ടി പറഞ്ഞത്​. 

സംഘ്​പരിവാർ കേന്ദ്രങ്ങൾ ദ്വീപ്​ നിവാസികളെ രാജ്യദ്രോഹികളാക്കിയും ലഹരി മരുന്ന്​ കേന്ദ്രങ്ങളായും ചിത്രീകരിച്ചുള്ള വ്യാച പ്രചാരണങ്ങളും നടത്തുന്നുണ്ട്​. ദ്വീപിലെ ബീഫ്​ നിരോധന വിഷയത്തിലടക്കം കൃത്യമായ ഉത്തരം നൽകാൻ ബി.ജെ.പിക്കായിട്ടില്ല.

Post a Comment

0 Comments