NEWS UPDATE

6/recent/ticker-posts

മലപ്പുറത്തും ബ്ലാക്ക് ഫംഗസ്; രോഗിയുടെ കണ്ണ് നീക്കം ചെയ്തു

തിരൂര്‍: കോവിഡ് രോഗികളെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസെസ് മലപ്പുറം, കോട്ടയം ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തു. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ അറുപത്തി രണ്ടുകാരനെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 
[www.malabarflash.com]

മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. നേരത്തെ കൊല്ലം ജില്ലയിലും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരൂര്‍ സ്വദേശിയുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 25ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ന്യൂമോണിയയും പിടിപെട്ടിരുന്നു. കോവിഡ് ഭേദമായതിനെ തുടര്‍ന്ന് വീട്ടില്‍ പോയി ക്വാറന്റൈനില്‍ തുടര്‍ന്നു. ഇതിനിടെ, കഠിനമായ തലവേദനയും മുഖത്ത് മരവിപ്പും കാഴ്ചയ്ക്കു മങ്ങലും അനുഭവപ്പെട്ടു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

മ്യൂക്കോമിസൈറ്റുകള്‍ എന്ന പൂപ്പലുകള്‍ അന്തരീക്ഷത്തില്‍നിന്ന് മൂക്കിലൂടെ സൈനസുകള്‍ വഴി കണ്ണില്‍ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നു. മിക്ക ബ്ലാക്ക് ഫംഗസ് കേസുകളും ചികിത്സയിലൂടെ മാറാറുണ്ട്. എന്നാല്‍ രോഗം ഗുരുതരമാകുന്ന ചില കേസുകളില്‍ രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Post a Comment

0 Comments