NEWS UPDATE

6/recent/ticker-posts

ഷാര്‍ജയിലെ വായനക്കാരുടെ 'കല്‍പക'യ്ക്ക് ഞായറാഴ്ച ഞായറാഴ്ച പൂട്ടുവീഴും; റോളയിലെ മലയാളികളുടെ പ്രിയപ്പെട്ട അശോകന്‍ 47 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാടണയുന്നു

ഷാർജ: ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും മലയാളികൾക്ക് ആദ്യമായി വർത്തമാന പത്രങ്ങളും വാരികകളും എത്തിച്ച റോള കൽപക ബുക്ക് സ്റ്റാളിനു ഞായറാഴ്ച പൂട്ടുവീഴും. വരും ദിവസങ്ങളിൽ അതൊരു കഫ്റ്റീരിയയായി മാറും.[www.malabarflash.com] 

47 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി കാസർകോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയായ ഉടമ കൽപക അശോകൻ മടങ്ങുന്നതിനാലാണ് ഈ  അക്ഷരക്കൂടാരം ഇല്ലാതാകുന്നത്.

1974 ഓഗസ്റ്റ് 30നാണ് അശോകൻ ഉപജീവനം തേടി യുഎഇയിലെത്തിയത്. ആദ്യത്തെ ഒരു മാസം ദുബൈയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു. തുടർന്ന് ഷാർജയിലെ ഒരു ടെക്സ്റ്റൈൽസിലും സൂപ്പർമാർക്കറ്റിലും പണിയെടുത്തു. പിന്നീട് ജ്യേഷ്ഠൻ ഗംഗാധരനും എത്തി ജോലിയിൽ പ്രവേശിച്ചു. 

രണ്ടുപേരും തങ്ങളുടെ ശമ്പളത്തില്‍ നിന്ന് നാട്ടിലെ കുടുംബത്തിൻ്റെയും തങ്ങളുടെയും ചെലവ് കഴിച്ച് മിച്ചമുള്ളത് കൂട്ടിവച്ചാണ് 1980ൽ ഷാർജയുടെ ഹൃദയഭാഗമെന്നറിയപ്പെടുന്ന റോള സിഗ്നലിനടുത്ത് കൽപക റെഡിമെയ്ഡ്സ് എന്ന കൊച്ചുകട തുടങ്ങുന്നത്.

അന്നു വാരാന്ത്യങ്ങളിലും മറ്റു അവധി ദിനങ്ങളിലും ഷാർജയുടെ വിവിധ ഭാഗങ്ങളിൽ നിന്നു തൊഴിലാളികളും മറ്റും റോളയിലെത്തുമായിരുന്നു. റോള മുത്തശ്ശിയെന്നറിയപ്പെടുന്ന വലിയ ആൽമരത്തിൻ്റെ തണലിൽ അവർ കൂടി നിന്ന് സന്തോഷ സന്താപങ്ങൾ പങ്കിടും. അന്ന് മൊബൈൽ ഫോൺ പോയിട്ട് ലാൻഡ് ലൈൻ പോലും അപൂർവ വസ്തു. 

അന്നുതന്നെ കൽപക ടെക്സ്റ്റൈൽസിന് പോസ്റ്റ് ബോക്സുണ്ടായിരുന്നു. ഇതിലേയ്ക്കായിരുന്നു മലയാളികളെല്ലാം നാട്ടിൽ നിന്ന് കത്തുകൾ വരുത്തിച്ചിരുന്നത്. അതെല്ലാം മലയാളികളുടെ പ്രിയപ്പെട്ട അശോകേട്ടൻ കൃത്യമായി കൈമാറും. അക്ഷരാഭ്യാസമില്ലാത്ത, ചെറുകിട ജോലികൾ ചെയ്തിരുന്നവർക്ക് കത്ത് എഴുതിക്കൊടുത്തും വായിച്ചുകൊടുത്തും പഴയ നാട്ടിലെ പണ്ട് പോസ്റ്റുമാന്മാർ ചെയ്തിരുന്ന സേവനവും നൽകിയിരുന്നു. 

അന്ന് ടെലിവിഷൻ, റേഡിയോ എന്നിവയൊന്നും ഇല്ലാത്തതിനാൽ നാട്ടിലെ വിശേഷങ്ങളറിയാനുള്ള ഏക മാർഗം ഒരാഴ്ചയിലേറെ സമയമെടുത്ത് എത്തിച്ചേരുന്ന കത്തുകൾതന്നെ. പിന്നീട് നാട്ടിൽ ലാൻഡ് ഫോൺ വ്യാപകമായതോടെ റോഡരികിലെ ബൂത്തുകളിൽ നിന്ന് ആളുകൾ ഫോൺ വിളിക്കാൻ തുടങ്ങിയതോടെ കത്തെഴുത്തും ചുരുങ്ങി.

നാട്ടിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയാൻ വഴിയില്ലാതെ വിഷമിച്ചവർ നിരന്തരം കൽപക അശോകനോട് ഒരു കാര്യം അഭ്യർഥിച്ചു: പത്ര മാസികകൾ കൽപക റെഡിമെയ്ഡിൽ വിൽക്കണം. അങ്ങനെയാണ് അതിനുള്ള ലൈസൻസ് കൂടിയെടുത്ത് മലയാളം പത്രമാസികകൾ വിൽപനയാരംഭിച്ചത്.

അന്ന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു മലയാളം പത്രങ്ങൾ യുഎഇയിലെത്തിയിരുന്നത്. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, എക്സ് പ്രസ് തുടങ്ങിയ പ്രധാന പത്രങ്ങളും മനോരമ ആഴ്ചപ്പതിപ്പ്, വനിത, മംഗളം വാരിക, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനയുഗം വാരിക, കേരളാ ശബ്ദം എന്നിവയെ്ക്കുമെല്ലാം നല്ല വായനക്കാരുണ്ടായിരുന്നു. 

പത്രത്തിന് 2 ദിർഹമായിരുന്നു വില. മലയാളത്തിലെ പ്രധാന നോവലുകളും ചെറുകഥാ സമാഹാരങ്ങളും ലേഖനസമാഹാരങ്ങളും ഭാഷാ പഠന സഹായിയുമെല്ലാം ലഭ്യമാക്കി. കാലക്രമേണ റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇല്ലാണ്ടായി കൽപക ഒരു സ്റ്റേഷനറി-ബുക്ക് സ്റ്റാളിലേയ്ക്ക് രൂപപരിണാമം ചെയ്തു. 

മലയാളത്തിലെ ഒട്ടുമിക്ക പത്രമാസികകളും പുസ്തകങ്ങളും ഇവിടെ ഇടം പിടിച്ചു. ഓണം, ക്രിസ്മസ്, പെരുന്നാൾ, വിവാഹമംഗളാശംസാ കാർഡുകളും മലയാളികൾ യഥേഷ്ടം വാങ്ങിയിരുന്നു. ഏതാണ്ട് പത്തു വർഷം മുൻപ് വരെ പത്രമാധ്യമങ്ങളുടെയും പുസ്തകങ്ങളുടെയും വസന്തകാലമായിരുന്നു കൽപകയിലേതെന്ന് അശോകൻ പറയുന്നു.

ഷാർജയിൽ ജോലി ചെയ്തിരുന്ന അന്തരിച്ച സാഹിത്യകാരൻ ടി.വി.കൊച്ചുബാവ കൽപകയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മിക്ക വൈകുന്നേരങ്ങളിലും അദ്ദേഹം അശോകൻ്റെ അരികിലെത്തി നാട്ടുവിശേഷങ്ങൾ കൈമാറി ഒന്നിച്ച് ചായ കുടിച്ചിരിക്കും. രാത്രി പത്ര മാധ്യമങ്ങളുമായി മടങ്ങും. 

ഷാർജയിൽ തന്നെ ജോലി ചെയ്തിരുന്ന എഴുത്തുകാരൻ സുറാബും കൽപക സന്ദർശിക്കുമായിരുന്നു. സുറാബും അശോകനും കാഞ്ഞങ്ങാട് ഇഖ് ബാൽ ഹൈസ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണെന്ന അടുപ്പവുമുണ്ട്. പുതിയ തലമുറയിലും മികച്ച വായനക്കാരുണ്ട്. ഇപ്പോഴും തുച്ഛമായ ശമ്പളത്തിൽ നിന്ന് എല്ലാ ദിവസവും പത്രമാസികകൾ വാങ്ങിക്കുന്നവർ. ഇവർക്കെല്ലാം കൽപകയുടെ അപ്രത്യക്ഷമാകൽ വലിയ നഷ്ടമായിരിക്കുമെന്ന് അശോകനും സമ്മതിക്കുന്നു.

ഗൂഗിൾ മാപ് വരുന്നതിന് മുൻപും ശേഷവും അശോകൻ റോളയിലെത്തുന്നവർക്ക് ഒരു വഴികാട്ടിയായി വർത്തിച്ചു. കടയിൽ എത്ര തിരക്കുണ്ടെങ്കിലും ആരെങ്കിലും വന്ന് വഴിയോ ഏതെങ്കിലും സ്ഥാപനത്തെക്കുറിച്ചോ ചോദിച്ചാൽ അശോകൻ പറഞ്ഞുകൊടുക്കാൻ സമയം കണ്ടെത്തും. കൂടാതെ, ഭക്ഷണം കഴിക്കാതെ വലയുന്നവർക്ക് വാങ്ങിക്കൊടുക്കും. യാത്രാക്കൂലി ഇല്ലാതെ വിഷമിക്കുന്നവരെ സഹായിക്കലും ഒരു മനുഷ്യനെന്ന നിലയ്ക്ക് തൻ്റെ കർത്തവ്യമായി കരുതി.

റോളയിൽ നടന്ന ഒട്ടേറെ സംഭവ വികാസങ്ങൾക്ക് സാക്ഷിയാണിദ്ദേഹം. വ്യത്യസ്തമായ ജീവിതങ്ങളെ അടുത്തറിയാൻ സാധിച്ചു. കൽപക സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഒട്ടേറെ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. ഒരു ദിവസം നെഞ്ചുവേദനയുമായി എത്തിയ ഒരാൾ ക്ലിനിക്ക് തുറക്കുന്നത് കാത്തിരിക്കെ കൺമുൻപിൽ മരിച്ചുവീണത് അശോകന് മറക്കാനാകില്ല.

പ്രവാസ ജീവിതം മടുത്തിട്ടൊന്നുമല്ല അശോകൻ മടങ്ങാൻ തീരുമാനിച്ചത്. വയസ്സ് 67 ആയി. ബാക്കി കാലം സ്വന്തം മണ്ണിൽ ജീവിക്കാനാണ് ആഗ്രഹം. 33 വർഷമായി ഭാര്യ റീജയും ഷാർജയിലുണ്ട്. രണ്ട് മക്കൾ ജനിച്ചതും പഠിച്ചതും ഷാർജയിൽ തന്നെ. 

മൂത്തമകൾ അശ്വിനി ജിത്തു വിവാഹിതയായി കുടുംബത്തോടൊപ്പം ഷാർജയിൽ. മകൻ അങ്കിത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. ജ്യേഷ്ഠൻ ഗംഗാധരനും സഹോദരീ ഭർത്താവ് ബാലനുമായിരുന്നു കൽപകയിൽ കൂട്ട്. ഇരുവരും കുറേ കാലം മുൻപ് തന്നെ പ്രവാസ ജീവിതം മതിയാക്കി മടങ്ങിയിരുന്നു. 

ഓഗസ്റ്റിൽ നാട്ടിലേയ്ക്കു മടങ്ങാനാണ് അശോകൻ തീരുമാനിച്ചിട്ടുള്ളത്. മക്കൾ രണ്ടു പേരും ഇവിടെയുള്ളതിനാൽ, തനിക്കു മികച്ച ജീവിതം സമ്മാനിച്ച ഈ  അറബ് നാട് ഇടയ്ക്കിടെ സന്ദർശിക്കണമെന്ന മോഹവുമായാണു മടക്കം.

കടപ്പാട്: സാദിഖ് കാവില്‍ (മനോരമ)

Post a Comment

0 Comments