Top News

അധ്യാപികയെ കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസിന്റെ വിചാരണ അഡീഷണല്‍(ഒന്ന്) കോടതിയില്‍; ഫയലുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കൈമാറി

കാസര്‍കോട്: മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതിയില്‍ ആരംഭിക്കും.[www.malabarflash.com] 

വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് കാരണം വിചാരണ മാറ്റിവെച്ചു. 

റിയാസ് മൗലവി വധം, സുബൈദ വധം, ജാനകിവധം തുടങ്ങിയ പ്രമാദമായ മറ്റ് കൊലക്കേസുകളുടെ വിചാരണ കൂടി നടക്കേണ്ടതിനാല്‍ രൂപശ്രീ വധക്കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാ കോടതി അഡീഷണല്‍ കോടതിക്ക് കൈമാറുകയായിരുന്നു. ഈ കേസിന്റെ വിചാരണ അഡീഷണല്‍ കോടതിയില്‍ ഉടന്‍ ആരംഭിക്കും.

മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര (40), സുഹൃത്ത് നിരഞ്ജന്‍ (22) എന്നിവരാണ് ഈ കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇരുവര്‍ക്കുമെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

2020 ജനുവരി 18ന് പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. രൂപശ്രീ ജനുവരി 16ന് രാവിലെ സ്‌കൂളിലേക്ക് പോയിരുന്നെങ്കിലും തിരിച്ചുവന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അധ്യാപികയുടെ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയില്‍ കടപ്പുറത്ത് കണ്ടെത്തിയത്. 

രൂപശ്രീ അബദ്ധത്തില്‍ കടലില്‍ വീണ് മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. തുടര്‍ന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 

വെങ്കിട്ടരമണയുടെ വീട്ടിലെ കുളിമുറിയില്‍ രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വെങ്കിട്ടരമണ നിരഞ്ജന്റെ സഹായത്തോടെ രൂപശ്രീയുടെ മൃതദേഹം കാറില്‍ കടത്തിക്കൊണ്ടുപോയി കടലില്‍ തള്ളുകയായിരുന്നു. 

ഭര്‍ത്താവും മക്കളുമുള്ള രൂപശ്രീക്ക് വെങ്കിട്ടരമണയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം നിലനില്‍ക്കെ രൂപശ്രീ മറ്റൊരാളുമായി അടുപ്പത്തിലായെന്നും ഇതില്‍ നിന്നും പിന്‍മാറാന്‍ വെങ്കിട്ടരമണ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post