Top News

നഴ്സിങ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം; അന്വേഷണം അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നതായി മാതാപിതാക്കള്‍

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥിനിയായ മകള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കള്‍. 2021 ഫെബ്രുവരി എട്ടിന് രാത്രി ഏഴോടെയാണ് റാന്നി-പെരുനാട് പുതുക്കട ചെമ്പാലൂര്‍ ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]


പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ അസ്വഭാവികമായ ചില മൊബൈല്‍ സന്ദേശങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് പോലിസ് ആദ്യം നിര്‍ദ്ദേശിച്ചതായി പറയുന്നു.

എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമാര്‍ട്ടത്തിന് മൃതദേഹം അയയ്ക്കാനുള്ള തീരുമാനം പിന്നീട് മാറ്റുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തുകയുമായിരുന്നു. ഇതിന് പിന്നില്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ മാതാവ് ആശ ടി ഉത്തമനും ആരോപിക്കുന്നു.

തുടര്‍ന്ന് മകളുടെ സുഹൃത്തുകളില്‍ ചിലരും ആത്മഹത്യയില്‍ സംശയം ഉയര്‍ത്തി.

സ്‌കൂള്‍ കാലഘട്ടത്തിലെ സഹപാഠിയുമായി പ്രണയത്തില്‍ അകപ്പെട്ട മകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി പിതാവ് അനൂപ് റാന്നി-പെരുനാട് പോലിസ് സ്റ്റേഷനില്‍ 18ന് പരാതി നല്‍കി.

പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന പൂവത്തുംമൂട് സ്വദേശിയും എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യുവാവും, യുവാവിന്റെ അധ്യാപികയായിരുന്ന മാതാവും കുലം പറഞ്ഞ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. പഠനത്തിലും കലാരംഗത്തും മികച്ച നിലവാരം പുലര്‍ത്തിയിരുന്ന മകള്‍ ബ്ലാക്ക് മെയിലിങ്ങിന് വിധേയമായതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.

ഇതോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും ഡയറിയും പോലിസ് പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ പരാതി സ്വീകരിച്ച പെരുനാട് പോലിസ് തുടര്‍നടപടികള്‍ക്ക് മുതിരുന്നില്ലെന്ന് അനൂപ് പറയുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനക്ക് വിധേയമാക്കുന്നതുള്‍പ്പെടെ ശാസ്ത്രീയവും നീതിപൂര്‍വവുമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കി.

സംഭവത്തിന് മുമ്പ് കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും പരിശോധിച്ചാല്‍ മകളുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്താനാകുമെന്നും പരാതിയില്‍ പറയുന്നു. പാറശാല സരസ്വതിയമ്മ കോളജ് ഓഫ് നഴ്സിങിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യചെയ്ത അക്ഷയ.

Post a Comment

Previous Post Next Post