Top News

അസീസിന്റെ മരണം; ദൃശ്യം ചിത്രീകരിച്ച ഫോണ്‍ പിടിച്ചെടുത്തു; ഡോക്ടറെ ചോദ്യം ചെയ്യും

വടകര: നാദാപുരത്തെ പതിനാറുകാരന്‍ അസീസിന്റെ മരണത്തില്‍ ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സഹോദരിയുടെ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഇതിന് പുറമേ അസീസിന്റെ മരണദിവസം വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതായും വടകര റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസ് പറഞ്ഞു.[www.malabarflash.com]


അടുത്തതായി അസീസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് മരണത്തില്‍ പുനഃരന്വേഷണം ആരംഭിച്ചത്.

2020 മേയ് 17നായിരുന്നു അസീസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസില്‍ അന്വേഷണം നടന്നെങ്കിലും ആ സമയത്ത് പുറത്തുവരാത്ത വീഡിയോ, ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ എങ്ങനെ പുറത്തുവന്നുയെന്നാണ് നാട്ടുകാരുടെ ചോദ്യം.

അസീസിനെ സഹോദരന്‍ മര്‍ദ്ദിക്കുമ്പോള്‍, അതേ മുറിയില്‍ ഉണ്ടായിരുന്നത് ആരാണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
അസീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി പിടയുമ്പോള്‍, അതിന് തടസം പറയാതെ, വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആ വ്യക്തി. സംഭവസമയത്ത് അസീസിന്റെ പിതാവ്, രണ്ടാനമ്മ, സഹോദരന്‍ എന്നിവരെ കൂടാതെ ബന്ധുവായ ഒരു ചെറുപ്പക്കാരന്‍ കൂടി അവിടെയുണ്ടായിരുന്നു. ദൃശ്യങ്ങളില്‍ കാണുന്ന സഹോദരന്‍ ഇപ്പോള്‍ വിദേശത്താണ്.

രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് നാദാപുരത്തെ പതിനാറുകാരന്‍ അസീസ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടാനമ്മയില്‍ നിന്ന് നിരന്തരം പീഡനം നേരിട്ടിരുന്നതായി അസീസ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിനിടെ സംഭവദിവസത്തെ വീഡിയോ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗമായ യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി മരിച്ച ദിവസത്തെ അതേ വേഷമാണ് വീഡിയോയിലുള്ളതെന്ന് ഇയാള്‍ വ്യക്തമാക്കി.

സഹോദരന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മരണത്തിന്റെ ദുരൂഹത ഏറിയത്.

Post a Comment

Previous Post Next Post