Top News

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഐഎം

തിരുവനന്തപുരം: ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഐഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ ഉറപ്പായും ജയിക്കും. വലിയ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ 95 സീറ്റുകള്‍ വരെ നേടാം.[www.malabarflash.com]


തിരുവനന്തപുരത്ത് നേമം ഉള്‍പ്പടെ വിജയിക്കുമെന്നാണ് ജില്ലാനേതൃത്വത്തിന്റെ കണക്ക്. അരുവിക്കര എല്‍ഡിഎഫ് പിടിച്ചെടുക്കും. തിരുവനന്തപുരവും കോവളം ഒഴികെയുള്ള ബാക്കി 12 ഇടത്തും ഇടതുപക്ഷം വിജയം ഉറപ്പാണെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കൊല്ലം ജില്ലയിലെ കഴിഞ്ഞ തവണ എല്ലാ സീറ്റിലും വിജയിച്ച ഇടതുമുന്നണി ഇത്തവണ കരുനാഗപ്പള്ളി, ചവറ, സീറ്റുകളിലെ അട്ടിമറി സാധ്യത തള്ളികളയുന്നില്ല. കുണ്ടറ, കൊല്ലം മണ്ഡലങ്ങളില്‍ മത്സരം ശക്തമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.

കോട്ടയം ജില്ലയില്‍ നാലുസീറ്റ് ഉറപ്പിച്ചു പറയുമ്പോള്‍ 2 സീറ്റുകള്‍ അധികമായി നേടാമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. എറണാകുളത്ത് കളമശ്ശേരിയിലാണ് അട്ടിമറിവിജയം പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് ഉറപ്പുള്ള ജയമായി സിപിഐഎം കണക്കാക്കിയിട്ടില്ല. പാലക്കാട് കടുത്തമത്സരം നടന്ന തൃത്താലയില്‍ എം.ബി. രാജേഷ് 2000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ കണക്ക്. തൃശ്ശൂരില്‍ വടക്കാഞ്ചേരിയടക്കം നേടാനാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്ക്.

അതേസമയം, തൃശ്ശൂര്‍ സീറ്റില്‍ അത്ര ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നില്ല. കോഴിക്കോട് ജില്ലയിലെ വടകര ജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെങ്കിലും, അട്ടിമറിസാധ്യതയും തള്ളുന്നില്ല. വയനാട്ടില്‍ യു.ഡി.എഫ് മണ്ഡലമായ സുല്‍ത്താന്‍ ബത്തേരി പിടിച്ചെടുക്കാന്‍ കഴിയുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. കണ്ണൂരില്‍ അഴീക്കോട്, പേരാവൂര്‍ സീറ്റുകള്‍ പിടിച്ചെടുക്കാനാകുമെന്നും കാസര്‍കോടും കോഴിക്കോടും വയനാട്ടിലും നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുമെന്നുമാണ് സിപിഐഎമ്മിന്റെ ആദ്യഘട്ട വിലയിരുത്തല്‍.

പ്രതീക്ഷിച്ചതിലും കടുത്ത മത്സരം പലമണ്ഡലങ്ങളിലും നടന്നു. അടിയൊഴുക്കുകള്‍ ജയപരാജയം നിര്‍ണയിക്കുന്ന മണ്ഡലങ്ങളും ഏറെയാണ്. ബി.ജെ.പി മുമ്പൊരിക്കലും ഇല്ലാത്തവിധം ബൂത്തുതലത്തില്‍ സജീവമായിരുന്നുവെന്നും ജില്ലാ റിപ്പോര്‍ട്ടിംഗില്‍ അഭിപ്രായം ഉണ്ടായി. യു.ഡി.എഫിന് ബൂത്ത് ഏജന്റുമാരില്ലാത്ത സ്ഥലത്തുപോലും, ബി.ജെ.പി. ആളെനിര്‍ത്തി. ചില മണ്ഡലങ്ങളില്‍ ബി.ജെ.പി നേടുന്ന അധികവോട്ടുകള്‍ യു.ഡി.എഫിന് തിരിച്ചടിയാകുമെന്നുമാണ് സിപിഐഎം പ്രതീക്ഷ.

Post a Comment

Previous Post Next Post